റോബോട്ട് ആത്മഹത്യയ്ക്ക് സാക്ഷ്യം വഹിച്ച് ദക്ഷിണ കൊറിയ
രാജ്യത്തെ ആദ്യത്തെ റോബോട്ട് ആത്മഹത്യയ്ക്ക് സാക്ഷ്യം വഹിച്ച് ദക്ഷിണ കൊറിയ. ഗുമി സിറ്റി കൗൺസിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. റോബോട്ട് അപ്രതീക്ഷിതമായി രണ്ട് മീറ്റർ ഉയരമുള്ള ഗോവണിയിൽ നിന്ന് വീഴുകയും പ്രവർത്തനരഹിതമാവുകയുമായിരുന്നു. ഇതാണ് പ്രദേശ വാസികൾ റോബോട്ട് ആത്മഹത്യയായി പറയുന്നത്.
ജൂൺ 20 ന് വൈകുന്നേരം 4 മണിയോടെ ‘റോബോട്ട് സൂപ്പർവൈസർ’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് അപ്രതീക്ഷിതമായി തകരാറിലാവുകയും ഗോവണിയിൽ നിന്ന് വീണ് പ്രവർത്തനരഹിതമാവുകയുമായിരുന്നുവെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയർ റോബോട്ടിക്‌സ് എന്ന കമ്പനിയാണ് റോബോട്ട് നിർമ്മിച്ചത്, സിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ തകർന്ന റോബോട്ടിൻ്റെ ഭാഗങ്ങൾ കൂടുതൽ അന്വേഷങ്ങൾക്കായി കമ്പനിക്ക് അയച്ചു, എന്നാൽ റോബോട്ട് തകരാറിലയത്തിന്റെ പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. മറ്റ് ജീവനക്കാരെപ്പോലെ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് റോബോട്ടിന്റെ ജോലി സമയം. മറ്റ് റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി, ഈ റോബോട്ടിന് കെട്ടിടത്തിലെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു.
റോബോട്ട് ‘ പ്രതിദിന ഡോക്യുമെൻ്റ് ഡെലിവറി, സിറ്റി പ്രൊമോഷൻ, എന്നീ ജോലികളിലാണ് സഹായിച്ചിരുന്നത് എന്നും ഔദ്യോഗികമായി സിറ്റി ഹാളിൻ്റെ ഭാഗമായിരുന്നുവെന്നും ഗുമി സിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ, റോബോട്ട് സൂപ്പർവൈസറെ മാറ്റിസ്ഥാപിക്കാൻ പദ്ധതിയില്ലെന്നാണ് അധികൃതർ പറഞ്ഞത്.
ഇതാദ്യമായല്ല റോബോട്ട് അപ്രതീക്ഷിതമായി തകരാറിലായി ആത്മഹത്യ ചെയ്യുന്നത്. 2017 ൽ, വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടായിരുന്ന സ്റ്റീവ് എന്ന സുരക്ഷാ റോബോട്ട് ഫൗണ്ടൈനിൽ മുങ്ങി ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ജോലിഭാരം മൂലമാണ് റോബോട്ട് ആത്മഹത്യ ചെയ്തത് എന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവുമധികം റോബോട്ടുകൾ ഉപയോഗിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ഒരോ പത്ത് ജീവനക്കാർക്കും ഒരു ഇൻഡസ്ട്രിയൽ റോബോട്ട് എന്ന നിലയിൽ ദക്ഷിണ കൊറിയയിൽ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സ് വ്യക്തമാക്കുന്നത്.
content summary ; First case of robot suicide in South Korea