UPDATES

സ്നേഹ തണൽ മാഞ്ഞു ശ്രുതി തനിച്ചല്ലെന്ന് കേരളം, കണ്ണീരിലാണ്ട് സോഷ്യൽ മീഡിയ

കൈവിടാതെ കേരളം

                       

കേറി താമസിക്കാൻ ഒരു വീട് വേണം, പറയാൻ പാകത്തിന് അവൾക്ക് ഒരു ജോലിയും വേണം, പലരോടും അവൾക്കൊരു ജോലിക്ക് വേണ്ടി പറഞ്ഞിട്ടുണ്ട്, വളരെ പൊക്കത്തിൽ കയറി നിന്നുകൊണ്ടുള്ള ജോലിയാണ് എന്റേത്, എപ്പഴാണ് ഞാൻ താഴെ വീണ് തീർന്ന് പോകുക എന്നറിയില്ല, ഞാൻ ഇല്ലാതായാൽ ഇവൾക്കാരുണ്ട് എന്നോർക്കുമ്പോഴാണ് എന്റെ പേടി, അങ്ങനെ സംഭവിച്ചാൽ അവൾ തനിച്ചായി പോകരുത്, ഒരു അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ഭയപ്പാടില്ലാതെ അവൾക്ക് അന്തിയുറങ്ങാം, ഒരു ജോലി ഉണ്ടെങ്കിൽ അവൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാം.. എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഈ രണ്ട് കാര്യവും അവൾക്ക് ചെയ്തുകൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.” 
ജെൻസന്റെ വാക്കുകളാണിത്… ” ഒരു ദീർഘ വീക്ഷണം എന്നപോലെ ജെൻസൻ പറഞ്ഞ വാക്കുകൾ ഇത്ര വേഗം ഫലിക്കുമെന്ന് ആരും ഒരിക്കലും കരുതിയിരിക്കില്ല.

വേദനകൾ ഇല്ലാത്ത ലോകത്തേക്ക് തന്റെ പ്രാണനായ ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി. ആരുമില്ലെങ്കിലും ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ച സ്നേഹ തണലാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തം സമ്മാനിച്ച കണ്ണുനീർ തോരും മുൻപ് വീണ്ടുമൊരു സങ്കടക്കടൽ അഭിമുഖീകരിക്കേണ്ടി വരികയാണ് വയനാട് സ്വദേശി ശ്രുതിക്ക്. ഉരുൾപൊട്ടൽ നൽകിയ ആഘാതം മറികടക്കാനും ചേർത്ത് പിടിക്കാനും ശ്രുതിക്ക് കൂട്ടായി ജെൻസൻ ഉണ്ടായിരുന്നു, എന്നാൽ ഈ അഗ്നി പരീക്ഷ ശ്രുതി തനിയെ നേരിടണം എന്നാണ് വിധിയെഴുത്ത്. sruthi lost jension

വയനാട് വെള്ളാരംകുന്നിൽ സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരണത്തോട് പൊരുതി വിടവാങ്ങിയത്. ജെൻസന്റെ വേർപാടിൽ ഹൃദയം പിടഞ്ഞ് കണ്ണീരൊഴുക്കുകയാണ് കേരളം മുഴുവൻ. നഷ്ടപ്പെട്ടതിന് പകരമാകാൻ മറ്റൊന്നിനും സാധിക്കില്ല, എങ്കിലും ശ്രുതി തനിച്ചാവുകയില്ല ഈ നാട്ടിലെ ഓരോരുത്തരും കൂടെയുണ്ടെന്ന് പറയുകയാണ് കേരളക്കര ഒന്നാകെ. രാഷ്ട്രീയക്കാരും സിനിമ മേഖലയിൽ നിന്നുള്ളവരുമടക്കം ജെൻസന് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ അടക്കം ശ്രുതിക്കും ജെൻസനും വേണ്ടിയുള്ള പ്രാർത്ഥനകൾ ആയിരുന്നു.

വയനാട് ജില്ലയിലെ വെള്ളാരംകുന്നിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ജെൻസൻ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു. പരിക്കുകളോടെ രക്ഷപെട്ട ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നു. സെപ്തംബർ പത്താം തിയതിയാണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാനിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടം പറ്റിയ മറ്റ് ആളുകളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. sruthi lost jension

വയനാട്ടിലെ മുണ്ടക്കൈയിൽ ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനമ്മമാരെയും അനിയത്തിയെയും ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു.  ജെൻസനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമായിരുന്നു ശ്രുതിയുടെ ഉറ്റവരെ ഉരുളെടുത്തത്. ആ ദുരിതത്തിൽ നിന്ന് കരകയറും മുൻപ് താങ്ങും തണലുമായി നിന്ന ജെൻസനും വിടപറഞ്ഞു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

ജെൻസന്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ആശുപത്രിയിൽ തുടരുകയായിരുന്ന ജെൻസണ് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയായിരുന്നു നാടാകെ. എന്നാൽ, പ്രതീക്ഷകളെല്ലാം ബാക്കിയാക്കി ജെൻസൻ മരണത്തിന് കീഴടങ്ങി. ശ്രുതിയും ജെൻസനുമടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. കൽപ്പറ്റയിലെ വീട്ടിൽ നിന്നും ലക്കിടിയിലെ വീട്ടിലേക്ക് പോകവെ ആയിരുന്നു അപകടം നടന്നത്. ജെൻസനാണ് വണ്ടിയോടിച്ചിരുന്നത് എന്ന് കരുതുന്നത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ ശ്രുതിയോടൊപ്പം തോൾചേർന്ന് നടന്ന ജെൻസൻ ക്യാംപിലുണ്ടായിരുന്നവരുടെയെല്ലാം പ്രിയങ്കരനായിരുന്നു. ശ്രുതിയെ ഒരിക്കലും ഒറ്റയ്ക്കാക്കുകയില്ലെന്ന് അയാൾ ഇടക്കിടെ പറയുമായിരുന്നു. ക്യാംപിൽ നിന്നും ശ്രുതി പോയത് ബന്ധുക്കളോടൊപ്പം വാടക വീട്ടിലേക്കായിരുന്നു. വീട്ടിലിരുന്ന് മടുത്ത ശ്രുതിയെ ഒന്ന് ആശ്വസിപ്പിക്കുകയായിരുന്നു ലക്കിടി യാത്രയിലൂടെ ജെൻസൻ ഉദേശിച്ചത്. എന്നാൽ ഈ യാത്ര ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത വിധം ജെൻസനെ നഷ്ടപ്പെടുത്തുമെന്ന് ആരും കരുതിയില്ല.

‘ വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ’.
അനുശോചനം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

‘ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ചിന്തിച്ചത് ആ പെൺകുട്ടിയെ പറ്റിയാണ്. ഇന്നലെ ഉച്ചക്ക് മാത്രം പരിചയപ്പെട്ട, ഒരിക്കൽ മാത്രം സംസാരിച്ച ശ്രുതി എന്ന യുവതിയെ പറ്റി. അവളോട് സംസാരിച്ച് അൽപം കഴിഞ്ഞപ്പോൾ തന്നെ അവളുടെ പങ്കാളി ജെൻസൺ വിളിച്ചു. കുറച്ച് അധികം സമയം ഞങ്ങളുടെ സംസാരം നീണ്ടു. ശ്രുതിയുടെ അമ്മയെ കുറിച്ചുള്ള ‘സബിത അമ്മ’ എന്ന അവന്റെ പരാമർശത്തിൽ തന്നെ ഫോണിനിപ്പുറം എനിക്ക് കണ്ണു നിറഞ്ഞിരുന്നു. മതങ്ങൾക്കും നാട്ടുനടപ്പിനുമെല്ലാമപ്പുറമുള്ള ജീവിതമാണ് മുന്നിലുള്ളതെന്ന് അവൻ പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. അപ്പോൾ അവരെ പറ്റി, ഇനിയുള്ള അവരുടെ ജീവിതത്തെ പറ്റി, നല്ല തെളിച്ചമുള്ള, പ്രതീക്ഷാ നിർഭരമായ ഒരു ചിത്രമായിരുന്നു കിട്ടിയത്.

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..
ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും. മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

രാത്രി ‘ജെൻസന്റെ സ്ഥിതി ഗുരുതരമാണ് ചേട്ടാ’ എന്ന് സുർജിത്ത് പറയുന്നത് വരെ. ഇന്നുച്ചക്ക് എന്നോട് ഏറെ നേരം സംസാരിച്ച അതേ യുവാവോ എന്ന് വിശ്വസിക്കാൻ ഇത്തിരി സമയമെടുത്തു. ഇന്നലെ ഫേസ് ബുക്കിൽ അവരെ പറ്റി പോസ്റ്റിട്ടതിനു ശേഷം നിരവധി പേർ വിളിച്ചിരുന്നു, സങ്കടപ്പെട്ടും പ്രാർത്ഥിച്ചും, പ്രത്യാശിച്ചുമെല്ലാം. എല്ലാവർക്കും അവൻ രക്ഷപ്പെടില്ലേ എന്നറിഞ്ഞാൽ മതിയായിരുന്നു.
പക്ഷെ, ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പ് ഇന്നലെ തന്നെ ഡോക്ടർമാർ തരുന്നുണ്ടായിരുന്നു. എങ്കിലും പ്രതീക്ഷക്കെതിരെ പ്രതീക്ഷയർപ്പിച്ച് ഒരു ദിവസം തള്ളി നീക്കി. അപ്പോഴും എങ്ങനെ ഈ വാർത്ത ഒരാൾ ശ്രുതിയെ അറിയിക്കും എന്ന് ചിന്തിക്കാൻ പോലുമാവുന്നുണ്ടായിരുന്നില്ല ഇപ്പോഴുമതെ. അതിജീവിക്കാൻ അവൾക്കാവട്ടെ എന്ന് പറയാനും കണ്ണീരണിയാനും നമുക്ക് എളുപ്പമാണ്. നമുക്ക് മറക്കാനാവും, ആ മറവിക്കു മീതെ ജീവിക്കാൻ നമ്മുടെ ജീവിതങ്ങളുണ്ട്. എന്നാൽ, ഒമ്പത് ഉറ്റവരെ ഒറ്റയടിക്ക് നഷ്ടപ്പെട്ട ഒരുവളാണ്, അനസ്‌തേഷ്യയുടെ അബോധത്തിൽ നിന്ന്, ജീവൻ പോലെ കൂടെ അവശേഷിച്ചിരുന്നവനും പോയി എന്ന യാഥാർത്ഥ്യത്തിലേക്ക് ഉണരേണ്ടത്. ഏറ്റവും വലിയ മനോദുരന്തമെന്ന നിലയിൽ പോലും എനിക്ക് സങ്കൽപിക്കാനാവാത്ത ജീവിത സന്ദർഭമാണത്’. അപകടത്തിന് മുൻപ് ശ്രുതിയുമായും ജെൻസനുമായും സംസാരിച്ച രാജീവ് രാമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.

Content summary; sruthi who lost nine family members in the wayanad landslide now loses her fiance

Share on

മറ്റുവാര്‍ത്തകള്‍