March 24, 2025 |
Share on

ഇന്ത്യന്‍ ടീമിനും കൊഹ്‌ലിക്കും നന്ദി പറഞ്ഞ് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ അഫ്രീദിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ട കൊഹ്ലിയുടെ ജേഴ്സി സമ്മാനിച്ചിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നന്ദി പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ പതിപ്പില്‍ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപിച്ച അഫ്രീദിക്ക് ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പിട്ട നായകന്‍ വിരാട് കൊഹ്ലിയുടെ 18-ാം നമ്പര്‍ ജേഴ്സി സമ്മാനിച്ചിരുന്നു. ഇതിന് ട്വിറ്ററിലൂടെയാണ് അഫ്രീദി നന്ദിയറിച്ചിത്.

‘മനോഹരമായ വിടവാങ്ങല്‍ സമ്മാനം തന്നതിന് വിരാട് കൊഹ്ലി, നിങ്ങള്‍ക്കും മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും നന്ദി. സൂപ്പര്‍സ്റ്റാര്‍ (കൊഹ്ലി) നിങ്ങളെ ബഹുമാനിക്കുന്നു, അടുത്തുതന്നെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നായിരുന്നു ഇന്നലെ വൈകുന്നേരം അഫ്രീദി ട്വീറ്റ് ചെയ്തത്.


മറുപടി ട്വീറ്റില്‍ കൊഹ്‌ലി പറഞ്ഞത്- ‘ അവസാനം വരെ ഓര്‍മ്മിക്കുവാന്‍ തക്കവണ്ണമുള്ള ഒരു സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ എല്ലാം നല്‍കി ദൈവം അനുഗ്രഹിക്കട്ടെ. കാണാം..’ എന്നാണ്.

ആശിഷ് നെഹ്റ, സുരേഷ് റെയ്ന, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, തുടങ്ങിയ താരങ്ങളുടെ ഒപ്പോടു കൂടിയ കൊഹ്ലിയുടെ ജേഴ്‌സിയാരുന്നു പാക് താരത്തിന് സമ്മാനിച്ചത്.

×