June 04, 2026 |
Share on

മുസ്ലീമായ പ്രധാന അധ്യാപകനോട് വിദ്വേഷം; സർക്കാർ സ്കൂളിലെ ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന നേതാക്കൾ

ഹുളിക്കട്ടി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ടാങ്കിലാണ് ഇവർ വിഷം കലർത്തിയത്

സ്കൂളിലെ പ്രധാന അധ്യാപകനെ സ്ഥലം മാറ്റാൻ സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ ശ്രീരാമസേന നേതാക്കൾ അറസ്റ്റിൽ. ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ടാങ്കിലാണ് ഇവർ വിഷം കലർത്തിയത്. ശ്രീരാമ സേനയുടെ സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗർ പട്ടീൽ, കൃഷ്ണ മദാർ, മഗൻഗൌഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അധ്യാപകനെ ലക്ഷ്യം വച്ചുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടായിരുന്നു പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. 41 കുട്ടികൾ പഠിക്കുന്ന ഹുളിക്കട്ടിയിലെ സർക്കാർ സ്കൂളിലാണ് കഴിഞ്ഞയാഴ്ച സംഭവം നടക്കുന്നത്. 13 വർഷത്തോളമായി സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയാണ് സുലെമാൻ ഗൊരിനായകി. ഗ്രാമവാസികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് കൂടിയാണ് സുലെമാൻ ഗൊരിനായകി. സവദത്തി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് സാഗർ പട്ടീലാണ് പദ്ധതിയുടെ മുഖ്യ സൂത്രധാരൻ. ഈ പദ്ധതി നടപ്പിലാക്കാൻ സഹകരിച്ചില്ലെങ്കിൽ അന്യ ജാതിയിൽപ്പെട്ട യുവതിയുമായുള്ള ബന്ധത്തെപ്പറ്റി വെളിപ്പെടുത്തുെമെന്ന് ഭീഷണപ്പെടുത്തി കൃഷ്ണ മദാറിനെ പദ്ധതിയുടെ ഭാഗമാവാൻ നിർബന്ധിച്ചതായി പോലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് വ്യക്തമാക്കി. വിഷം കലർന്ന് വെള്ളം കുടിച്ച് 20ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഉടനടി ചികിത്സ തേടിയതിനാൽ വലിയ ദുരന്തം ഒഴിവായതായി പൊലീസ് വ്യക്തമാക്കി. വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ട ചില വിദ്യാർത്ഥികൾ പ്രധാന അധ്യാപകനെയും മറ്റൊരു അധ്യാപികയെയും വിവരം അറിയിച്ചതിനാലാണ് സംഭവം പുറത്തറിയുന്നത്.

പ്രധാന അധ്യാപകനായ സുലെമാൻ ഗൊരിനായകിയെ സ്ഥലം മാറ്റുകയോ സസ്പെൻഡ് ചെയ്യുകയോ ആയിരുന്നു സാഗർ പട്ടീലിന്റെ ലക്ഷ്യം. കുട്ടികൾ ആശുപത്രിയിലായ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കീടനാശിനി അടങ്ങിയ കുപ്പി വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ ആറാം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ തനിക്ക് പുറത്ത് നിന്നുള്ള ഒരാളാണ് ദ്രാവകമൊഴിച്ച കുപ്പി തന്നതെന്നും. ഇത് ചെയ്യാനായി 500 രൂപയും ചോക്ലേറ്റും ഇയാൾ നൽകിയതായും കുട്ടി പറഞ്ഞു. പിന്നാലെ കൃഷ്ണ മദാറിനെ പൊലീസ് കസ്റ്റഡിൽ എടുത്തു. മദാർ, മഗൻഗൌഡ പാട്ടീലും ചേർന്നാണ് കീടനാശിന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചാം ക്ലാസുകാരന പ്രോസിക്യൂഷൻ സാക്ഷിയാക്കുമെന്നും നിയമപരിരക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. നിരവധി കുട്ടികളെ ചോദ്യം ചെയ്തു. ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിന് വിധേയമാക്കി. അസ്വസ്ഥതയുണ്ടാക്കുന്ന സംഭവമാണ് നടന്നത്. വർഗീയ പടർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ ഈ പദ്ധതി നടപ്പിലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

content summary: Sri Ram Sena leader arrested for poisoning school water tank in attempt to target Muslim headmaster in Karnataka

Leave a Reply

Your email address will not be published. Required fields are marked *

×