സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന പേരിലാണ് ഒരുമാസം മുമ്പ് മുതല്‍ ജാസന്‍ സംഘ ആഘോഷിക്കപ്പെട്ടത്. ഓസ്‌ട്രേലിയ ഇലവന് വേണ്ടി 226 പന്തില്‍ 113 റണ്‍സ് നേടുമ്പോള്‍ സംഘയുടെ പ്രായം പതിനെട്ട് വയസ്സും 62 വയസ്സും മാത്രമായിരുന്നു പ്രായം. ഡൗണ്‍സ്‌വില്ലെയില്‍ നടന്ന ആ ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്, ക്രിസ് വോക്‌സ്, ക്രെയ്ഗ് ഓവര്‍ട്ടണ്‍, മൊയീന്‍ അലി എന്നിവരെയാണ് സംഘ നേരിട്ടത്.
എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ വലംകയ്യന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത് ഈ ഇന്ത്യന്‍ വംശജനാണ്. ആദ്യമായാണ് ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി ഒരു ഇന്ത്യന്‍ വംശജന്‍ വരുന്നത്. ജാസന്‍ നയിക്കുന്ന ടീമില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ മകന്‍ ഓസ്റ്റിന്‍ വോയും ഉണ്ട്. 2013ല്‍ ഇരുവരും ഒരുമിച്ച് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരു കുടുംബങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
ജാസന്റെ എല്ലാ മത്സരങ്ങള്‍ക്കും ഒപ്പം പോയി കാണാറുള്ള അമ്മ സില്‍വിയ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ സിഡ്‌നിയിലേക്ക് മടങ്ങിയിരുന്നു. സ്റ്റീവ് വോയാണ് ജാസന്റെ ഈ നേട്ടം സില്‍വിയയെ വിളിച്ച് അറിയിച്ചത്. ജാസന്‍ സംഘയ്ക്ക് 16 വയസ്സുള്ളപ്പോള്‍ മുതല്‍ ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമില്‍ അംഗമാണ്. ബംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ മൂലം ടീമിനെ പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നില്ലെങ്കില്‍ കഴിഞ്ഞ ലോകകപ്പില്‍ ജാസന്‍ കളിക്കുമായിരുന്നു.
ഈവര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ചില മത്സരങ്ങളില്‍ ജാസന്‍ ടീമിനെ നയിച്ചിരുന്നു. അണ്ടര്‍ 15 സ്‌കൂള്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ ജാസന്‍ നേതൃത്വം നല്‍കിയ ന്യൂ സൗത്ത് വെയ്ല്‍സ് ജയിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇലവണില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ഇലവന്റെ അണ്ടര്‍ 19 റാങ്കില്‍ കളിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് ജാസന്‍ സംഘ അവരുടെ തന്നെ അണ്ടര്‍ 17 ടീമിലാണ് കളിച്ചിരുന്നത്.
പഞ്ചാബിലെ നവാന്‍സഹറിന് സമീപം ലോധിപുര്‍ സ്വദേശിയായ കുല്‍ദീപ് സംഘയാണ് ജാസന്‍ സംഘയുടെ പിതാവ്. സിഡ്‌നിയിലാണ് ഇവര്‍ താമസിക്കുന്നത്. ഓസ്റ്റിന്‍ വോ സതര്‍ലന്‍ഡ് ക്രിക്കറ്റ് ടീമില്‍ എത്തിയതോടെയാണ് തങ്ങളും വോ കുടുംബവും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്ന് കുല്‍ദീപ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ജാസന്റെ ബാറ്റിംഗ് കഴിവിനെ സ്റ്റീവ് വോ പലപ്പോഴും പരസ്യമായി തന്നെ പുകഴ്ത്തിയിട്ടുണ്ട്. വോ മാത്രമല്ല സാക്ഷാല്‍ ഗ്രെയ്ഗ് ചാപ്പലും ജാസനിലെ പ്രതിഭ തിരിച്ചറിഞ്ഞ വ്യക്തിയാണ്. രാഹുല്‍ ദ്രാവിഡുമായാണ് ജാസനെ ചാപ്പല്‍ താരതമ്യം ചെയ്യുന്നത്. മികച്ച സ്‌ട്രോക്കുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ജാസന്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം അന്തര്‍ദേശീയ ശ്രദ്ധ നേടുമെന്നാണ് 2015ല്‍ ചാപ്പല്‍ പറഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അത് സത്യമാകുകയാണ്.