June 04, 2026 |
Share on

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു? പ്രേക്ഷകരുടെ ഊഹങ്ങള്‍ തെറ്റും: രാജമൗലി

അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനയും രാജമൗലി നല്‍കുന്നുണ്ട്

ബാഹുബലി 2 കാണാന്‍ പ്രേക്ഷകനെ ഏറ്റവും അധികം താത്പര്യപ്പെടുത്തുന്ന കാര്യം എന്തായിരിക്കുമെന്നു രാജമൗലിക്കും അറിയാം. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്നതിന് ഉത്തരം കിട്ടണം. പക്ഷേ ഒരു കാര്യം രാജമൗലി അത്മവിശ്വാസത്തോടെ പറയുന്നു, പ്രേക്ഷകന്‍ ഊഹിച്ചുവച്ചിരിക്കുന്ന കാരണങ്ങളായിരിക്കില്ല അമരേന്ദ്ര ബാഹുബലിയെ പിന്നില്‍ നിന്നും കുത്താന്‍ കട്ടപ്പ തയ്യാറായതിനു പിന്നില്‍. ഒന്നാം ഭാഗത്തിനു പിന്നാലെ ഒരുപാട് കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞുകേട്ടു. ചിലരുടെ ഊഹങ്ങള്‍ കുറച്ചൊക്കെ അടുത്തു നില്‍ക്കുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം തെറ്റാണ്- ബാഹുബലി 2 ന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു രാജമൗലി ഈ കാര്യം പറഞ്ഞത്.
പ്രേക്ഷകന്‍ മുന്‍കൂട്ടി ഉറപ്പിച്ച മനസുമായിട്ടാകാം തിയേറ്ററില്‍ എത്തുന്നത്. ഞാനതെക്കുറിച്ചോര്‍ത്ത് അസ്വസ്ഥതപ്പെടുന്നില്ല. ചില സിനിമകള്‍ കണ്ടു തുടങ്ങി 20 മിനിട്ടൊക്കെ ആകുമ്പോഴെ എന്തായിരിക്കും ക്ലൈമാക്‌സ് എന്ന് മനസിലാകും. പക്ഷേ ഒരു സിനിമ എങ്ങനെ അവതരിപ്പിക്കുന്നു എന്നിടത്താണു പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്നത്്. മഹാഭാരതവും രാമായണവും സിനിമയാക്കുക എന്നിരിക്കിട്ടെ, നമുക്കറിയാം അതെങ്ങനെയാണ് അവസാനിക്കുന്നതെന്ന്. പക്ഷേ ആ സിനിമകള്‍ നമ്മള്‍ കാണാന്‍ കയറുന്നത് എങ്ങനെയാണത് ചിത്രീകരിച്ചിരിക്കുന്നത് എന്നറിയാനായിരിക്കും. ബാഹുബലി 2ന്റെ പൂര്‍ണകഥ നിങ്ങള്‍ക്ക് മനസിലായാല്‍ പോലും ഞാനതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നില്ല; രാജമൗലി ആത്മവിശ്വാസത്തോടെ പറയുന്നു.

ട്രെയിലര്‍ ഒരുക്കുമ്പോള്‍ താന്‍ അല്‍പ്പം ടെന്‍ഷനിലായിരുന്നുവെന്നും ട്രെയിലര്‍ അവസാനരൂപമായി കഴിഞ്ഞ് അതില്‍ കീരവാണിയുടെ ബിജിഎം കൂടി ചേര്‍ന്നു കഴിഞ്ഞപ്പോഴാണു പ്രതീക്ഷിച്ചതിലും മനോഹരമായി എന്ന ആത്മവിശ്വാസം ഉണ്ടായതെന്നും രാജമൗലി പറയുന്നു.

ഒന്നാം ഭാഗത്തില്‍ നിന്നും എങ്ങനെയൊക്കെ വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗമെന്ന ചോദ്യത്തിനുള്ള മറുപടി, ആദ്യ ഭാഗത്ത് ഇമോഷണല്‍ സീനുകള്‍ കുറവായിരുന്നു, അതേസമയം ആഡംബരപൂര്‍ണമായിരുന്നു. രണ്ടാംഭാഗത്തില്‍ ഈ രണ്ടുഘടകങ്ങളും ഒരുപോലെ ചേര്‍ന്നിട്ടുണ്ട്.

ബാഹുബലി 2ലെ സംഘട്ടനരംഗങ്ങളെക്കുറിച്ചും ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ രാജമൗലിക്കു നേരെ ഉയര്‍ന്നു. ഒറ്റവാക്കിലായിരുന്നു മറുപടി; ശിവഡുവും ബല്ലലദേവയും തമ്മിലുള്ള ക്ലൈമാക്‌സ് സംഘട്ടനം നിങ്ങളെ ആവേശത്തിന്റെ എവറസ്റ്റ് കയറ്റും.
അടുത്ത സിനിമ ഏതായിരിക്കും എന്നതിനെക്കുറിച്ചും രാജമൗലി ചില സൂചനകള്‍ നല്‍കി. ഏതു സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ആ സിനിമയില്‍ എന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ കമല കണ്ണന്‍ ഉണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നത്. കാരണം ആ സിനിമയില്‍ വി എഫ് എക്‌സിന്റെ ആവശ്യമില്ല; ചിരിയോടെ രാജമൗലി പറഞ്ഞു നിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×