ഇനി പരസ്പരം അഭിവാദ്യം ചെയ്യാന്‍ ഗുഡ്‌മോണിങ് വേണ്ടെന്ന് വിദ്യാര്‍ത്ഥികളോട് ഹരിയാന സര്‍ക്കാര്‍. പകരം ജയ് ഹിന്ദ് എന്ന് ഉപയോഗിക്കണം. ഈ വരുന്ന സ്വാതന്ത്ര്യദിനം മുതല്‍ ഇത് നടപ്പാക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹവും അഭിമാനവും ആഴത്തില്‍ വളരണം. അതിനാണ് സുപ്രഭാതം അല്ലെങ്കില്‍ ഗുഡ്‌മോണിങ് എന്നതിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ- പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബ്ലോക്ക് തല ഓഫീസര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ക്കുമാണ് സര്‍ക്കുലര്‍ അയച്ചത്.
ഹരിയാനയിലെ 14,300 സര്‍ക്കാര്‍ സ്‌കൂളുകളിലായി 23.10 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിലും ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ‘ജയ് ഹിന്ദ്’ എന്ന ആശയം കൊണ്ടുവന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സായുധ സേന ഈ ആശയം സ്വീകരിക്കുകയായിരുന്നു. അതിനാല്‍ രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ കുറിച്ച് അറിയാനും ഈ ‘ദേശീയ അഭിവാദ്യം’ വിദ്യാര്‍ത്ഥികളെ സഹായിക്കും. കൂടാതെ ‘ജയ് ഹിന്ദ്’ എന്ന പദം പ്രാദേശിക, ഭാഷാ, സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കതീതമാണ്. ഇത് വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കും. പതിവായി ജയ് ഹിന്ദ് എന്ന് പറയുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അച്ചടക്കത്തിന്റെയും ഏകതയുടെയും ബോധം വളര്‍ത്തും. ഇക്കാര്യം ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് സാംസ്‌കാരിക പൈതൃകവും ദേശീയ പാരമ്പര്യങ്ങളോടുള്ള ആദരവും ഉയരാന്‍ കാരണമാവുമെന്നും സര്‍ക്കുലര്‍ പറയുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിഷയത്തിന് വ്യാപക പ്രചാരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സ്‌കൂളുകളിലെ ദൈനംദിന വിഷയങ്ങളില്‍ നല്‍കാറുള്ള സര്‍ക്കൂലരിന് തുല്യമാണ്. പ്രത്യേകത ഒന്നും ഇല്ല. ഇക്കാര്യം പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നും നിലവിലില്ല. അത്തരത്തിലുള്ള നിയമമൊന്നും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ലെന്നുമാണ് വിഷയത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. അതേസമയം, ഫെഡറേഷന്‍ ഓഫ് െ്രെപവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുല്‍ഭൂഷണ്‍ ശര്‍മ്മ പരിഷ്‌കാരത്തെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. ദേശസ്‌നേഹം പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
English summary: start-day-with-jai-hind-not-good-morning-haryana-govt-to-all-schools