June 13, 2025 |
Share on

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം; ഇടതുപക്ഷ പരിഷ്‌കരണത്തിലേക്ക് ശ്രീലങ്കയുടെ ചരിത്രപരമായ ചുവടുമാറ്റം

തന്റെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയം അര്‍ത്ഥവത്തായ ഫലത്തിലേക്ക് മാറ്റാന്‍ ദിസനായകെയ്ക്ക്‌ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീലങ്കയുടെ ഭാവി

സെപ്റ്റംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇടതുപക്ഷ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന് (എന്‍പിപി) ജനവിധി അനുകൂലമായിരിക്കുന്നത്. 225 അംഗ പാര്‍ലമെന്റില്‍ എന്‍പിപി 60% വോട്ടുകളോടെ കുറഞ്ഞത് 123 സീറ്റുകള്‍ നേടിയിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിസനായകെയുടെ വിജയം പുതിയൊരു രാഷ്ട്രീയ സാഹചര്യത്തിലേക്ക് ലങ്കയെ കൊണ്ടു പോവുക മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ തകര്‍ത്തെറിഞ്ഞ രാഷ്ട്രീയ സംവിധാനങ്ങളുടെ ജനകീയ തിരസ്‌കരണം കൂടി എടുത്തു കാണിക്കുന്നുണ്ട്.

രാഷ്ട്രീയ സന്ദര്‍ഭം: പ്രതിസന്ധിയിലായ ഒരു രാഷ്ട്രം
ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2022ല്‍, ശ്രീലങ്ക ഭക്ഷണം, ഇന്ധനം, അവശ്യമരുന്നുകള്‍ എന്നിവയുടെ രൂക്ഷമായ ക്ഷാമം നേരിടേണ്ടിവന്നിരുന്നു. ഇത് ബഹുജന പ്രതിഷേധത്തിലും പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതി ആക്രമിക്കുന്നതിലും ഒടുവില്‍ അദ്ദേഹത്തിന്റെ രാജിയിലുമാണ് കലാശിച്ചത്. ഉയര്‍ന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം (ജനസംഖ്യയുടെ ഏകദേശം 26% ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്) എന്നിവയാല്‍ അടയാളപ്പെടുത്തിയ ഈ പ്രതിസന്ധി, മാറ്റത്തിനുള്ള ആവശ്യം രാജ്യത്ത് മുഴക്കി. ഈ സാമ്പത്തിക ദുരന്തത്തിന്റെ ശില്പികളായി ജനം കണ്ട രാജപക്‌സെ കുടുംബത്തെ രാജ്യത്തിനുണ്ടായ എല്ല നഷ്ടത്തിനും ജനം പഴിചാരുകയും, അധികാരത്തില്‍ നിന്നും അവരെ പുറത്താക്കുകയും ചെയ്തു.

anura dissanayake

ദിസനായകെയുടെ ഉയര്‍ച്ചയും ഇടതുപക്ഷ വ്യതിയാനവും
അനുര കുമാര ദിസനായകെയുടെ വിജയം ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം നാടകീയമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. മുന്‍ പാര്‍ലമെന്റില്‍ എന്‍പിപിയെ നയിക്കുന്ന ഇടതുപക്ഷ ജനതാ വിമുക്തി പെരമുന (ജെവിപി)ക്ക് വെറും മൂന്ന് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ മാറ്റത്തിനായുള്ള പൊതുജനങ്ങളുടെ ആഗ്രഹത്തിന്റെയും, അധിപത്യം സ്ഥാപിച്ചിരുന്ന അധികാര ഘടനകളുടെ നിരാകരണത്തിന്റെയും തെളിവാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വന്‍ വിജയം. സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ച അഴിമതിയും കെടുകാര്യസ്ഥതയും പരിഹരിക്കുമെന്നാണ് ദിസനായകെയുടെ എന്‍പിപി സഖ്യം ജനത്തിന് നല്‍കിയിരിക്കുന്ന വാഗ്ദാനം. അഴിമതിക്കെതിരെ പോരാടാനും മുന്‍ അധികാരികള്‍ കവര്‍ന്ന പൊതുസ്വത്തുക്കള്‍ വീണ്ടെടുക്കാനുമുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍, മുന്‍ഗാമിയായ റനില്‍ വിക്രമസിംഗെ ഭരണകൂടം കൊണ്ടുവന്ന ഐഎംഎഫ് ബെയ്‌ലൗട്ട് പാക്കേജിന്റെ ഭാഗമായി ചുമത്തിയ നികുതി വര്‍ദ്ധനകളും സബ്‌സിഡി വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടെയുള്ള ചെലവുചുരുക്കല്‍ നടപടികളുടെ കനത്ത ഭാരം അനുഭവിച്ചു ജീവിക്കേണ്ടി വരുന്ന വോട്ടര്‍മാരില്‍ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്. 1948-ല്‍ ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ്, പരമ്പരാഗതമായി തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്നയില്‍ ദിസനായകെയുടെ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ വിജയത്തിനുണ്ട്. ഇത് അദ്ദേഹത്തിന്റെ സഖ്യത്തിന്റെ പരമ്പരാഗത പിന്തുണയ്ക്കപ്പുറം വിശാലമായൊരു ദേശീയ ഐക്യത്തിന്റെയും പരിഷ്‌കരണത്തിന്റെയും സന്ദേശത്തെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.

വോട്ടര്‍മാരുടെ വികാരം: ഉത്തരവാദിത്തത്തിനും മാറ്റത്തിനുമുള്ള ആഗ്രഹം
ഈ തെരഞ്ഞെടുപ്പിലെ വോട്ടര്‍ വികാരം രാഷ്ട്രീയ സംവിധാനങ്ങളോടുള്ള കടുത്ത നിരാശയാണ് എടുത്തു പറഞ്ഞത്. ദിസനായകെയുടെ അനുയായിയും ഐടി പ്രൊഫഷണലുമായ ചാനക രാജപക്ഷ ആ വികാരം സംക്ഷിപ്തമായി ഇങ്ങനെ പ്രകടിപ്പിക്കുന്നുണ്ട്: ‘ആളുകള്‍ വോട്ട് ചെയ്തത് അഴിമതിയില്‍ നിന്നും അഴിമതി സംവിധാനത്തില്‍ നിന്നും മുക്തി നേടാനാണ്.’ സമാധാനപൂര്‍വമായ തെരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. അക്രമരഹിത തെരഞ്ഞെടുപ്പ് ശ്രീലങ്കയെ സംബന്ധിച്ച് അപൂര്‍വമായ സംഭവമാണ്. എന്നിട്ടും സെപ്തംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് കുറവായിരുന്നു. പരമ്പരാഗത രാഷ്ട്രീയത്തോടുള്ള വര്‍ദ്ധിച്ചുവരുന്ന നിരാശയാണ് അവിടെ പ്രതിഫലിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ് വോട്ടര്‍മാര്‍ ജീവിക്കുന്നത്. രാജപക്‌സെയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പൊതു ധനകാര്യങ്ങളുടെ ദുരുപയോഗം, പ്രത്യേകിച്ച് സുസ്ഥിരമല്ലാത്ത വായ്പകളെ ആശ്രയിച്ചതും നിര്‍ണായക മേഖലകളോടു കാണിച്ച അവഗണനയും എല്ലാമാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ശ്രീലങ്കന്‍ ജനത ഇപ്പോഴും ഭക്ഷ്യ-ഇന്ധന ക്ഷാമം നേരിടുകയും ഉയര്‍ന്ന പണപ്പെരുപ്പം സഹിക്കുകയും ചെയ്യുന്നവരാണ്. ‘ശക്തമായ ഭൂരിപക്ഷം’ എന്ന ദിസനായകെയുടെ ആഹ്വാനത്തെ വ്യവസ്ഥാപരമായ മാറ്റത്തിനുള്ള പ്രതീക്ഷയുടെ സൂചനയായാണ് കാണുന്നത്.

sri lanka

സാമ്പത്തിക നയം: പരിഷ്‌കരണത്തിനും പ്രായോഗികതയ്ക്കും ഇടയിലുള്ള  ബാലന്‍സിങ്
ദിസനായകെയുടെ ഇടതുപക്ഷ പ്രത്യയശാസ്ത്രം മാര്‍ക്സിസത്തില്‍ വേരൂന്നിയതാണെങ്കിലും, അധികാരമേറ്റതിനുശേഷം അദ്ദേഹം തന്റെ ചില നിലപാടുകളില്‍ പുനര്‍വിചിന്തനം നടത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ 2.9 ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് സഹായം പുനരവലോകനം ചെയ്യുമെന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ നിക്ഷേപകരുടെ വിശ്വാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് കരാര്‍ നിലനിര്‍ത്താനാണ് ഇപ്പോള്‍ ദിസനായകെ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം രാജ്യത്തെ പ്രമുഖ ബിസിനസ് ലോബിയായ സിലോണ്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജാഗ്രതയോടെയുള്ള പിന്തുണ ദിസനായകെയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ശ്രീലങ്കയുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 16% വര്‍ദ്ധിച്ചതോടെ സാമ്പത്തിക വിപണികളില്‍ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും, സാമ്പത്തിക സ്ഥിരതയുടെയും വളര്‍ച്ചയുടെയും അനിവാര്യതയ്‌ക്കൊപ്പം തന്നെ സര്‍ക്കാര്‍ ഇടപെടലുകള്‍ക്കും ക്ഷേമ നയങ്ങള്‍ക്കുമായി ഇടതുപക്ഷ വാഗ്ദാനങ്ങളും ദിസനായകെ ഭരണകൂടം സന്തുലിതമാക്കേണ്ടതുണ്ട്. പൊതുമേഖലകളെ ശക്തിപ്പെടുത്തുക, നികുതി ഭാരം കുറയ്ക്കുക എന്നിവയായിരുന്നു ദിസനായകെയുടെ പ്രചാരണകാലത്തെ ആവശ്യങ്ങള്‍, എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സാമ്പത്തിക അച്ചടക്കം ആവശ്യമായി വന്നേക്കുമെന്നത് അദ്ദേഹത്തിന്റെ തന്നെ മുന്‍ നിലപാടുകളില്‍ വൈരുദ്ധ്യം ഉണ്ടാക്കുന്നതിന് കാരണമായേക്കും.

ശ്രീലങ്ക ഇപ്പോഴും സാമ്പത്തിക വെല്ലുവിളികള്‍ ഭയാനകമായ രീതിയില്‍ തന്നെ നേരിടുകയാണ്. 2024-ല്‍ 2.2% വളര്‍ച്ച മാത്രമേ ലോകബാങ്ക് ശ്രീലങ്കയുടെ കാര്യത്തില്‍ പ്രവചിക്കുന്നുള്ളൂ. ജനങ്ങളില്‍ ഭൂരിഭാഗവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ശക്തമായൊരു സാമ്പത്തികാടിത്തറ കെട്ടിപ്പടുക്കുന്നതിനൊപ്പം ജനത്തിന് അടിയന്തര ആശ്വാസം നല്‍കുന്ന നയങ്ങളും ദിസനായകെ നടപ്പാക്കേണ്ടതുണ്ട്.

sri lanka
പ്രതിപക്ഷത്തിന്റെ തകര്‍ച്ച:വിഘടനവും അപ്രസക്തതയും
ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്ന മറ്റൊരു പ്രത്യേകത, പ്രതിപക്ഷം അപ്രസക്തമായിരിക്കുന്നുവെന്നതാണ്. ഒരുകാലത്ത് പ്രബല രാഷ്ട്രീയ ശക്തിയായിരുന്ന രാജപക്‌സെ കുടുംബം തകര്‍ന്നു. ഗോതബയയോ അദ്ദേഹത്തിന്റെ സഹോദരന്‍ മഹിന്ദ രാജപക്‌സെയോ മുന്‍ ഭരണകൂടത്തില്‍ ഉണ്ടായിരുന്ന പ്രധാനികളോ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മഹിന്ദയുടെ മകന്‍ നമലിനും കാര്യമായി ഒന്നിനും കഴിഞ്ഞില്ല. ഇത് പ്രതിപക്ഷം എന്ന സംവിധാനം കൂടുതല്‍ ദുര്‍ബലമാക്കുന്നതിന് ഇടയാക്കി. എന്‍പിപിയുടെ അഴിമതി വിരുദ്ധ സന്ദേശവും വ്യവസ്ഥാപരമായ മാറ്റവും വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചതിനാല്‍, പ്രധാന പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ സജിത് പ്രേമദാസയ്ക്കും പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടിയില്ല. രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറയുന്നത് രാജ്യത്ത് പ്രതിപക്ഷം ‘മരിച്ചു’ എന്നാണ്. പല മുന്‍ എംപിമാരും ഒന്നുകില്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുകയോ അല്ലെങ്കില്‍ സ്വതന്ത്രരായി മത്സരിക്കുകയോ ആണ് ചെയ്തത്. ഇത് തന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തമായ പാതയാണ് ദിസനായക്ക് തുറന്നിട്ടു കൊടുത്തിരിക്കുന്നത്. എന്നിരുന്നാലും ഇത്തരമൊരു ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ പരിതസ്ഥിതിയിലും ഭരണത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

മുന്നോട്ടുള്ള വഴി: നേതൃത്വത്തിന്റെ പരീക്ഷണം
എന്‍പിപിക്ക് ജനം വ്യക്തമായ ഭൂരിപക്ഷം നല്‍കിയിരിക്കുകയാണ്, അതുകൊണ്ട് തന്നെ തന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ദിസനായകെയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ടാകും. അദ്ദേഹത്തിന്റെ ഭരണം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകമാത്രമല്ല, രാജപക്‌സെ കാലത്ത് ഗുരുതരമായി തകര്‍ന്ന ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും വേണം.

anura dissanayake

നികുതി സമ്പ്രദായം, പൊതുമേഖലാ ഭരണം, സാമൂഹ്യക്ഷേമം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്ക് കാര്യമായ ചര്‍ച്ചകള്‍ ആവശ്യമാണ്. എന്‍പിപിയുടെ പരിഷ്‌കാരങ്ങള്‍ പുതിയ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രീലങ്കയിലെ ബിസിനസ് സമൂഹവുമായും അന്താരാഷ്ട്ര വായ്പ ഏജന്‍സികളുമായും ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കേണ്ടതുണ്ട്. തന്റെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയം അര്‍ത്ഥവത്തായ ഫലത്തിലേക്ക് മാറ്റാന്‍ ദിസനായകെയ്ക്ക്‌ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീലങ്കയുടെ ഭാവി. മുന്നിലുള്ള ദൗത്യം വളരെ വലുതാണ്, എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാനും അഴിമതിയുടെയും അസമത്വത്തിന്റെയും ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമെങ്കില്‍, അത് ദ്വീപ് രാഷ്ട്രത്തിന് ഒരു പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കം കുറിക്കും.  Sri Lanka’s Legislative Elections – A Historic Shift Toward Leftist Reform

Content Summary; Sri Lanka’s Legislative Elections – A Historic Shift Toward Leftist Reform

ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×