UPDATES

കായികം

ചീറ്റയ്ക്കും സിംഹത്തിനുമൊപ്പം ടീം ഇന്ത്യ; മൂന്നാം ടെസ്റ്റിനു മുന്നേ ഒരു റിലാക്‌സേഷന്‍

ജോഹന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ്

                       

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ഇനിയുമൊരു തോല്‍വി ടീം ഇന്ത്യ ഒട്ടുമേ ആഗ്രഹിക്കുന്നില്ല. പരമ്പര തൂത്തുവരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞാല്‍ ടീം ഇന്ത്യയുടെ അഭിമാനത്തിന് അതേല്‍പ്പിക്കുന്ന മുറിവ് ആഴത്തിലുള്ളതായിരിക്കും. അതിനാല്‍ രണ്ടും കല്‍പ്പിച്ചായിരിക്കും ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിന് കോഹ്‌ലിയും സംഘവും ഇറങ്ങുക.

തീര്‍ത്തും മോശമായ പ്രകടനമായിരുന്നില്ല തോറ്റ രണ്ടു ടെസ്റ്റിലും ഇന്ത്യയുടേത്. കളിച്ചു തന്നെയാണ് തോറ്റതെന്ന വിശ്വാസം ടീമിനുണ്ട്. അതുകൊണ്ട് തന്നെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ന്നു തന്നെ നില്‍ക്കണം. അതുണ്ടാകാന്‍ ഇപ്പോള്‍ വേണ്ടത് പരിശീലനം മാത്രമല്ല, മാനസികമായ ഉന്മേഷം കൂടിയാണെന്ന തിരിച്ചറിവാണ് ടീം അംഗങ്ങളെ ഒരു ഉല്ലാസ യാത്രയ്ക്ക് കൊണ്ടു പോകാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

ജോഹന്നാസ്ബര്‍ഗില്‍ എത്തിയ ടീം പരിശീലനത്തിനിറങ്ങും മുന്നേ ഉല്ലാസയാത്രകള്‍ക്കാണ് പോയത്. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലും സണ്‍ സിറ്റിയിലും. കളിക്കാര്‍ക്ക് മാനസികോല്ലാസം വേണം. അതവര്‍ക്ക് അടുത്ത മത്സരത്തിനറങ്ങുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് ടീം അധികതര്‍ പറയുന്നത്.

നമ്മുടെ ടീം നന്നായി തന്നെയാണ് കളിച്ചതെങ്കിലും മത്സരം ഫലം നമുക്ക് അനുകൂലമായില്ല. അതിന്റെ വിഷമത്തില്‍ നിന്നും കളിക്കാരെ മോചിതരാക്കണം, അവര്‍ക്ക് മാനസികോല്ലാസം നല്‍കണം, അടുത്ത മത്സരത്തില്‍ അതവരെ സഹായിക്കും. കുറച്ചു പേര്‍ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ പോയി സമയം ചെലവഴിച്ചു, ചിലര്‍ സണ്‍ സിറ്റി കാണാനും, ഞായറാഴച മുതല്‍ പരിശീലനം ആരംഭിക്കും. അതിനു മുമ്പവര്‍ മനസ് കൊണ്ട് തയ്യാറാകട്ടെ, നല്ല പ്രകടനത്തിന് അത് സഹായിക്കും; ഒരു ടീം ഓഫീഷ്യല്‍ ക്രിക്കറ്റ് നെക്സ്റ്റിനോട് പറയുന്നു.

കെ ആര്‍ രാഹുല്‍, ചേതേശ്വര്‍ പൂജാരെ, രവി ശാസ്ത്രി തുടങ്ങിയവരാണ് ക്രുഗര്‍ പാര്‍ക്കില്‍ പോയത്, രാഹുലും ശാസ്ത്രിയും ട്വിറ്ററില്‍ പാര്‍ക്ക് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് ക്രുഗര്‍ നാഷണല്‍ പാര്‍ക്ക്. 19,485 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 360 കീലോമീറ്റര്‍ നീളവും 65 കിലോമീറ്റര്‍ വീതിയും പാര്‍ക്കിനുണ്ട്. ആഫിക്കന്‍ ആനകള്‍, കണ്ടാമൃഗങ്ങള്‍, സിംഹം, ചീറ്റ, കാട്ടുപോത്ത്, തുടങ്ങി വിവധ വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍ ഇവിടെയുണ്ട്.

ദക്ഷിണാഫ്രിക്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രവശ്യയില്‍പ്പെട്ട സണ്‍സിറ്റി ആഡംബര റിസോര്‍ട്ടുകള്‍ക്കും കാസിനോകള്‍ക്കും പേരുകേട്ട സ്ഥലമാണ്. ജോഹന്നാസ്ബര്‍ഗില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്രയാണ് ഇങ്ങോട്ട്. ഇലാന്‍ഡ്‌സ് നദിക്കും പിലാനസ്ബര്‍ഗിനും ഇടയിലായി റസ്റ്റന്‍ബര്‍ഗ് നഗരത്തിനടുത്തായാണ് സണ്‍ സിറ്റി സ്ഥിതി ചെയ്യുന്നത്.

Share on

മറ്റുവാര്‍ത്തകള്‍