ലാഹോറില്‍ നടന്ന പാകിസ്താന്‍-ലോക ഇലവന്‍ ട്വന്റി മത്സരത്തിനിടയിലെ ഒരു കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉദ്ദാഹരണമായാണ് ഈ കാഴ്ചയെ വിശേഷിക്കുന്നത്.
കളിയുടെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ ഒരോവറില്‍ 34 റണ്‍സ് എന്ന നിലയിലാണ് ലോക ഇലവന്‍. ക്രീസില്‍ വിന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയും ശ്രീലങ്കയുടെ പേരേരയും. പാക് ഫാസ്റ്റ് ബൗളര്‍ ഹസന്‍ ആലിയാണ് പന്തെറിയുന്നത്. അലിയുടെ ആദ്യബോള്‍ സമി ഗാലറിയിലേക്ക് ഉയര്‍ത്തി വിട്ടു. എന്നാല്‍ അടുത്ത പന്തില്‍ പാക് വേഗത്തിന്റെ കൊടങ്കാറ്റ് കണ്ടു. ഒരു പെര്‍ഫെക്ട് യോര്‍ക്കര്‍ എന്നു നിസ്സംശയം പറയാവുന്ന പന്ത് കുറ്റിയില്‍ കൊള്ളതെ തടയാന്‍ സമിക്കായെങ്കിലും അതിനൊപ്പം അടിതെറ്റി ക്രിസില്‍ മലര്‍ന്നടിച്ചു വീണുപോയി സമി.
എങ്കിലും കിടന്ന കിടപ്പില്‍ തന്നെ മനോഹരമായ ആ പന്തിന്റെ പേരില്‍ ഹസന്‍ അലിയെ അഭിനന്ദിക്കാന്‍ സമി തയ്യാറായി. കൈയടിച്ചായിരുന്നു ആ അഭിനന്ദനം.വീണു കിടന്ന സമിയെ കൈകൊടുത്ത് എഴുന്നേല്‍പ്പിച്ചതു ഹസന്‍ അലിയായിരുന്നു. പിന്നീട് തലയില്‍ തട്ടി ആ ബോളറെ അഭിനന്ദിക്കാനും സമി മറന്നില്ല..
2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരവാദി ആക്രമണം ഉണ്ടായതിനുശേഷം പാകിസ്താനിലേക്ക് പ്രമുഖ ടീമുകളൊന്നും വന്നിട്ടില്ല. 2015 ല്‍ സിംബാവെ ഏകദിന പരമ്പരയ്ക്ക് എത്തിയെങ്കിലും അമ്പയര്‍മാരെയും മാച്ച് റഫറിയേയും അയക്കാന്‍ ഐസിസി തയ്യാറായതുമില്ല. ഏറെ കാലത്തിനുശേഷം ഇപ്പോള്‍ ലോക ഇലവന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ പാകിസ്താന്‍ അതാഘോഷിക്കുകയാണ്. തങ്ങളുടെ രാജ്യത്തേക്ക് ലോകക്രിക്കറ്റ് തിരികെയെത്തും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മൂന്ന് ട്വന്റി-20 മത്സരങ്ങളായ ദക്ഷിണാഫ്രിക്കന്‍ താരം ഡു പ്ലെസിയുടെ നേതൃത്വത്തിലുള്ള ലോക ഇലവന്‍ പാകിസ്താനെതിരേ കളിക്കുക. അതില്‍ ആദ്യത്തേതായിരുന്നു ലാഹോറില്‍ ഇന്നലെ നടന്ന മത്സരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 86 റണ്‍സ് അടിച്ചുകൂട്ടിയ ബാബര്‍ അസമിന്റെ ബാറ്റിംഗ് മികവില്‍ 197 റണ്‍സ് എടുത്തു. മറുപടിക്കായി ഇറങ്ങിയ ലോക ഇലവന്‍ 176 റണ്‍സില്‍ എല്ലാവരും പുറത്തായി.