ദക്ഷിണ കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ ഫൈറ്റര്‍ ജെറ്റില്‍ നിന്ന് അബദ്ധത്തിലുണ്ടായ ബോംബ് വീഴ്ചയെ തുടര്‍ന്ന് ഏഴ് പ്രദേശവാസികള്‍ക്ക് പരിക്ക്. എട്ട് ബോംബുകളാണ് തെറ്റായ സ്ഥലങ്ങളില്‍ പതിച്ചത്. നാല് പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റിട്ടുണ്ടെന്നും മൂന്ന് പേര്‍ക്ക് കാര്യമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാഷണ്ല്‍ ഫയര്‍ ഏജന്‍സി അറിയിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ വ്യോമസേന ക്ഷമാപണം നടത്തിയിട്ടുണ്ട്.
ഒരു കെഎഫ്-16 ജെറ്റില്‍ നിന്ന് എട്ട് എംകെ-82 ബോംബുകള്‍ അബദ്ധത്തില്‍ ഫയര്‍ റേഞ്ചിന് പുറത്ത് പതിച്ചിരുന്നു. സംഭവത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേതായി അറിഞ്ഞതില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും വ്യോമസേന അറിയിച്ചു.
വടക്കന്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ പോച്ചിയോണ്‍ എന്ന സ്ഥലത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഒരു പ്രതികരണ കമ്മിറ്റിയെ വ്യോമസേന രൂപീകരിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആര്‍മിയും വ്യോമസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയര്‍ അഭ്യാസത്തില്‍ കെഎഫ്-16 ജെറ്റും ഉള്‍പ്പെടുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി. യുഎസുമായി ദക്ഷിണ കൊറിയ സംയുക്ത ലൈവ് ഫയര്‍ അഭ്യാസം പോച്ചിയോണില്‍ നടത്തിയതായി ദക്ഷിണ കൊറിയന്‍ മാധ്യമമായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ബോംബുകള്‍ ഗ്രാമത്തില്‍ പതിച്ചതെന്ന് നാഷണല്‍ ഫയര്‍ ഏജന്‍സി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികളെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒരു ആരാധനാലയത്തിനും കുറച്ച് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നാഷണല്‍ ഫയര്‍ ഏജന്‍സി വ്യക്തമാക്കി.
ഈ വര്‍ഷത്തെ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫ്രീഡം ഷീല്‍ഡ് അഭ്യാസങ്ങള്‍ ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയയും യുഎസും വ്യാഴാഴ്ച അറിയിച്ചു. എന്നാല്‍ ചെറിയ ജോയിന്റ് ഡ്രില്ലുകള്‍ നേരത്തെ തന്നെ ആരംഭിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത സൈനിക അഭ്യാസങ്ങളുടെ ഭാഗമായി 28500 സൈനികരാണ് നിലവില്‍ ദക്ഷിണ കൊറിയയിലുള്ളത്.
എല്ലാ വര്‍ഷവും യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താറുണ്ട്. സംയുക്ത സൈനികാഭ്യാസങ്ങളെ യുദ്ധത്തിനുള്ള തയ്യാറെടുപ്പെന്ന് ഉത്തര കൊറിയ വിമര്‍ശിച്ചു. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള ഫ്രീഡം ഷീല്‍ഡ് അഭ്യാസങ്ങള്‍ കാരണം ട്രംപ് ഉത്തര കൊറിയയോട് ശത്രുത വെച്ചുപുലര്‍ത്തുന്നുവെന്ന് ആരോപിച്ച ഉത്തര കൊറിയ തങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Content Summary: South Korea military exercise, Accidental bomb falls Seven locals injured
south korea military jet bombs military drill