April 19, 2025 |

ഇംപീച്ച്മെന്റ് ചെയ്യപ്പെട്ട സൗത്ത് കൊറിയന്‍ പ്രസിഡന്റിനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്

ഇനി അദ്ധേഹത്തിന് പ്രസിഡന്റായി തുടരാൻ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്

ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ ജയിൽ മോചിതനാക്കാൻ ദക്ഷിണ കൊറിയൻ കോടതി ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച്ച കോടതി വിധി പ്രഖ്യാപിച്ചതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിസംബർ മൂന്നിലെ സൈനിക നിയമവുമായി ബന്ധപ്പെട്ടായിരുന്നു ജനുവരിയിൽ യൂണിനെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ വധശിക്ഷയോ, ജീവപര്യന്തമോ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഡിസംബറിൽ പ്രസിഡന്റ് യൂനിനെ ഇംപീച്ച് ചെയ്യുന്നതിനായി നിയമ നിർമാതാക്കൾ വോട്ട് ചെയ്തിരുന്നു. ഇനി അദ്ധേഹത്തിന് പ്രസിഡന്റായി തുടരാൻ കഴിയുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

കോൺസ്റ്റിറ്റിയൂഷണൽ കോടതി യൂനിന്റെ ഇംപീച്ച്‌മെന്റ് ശെരി വക്കുകയാണെങ്കിൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും രണ്ട് മാസത്തിനകം തന്നെ മറ്റൊരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്യും.

രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൻ സൂക് യോലിനെ പാർലമെൻറ് ഇംപീച്ച് ചെയ്യുകയായിരുന്നു. 300 അംഗ പാർലമെൻറിൽ 204 അംഗങ്ങൾ പ്രസിഡൻറിന് എതിരായി വോട്ട് ചെയ്തു. ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം ബഹിഷ്‌കരിച്ചിരുന്നു. പക്ഷേ പ്രസിഡൻറിൻറെ പാർട്ടി അംഗങ്ങളും അദ്ദേഹത്തിന് എതിരായി വിധിയെഴുതുകയായിരുന്നു.

പ്രസിഡൻറിനെതിരെ പ്രതിഷേധിച്ചു കൊണ്ട് പതിനായിരങ്ങളായിരുന്നു തെരുവുകളിൽ അണിനിരന്നത്. ഇംപീച്ച്മെൻറ് വോട്ടെടുപ്പ് നടന്നപ്പോൾ ജനക്കൂട്ടം പാർലമെൻറിന് ചുറ്റും തടിച്ചുകൂടിയിരുന്നു. ഡിസംബർ മൂന്നിനാണ് ദക്ഷിണ കൊറിയയിൽ പ്രസിഡൻറ് യൂൻ സുക് യോൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ ആറു മണിക്കൂറിനകം ഇത് പിൻവലിച്ചിരുന്നു ഇംപീച്ച് ചെയ്തതോടെ പ്രസിഡൻറിൻറെ അധികാരങ്ങൾ റദ്ദാക്കപ്പെട്ടു. ഇംപീച്ച്മെൻറിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയിൽ 7 അംഗങ്ങൾ തീരുമാനം ശരിവച്ചാൽ പ്രസിഡൻറ് പുറത്താകും. മറിച്ചാണെങ്കിൽ അധികാരം നിലനിർത്താം.

നേരത്തേ പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡൻ്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്. ഒരു ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കം നിലനിൽക്കെയായിരുന്നു പ്രസിഡന്റിന്റെ ഈ നീക്കം.

‘ഉത്തരകൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് ലിബറൽ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു’ എന്നായിരുന്നു അന്നത്തെ തത്സമയ ടെലിവിഷൻ സംപ്രേഷണത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രസിഡൻ്റ് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച വൂൺ രാജ്യത്തെ ലിബറൽ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.

content summary; A South Korean court has canceled President Yoon’s detention as the insurrection case continues

Leave a Reply

Your email address will not be published. Required fields are marked *

×