June 12, 2026 |
Share on

ലോക വിപണി കീഴടക്കാന്‍ സ്‌പേസ് എക്‌സ്; ലോകത്തിലെ ആദ്യ ‘ട്രില്യണെയര്‍’ ആകാന്‍ മസ്‌ക്

സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥാപിച്ച ഐ.പി.ഒ റെക്കോര്‍ഡാണ് സ്പേസ് എക്സ് തകര്‍ക്കുന്നത്‌

ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി വില്‍പനയ്ക്ക് (ഐപിഒ) തയ്യാറെടുത്ത് എലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ്. കമ്പനിയുടെ ഒരു ഓഹരിക്ക് 135 ഡോളര്‍ (ഏകദേശം 12,800-ല്‍ അധികം രൂപ) എന്ന നിരക്കില്‍ 55 കോടിയിലധികം ഓഹരികള്‍ വില്‍ക്കാനാണ് ഔദ്യോഗിക തീരുമാനം. ഇതിലൂടെ വിപണിയില്‍ നിന്ന് മാത്രം ഏകദേശം 75 ബില്യണ്‍ ഡോളര്‍(6.3 ലക്ഷം കോടി രൂപ) സമാഹരിക്കാന്‍ കമ്പനിക്ക് സാധിക്കും. ഇതോടെ സ്‌പേസ് എക്‌സിന്റെ ആകെ മൂല്യം 1.77 ട്രില്യണ്‍ ഡോളറായി(148.6 ലക്ഷം കോടി) ഉയര്‍ന്നു.

2019-ല്‍ സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥാപിച്ച ഐ.പി.ഒ റെക്കോര്‍ഡാണ് സ്‌പേസ് എക്‌സ് ഇതോടെ തകര്‍ത്തത്. അരാംകോ 29 ബില്യണ്‍ ഡോളറായിരുന്നു അന്ന് വിപണിയില്‍ നിന്ന് സമാഹരിച്ചത്. വെള്ളിയാഴ്ച മുതല്‍ ‘SPCX’ എന്ന ചിഹ്നത്തില്‍ സ്‌പേസ് എക്‌സ് ഓഹരികള്‍ വിപണിയില്‍ വ്യാപാരം ആരംഭിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ ബഹിരാകാശ കമ്പനി പൊതുവിപണിയിലേക്ക് എത്തുന്നതോടെ സിലിക്കണ്‍ വാലിയിലും വാള്‍സ്ട്രീറ്റിലും വന്‍ സാമ്പത്തിക ചലനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ക്ലോഡ് ചാറ്റ്‌ബോട്ടിന്റെ നിര്‍മാതാക്കളായ ആന്ത്രോപിക് , ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്നീ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളും ഐ.പി.ഒയ്ക്കായുള്ള പ്രാഥമിക അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞു. ഒരു ട്രില്യണ്‍ ഡോളറോളം മൂല്യമുള്ള ഈ കമ്പനികള്‍ കൂടി എത്തുന്നതോടെ വിപണി ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാകും കുറിക്കപ്പെടുക.

ഈ ഓഹരി വിപണി പ്രവേശനത്തോടെ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് വിഹിതത്തിന്റെ മൂല്യം മാത്രം 860 ബില്യണ്‍ ഡോളറായി(72.24 ലക്ഷം കോടി) ഉയരും. വരും ദിവസങ്ങളില്‍ ഓഹരി വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായാല്‍ പോലും, 54 കാരനായ മസ്‌കിന് ലോകത്തിലെ ആദ്യത്തെ ‘ട്രില്യണെയര്‍’ (ലക്ഷം കോടീശ്വരന്‍) എന്ന പദവി കൈവരിക്കാനാകും. മസ്‌കിന്റെ നിക്ഷേപക സുഹൃത്തുക്കള്‍ക്കും വന്‍കിട കമ്പനികള്‍ക്കും പുറമെ, സ്‌പേസ് എക്‌സിലെ നിലവിലുള്ളതും മുന്‍കാലങ്ങളിലുമുള്ള നാലായിരത്തിലധികം ജീവനക്കാരും ഈ ഐ.പി.ഒയിലൂടെ മില്യണെയര്‍മാരായി മാറുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏകദേശം 400 പേര്‍ക്കെങ്കിലും 100 മില്യണ്‍ ഡോളറിലധികം നേടാനാകും.

2002-ല്‍ സ്ഥാപിതമായ സ്‌പേസ് എക്‌സ്, ഭാഗികമായി വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളിലൂടെയും സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിലൂടെയും ബഹിരാകാശ മേഖലയെ മാറ്റിമറിച്ച കമ്പനിയാണ്. അടുത്തിടെ മസ്‌കിന്റെ എ.ഐ കമ്പനിയായ xAI-യെ സ്‌പേസ് എക്‌സ് ഏറ്റെടുത്തിരുന്നു. നാസ ഉള്‍പ്പെടെയുള്ള യു.എസ് സര്‍ക്കാര്‍ ഏജന്‍സികളുമായി കരാറുള്ള സ്‌പേസ് എക്‌സിന്റെ സാമ്പത്തിക വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് ഐ.പി.ഒ പ്രോസ്‌പെക്ടസിലൂടെ ആദ്യമായി പുറത്തുവിട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 33 ശതമാനം വര്‍ദ്ധനവ് (18.7 ബില്യണ്‍ ഡോളര്‍) ഉണ്ടായെങ്കിലും, എ.ഐ മേഖലയിലെ വലിയ നിക്ഷേപങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 4.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

ഈ നഷ്ടക്കണക്കുകള്‍ ചില നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ബഹിരാകാശത്ത് എ.ഐ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുമെന്നും ചന്ദ്രനില്‍ ഫാക്ടറികള്‍ നിര്‍മിക്കുമെന്നുമുള്ള മസ്‌കിന്റെ പ്രഖ്യാപനങ്ങള്‍ പ്രായോഗികമാണോ എന്ന് പല സാമ്പത്തിക വിദഗ്ദ്ധരും ചോദ്യം ചെയ്യുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ‘ക്രമക്കേട് നിറഞ്ഞ’ ഐ.പി.ഒ ആയിരിക്കാം ഇതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ എലിസബത്ത് വാറന്‍ ആരോപിക്കുകയും, കമ്പനിയുടെ സാമ്പത്തിക പ്രവചനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനോട് (എസ്ഇസി) ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എങ്കിലും, വ്യവസായ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന എലോണ്‍ മസ്‌കിന്റെ ബിസിനസ്സ് കാഴ്ചപ്പാടില്‍ വിപണിക്ക് വലിയ വിശ്വാസമാണുള്ളത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരവും അണ്ടര്‍റൈറ്റര്‍മാരായ ഗോള്‍ഡ്മാന്‍ സാക്‌സും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഒരുക്കുന്നുണ്ട്. ഈ ഓപ്ഷന്‍ കൂടി വിനിയോഗിക്കപ്പെടുകയാണെങ്കില്‍ ഐ.പി.ഒയിലൂടെ സ്‌പേസ് എക്‌സ് സമാഹരിക്കുന്ന തുക 86 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Summary; SpaceX finalizes its historic IPO at $135 a share, set to raise $75 billion as the world’s largest stock market debut.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×