UPDATES

കായികം

ചരിത്രനേട്ടം മാത്രമല്ല, തന്റെ വംശത്തെ തീവ്രവാദികളാക്കുന്ന WWE യുടെ ആ കുപ്രസിദ്ധ ഭൂതകാലത്തെ കൂടി മലര്‍ത്തിയടിക്കണം ഷാദിയക്ക്

WWE യുമായി കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ അറബ് വംശജയായ സ്ത്രീയാണ് ഷാദിയ ബെയ്‌സോ

                       

കരുത്തിന്റെയും പോരാട്ടത്തിന്റെയും ആവേശത്തിമര്‍പ്പാണ് വേള്‍ഡ് റെസ്‌ലിങ് എന്‍ര്‍ട്ടൈന്‍മെന്റ് അഥവ WWW വേദികള്‍. അമേരിക്ക ആസ്ഥാനമായ
WWE യുടെ താരമാകുന്ന ആദ്യ അറബ് വംശജയാണ് ഷാദിയ ബെയ്‌സോ.

കഴിഞ്ഞ വര്‍ഷം അവസാനമാണ് ജോര്‍ദ്ദാനില്‍ നിന്നുള്ള ഷാദിയ WWE യുമായി കരാറൊപ്പിടുന്നത്. അറേബ്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് കായികരംഗത്ത് മുന്‍നിരയിലേക്ക് ഇറങ്ങാനുള്ള പ്രതിബന്ധങ്ങളെ കൂടിയാണ് അവര്‍ തരണം ചെയ്തത്. വനിത കായിക താരങ്ങള്‍ അര്‍ഹിക്കുന്ന ഇടം നേടിയെടുക്കാന്‍ പാകത്തില്‍ ലോകം വിശാലമാകുന്നതിന്റെ സൂചനയായാണ് ഷാദിയ ഇതിനെ കാണുന്നത്.

സ്ത്രീകള്‍ പൊതുവിടത്തില്‍ വ്യായാമം ചെയ്യുന്നത് പോലും അപൂര്‍വ്വമായ സാഹചര്യമാണ് അറബ് ലോകത്ത്. അവിടെ നിന്നാണ് കടുത്ത ശാരീരിക ക്ഷമത ആവശ്യമുള്ള കൊടിയ ആക്രമണ സ്വഭാവമുള്ള കായിക ഇനത്തിലേക്ക് ഒരു സ്ത്രീ കടന്ന് വരുന്നത്. 31 കാരിയായ ഷാദിയ സ്‌പോര്‍ട്‌സ് പരിപാടികളുടെ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്.

അത്‌ലറ്റായും പെര്‍ഫോമറായും WWW യുമായി ഒപ്പ് വെക്കുന്ന ആദ്യ അറബ് വംശജയായും തന്റെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തണമെന്നൊണ് ഷാദിയയുടെ സ്വപ്നം. കമ്പനിയുടെ ട്രെയിനിങ്ങ് സെന്ററില്‍ നിന്ന് കോച്ചിങ്ങ് എടുക്കുന്നതിനായി ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലാണ് അവരിപ്പോള്‍.

ഷാദിയയുടെ സഹോദരി ആരിഫയും ജോര്‍ദ്ദാനിലെ ദേശീയ വനിതാ ബോക്‌സിങ്ങ് ടീമിന്റെ തലപ്പത്തുണ്ട്. നൈക്കിന്റെ മിഡില്‍ ഈസ്റ്റിലെ ബ്രാന്‍ഡ് അംബാസിഡറും ആരിഫയാണ്.

ലിംഗപരമായുള്ള തടസങ്ങളെ നേരിടുക മാത്രമല്ല തന്റെ കരിയറില്‍ ഷാദിയ നേരിടുന്ന വെല്ലുവിളി. അറബ് വംശജരെ ചിത്രീകരിക്കുന്നതില്‍ കുപ്രസിദ്ധമായൊരു ഭൂതകാലമാണ് WWE ക്കുള്ളത്.

2005 ല്‍ ഇറ്റാലിയന്‍-അമേരിക്കന്‍ ഗുസ്തിക്കാരനായ മാര്‍ക്ക് കോപാനിയെ അറബ്-അമേരിക്കനായാണ് WWE അവതരിപ്പിച്ചത്. മുഹമ്മദ് ഹസ്സന്‍ എന്ന പേരിട്ട്, തീവ്രവാദം പ്രമേയമായ കഥാരൂപത്തിലായിരുന്നു ഗുസ്തി. ഈ ഷോ പ്രദര്‍ശിപ്പിച്ച അതേ ദിവസം, ജൂലൈ 7 നാണ് ലണ്ടനില്‍ ബോംബാക്രമണം നടക്കുന്നത്. ഇത് വലിയ ബഹളങ്ങളുണ്ടാക്കുകയും കോപാനിയുടെ കരിയര്‍ പെട്ടെന്ന് തന്നെ അന്ത്യത്തിലെത്തുകയും ചെയ്തു.

1980 കളില്‍ റെസ്‌ലിങ്ങിന് ജനപ്രീതിയാര്‍ജ്ജിച്ച കാലത്തും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഗുസ്തിക്കാരെ വില്ലന്‍ വേഷത്തിലാണ് WWE ചിത്രീകരിക്കാറുള്ളത്. ഇത്തരം മുന്‍വിധികളെ കൂടി അഭിസംബോധന ചെയ്ത് കൊണ്ട് വേണം ഷാദിയക്ക് WWE ക്ക് നിലനില്‍ക്കാന്‍.

Share on

മറ്റുവാര്‍ത്തകള്‍