കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരണം. നിലവില്‍ അറബികടലില്‍ കേരള തീരത്ത് മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് കരയിലേക്ക് എത്തിയാല്‍ കേരളത്തില്‍ പ്രത്യേകിച്ച് തീരദേശ-ഇട നാടുകളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. തിരുവനന്തപുരം തീരമേഖലയില്‍ പടിഞ്ഞാറന്‍ കാറ്റ് ആണെങ്കിലും ദുര്‍ബലമാണ്. മധ്യ കേരളത്തില്‍ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക്, വടക്ക് പടിഞ്ഞാറ് ആണ്. കാര്യമായ വേഗതയില്ല. വരും മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിച്ചാല്‍ കേരളത്തിന്റെ തീരദേശ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വരുന്ന ഏഴ് ദിവസം ഇടിയും മിന്നലും മഴയ്‌ക്കൊപ്പമുണ്ടാമെന്ന മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു കനത്ത മഴ പെയ്യുന്നതിനാല്‍ മെയ് മാസത്തില്‍ അധിക മഴയാണ് ലഭിച്ചത്.കഴിഞ്ഞ വര്‍ഷം എട്ട് ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. എന്നാല്‍ ഇത്തവണ രണ്ട് ദിവസം നേരത്തെയാണ് എത്തുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ജൂണ്‍ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ജൂണ്‍ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ജൂണ്‍ 5ഓടെ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂണ്‍ വ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്.
English summary: Southwest monsoon set to arrive early, Kerala coast braces for early onset