June 04, 2026 |
Share on

ഒരു സമാധാന നൊബേല്‍ ജേതാവ് നേരിടുന്ന ക്രൂരതകള്‍; ഇറാന്‍ തടവറ കടന്നെത്തിയ അനുഭവ കുറിപ്പുകള്‍

മരണത്തോട് മല്ലടിച്ച് കഴിയുകയാണ് നര്‍ഗീസ് മുഹമ്മദി

ഇറാനിലെ ജയിലറകളില്‍ നടക്കുന്ന ക്രൂരതകള്‍ പലതവണ ലോകം അറിഞ്ഞിട്ടുള്ളതാണ്. പുറത്ത് വലിയൊരു യുദ്ധത്തെ നേരിടുമ്പോഴും ടെഹ്‌റാന്‍ ഇപ്പോഴും തടവറകളിലിട്ട് തങ്ങളുടെ ‘ ആഭ്യന്തര ശത്രു’ക്കളെ മനുഷ്യത്വരഹിതമായി പീഢിപ്പിക്കുകയാണ്. അതിന്റെ പുതിയ തെളിവുകളും പുറത്തുവന്നു. ഇത്തവണ, ഒരു സാധാരണക്കാരന്റെ അനുഭവ വിവരണങ്ങളല്ല ലോകത്തിന്റെ ചെവിയില്‍ എത്തിയിരിക്കുന്നത്. സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം നേടിയൊരു സ്ത്രീയുടെതാണ്. മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയുന്ന നര്‍ഗീസ് മുഹമ്മദിയുടെ കുറിപ്പുകളാണവ.

നര്‍ഗീസ് മുഹമ്മദി, താന്‍ നേരിടുന്ന അതിക്രൂരമായ ഏകാന്ത തടവിനെക്കുറിച്ചും തടവറയ്ക്കുള്ളില്‍ ബോധപൂര്‍വം നടക്കുന്ന ചികിത്സാ നിഷേധത്തെക്കുറിച്ചും വിവരിക്കുന്ന ഹൃദയഭേദകമായ കുറിപ്പുകളാണ് പുറത്തുവന്നത്. ഇറാന്‍ ജയിലില്‍ നിന്ന് രഹസ്യമായി കടത്തിയ ഈ കുറിപ്പുകള്‍, സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന നര്‍ഗീസിന്റെ ‘എ വുമണ്‍ നെവര്‍ സ്റ്റോപ്‌സ് ഫൈറ്റിംഗ്’ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ ഭാഗമാണ്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നര്‍ഗീസ് മുഹമ്മദി നേരിടുന്ന ക്രൂരമായ പീഡനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം നല്‍കുന്നത്.

പതിറ്റാണ്ടുകളായി തടവറയില്‍ കഴിയുന്ന നര്‍ഗീസ്, മര്‍ദ്ദനങ്ങള്‍, നിരന്തരമായ ചോദ്യം ചെയ്യലുകള്‍, വൈദ്യസഹായം നിഷേധിക്കല്‍, നീണ്ടകാലത്തെ ഏകാന്ത തടവ് എന്നിവയെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ‘രോഗവും തടവും ഒരേസമയം അനുഭവിക്കുന്നതിനേക്കാള്‍ വലിയ ദുരിതം മറ്റൊന്നില്ല. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കൊലക്കയറുകള്‍ എല്ലായ്‌പ്പോഴും ആവശ്യമില്ല, ചിലപ്പോള്‍ അവര്‍ മനുഷ്യശരീരം തകരുന്നതുവരെ കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്,’ എന്ന് അവര്‍ വേദനയോടെ എഴുതിയിരിക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ജയില്‍ മുറിക്കുള്ളില്‍ ബോധരഹിതയായി വീണ നര്‍ഗീസിന്റെ നില നിലവില്‍ അതീവ ഗുരുതരമാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് തളര്‍ന്നുപോയ അവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന കുടുംബത്തിന്റെയും ഡോക്ടര്‍മാരുടെയും ആവശ്യങ്ങള്‍ ഇറാന്‍ ഭരണകൂടം നിരന്തരം നിരാകരിച്ചു. 20 കിലോയോളം ഭാരം കുറഞ്ഞ അവര്‍ ഇപ്പോള്‍ സന്‍ജാനിലെ ഒരു ചെറിയ പ്രാദേശിക ആശുപത്രിയില്‍ ഭരണകൂടത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് കഴിയുന്നത്. ഉചിതമായ ചികിത്സ നല്‍കാത്ത നടപടി ഒരു ‘അദൃശ്യമായ വധശിക്ഷ’യ്ക്ക് തുല്യമാണെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി സഹതടവുകാരും സന്ദര്‍ശകരും വഴി അതീവ രഹസ്യമായാണ് ഈ കുറിപ്പുകള്‍ പുറത്തെത്തിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ പലതവണ ഇവ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍, ഓരോ വട്ടവും പുനരാവിഷ്‌കരിച്ചാണ് ഈ പുസ്തകം പൂര്‍ത്തിയാക്കിയത്. ശ്വാസകോശത്തിലെ തകരാറുകള്‍, അപസ്മാരം, അണുബാധകള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജയിലിലെ പീഡനങ്ങള്‍ മൂലം നര്‍ഗീസ് നേരിടുന്നുണ്ട്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയതിനും വധശിക്ഷയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും 14 തവണയാണ് നര്‍ഗീസ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആകെ 44 വര്‍ഷത്തെ തടവിനും 154 ചാട്ടവാറടികള്‍ക്കും അവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2023-ല്‍ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇറാനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തടവിലിരിക്കെയാണ് ലോകം അവരെ നോബല്‍ സമ്മാനം നല്‍കി ആദരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട നര്‍ഗീസിന്റെ ഓരോ നിമിഷവും ഇപ്പോള്‍ മരണവുമായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.

Content Summary: Smuggled notes of Nobel laureate Narges Mohammadi, describing the brutalities in Iranian prisons. Human Rights violation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×