ദക്ഷിണ കൊറിയയില്‍ വിമാനാപകടം. 28 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ലാന്‍ഡിംഗ് സമയത്തുണ്ടായ അപകടമാണ്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അപകടം. റണ്‍വേയില്‍ നിന്നും പുറത്തേക്ക് കുതിച്ച വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് തകരുകയായിരുന്നു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നും തിരിച്ചു വന്ന ജെജു എയര്‍ ഫ്‌ളൈറ്റ് 2216 ആണ് അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ 181 പേര്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരങ്ങള്‍ പങ്കുവച്ച യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമായിട്ടില്ലെങ്കിലും, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ബോയിംഗ് 737-800 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്ന് പൈലറ്റ് ബെല്ലി ലാന്‍ഡിംഗിന് ശ്രമിച്ചിരുന്നുവെന്നും യോന്‍ഹാപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രവര്‍ത്തിക്കാത്ത ഗിയറുമായി ലാന്‍ഡിംഗിന് ശ്രമിച്ചുവെങ്കിലും, സ്പീഡ് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ നിയന്ത്രണം തെറ്റിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ചുറ്റുമതിലില്‍ ചെന്നിടിക്കുകയായിരുന്നു. അടിയന്തര ലാന്‍ഡിംഗ്് ശ്രമത്തില്‍, റണ്‍വേ അവസാനിക്കുന്നിടത്ത് എത്തിയിട്ടും വിമാനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിമാനം റണ്‍വേയുടെ അറ്റത്തുള്ള മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഇതോടെ വിമാനത്തിന്റെ ഫ്യൂസ്‌ലേജിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും തീ പടരുകയുമായിരുന്നുവെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെജു എയര്‍ വിമാനം ആദ്യമൊരു തവണ ലാന്‍ഡിംഗിന് ശ്രമിച്ചിരുന്നുവെങ്കിലും വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ (വീലുകള്‍) ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ലാന്‍ഡിംഗ് ഉപേക്ഷിച്ചു വീണ്ടും ടേക്ക് ഓഫ് ചെയ്യേണ്ടിവന്നു((‘ഗോ-എറൗണ്ട്’) എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെടുമ്പോള്‍ പൈലറ്റുമാര്‍ ഗോ-എറൗണ്ട് ചെയ്ത് വീണ്ടും ലാന്‍ഡിംഗിനായി ശ്രമിക്കുന്നത് പതിവാണ്. പക്ഷി ഇടിച്ചതാണ് ലാന്‍ഡിംഗ് ഗിയറിനെ തകരാറിലാക്കിയതെന്ന് കണക്കു കൂട്ടുമ്പോഴും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. South Korea plane crash at least 28 killed
Content Summary; South Korea plane crash at least 28 killed