ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡെന്മാര്‍ക്ക്. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ഭീഷണി നിര്‍ത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ദേശീയ സുരക്ഷയുടെ ഭാഗമായി അമേരിക്കയ്ക്ക് ഗ്രീന്‍ലന്‍ഡ് ‘അത്യന്താപേക്ഷിതമാണെന്ന്’ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് ട്രംപ് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.
വെനസ്വേലയില്‍ നടത്തിയ സൈനിക അധിനിവേശത്തിന് പിന്നാലെ, ട്രംപിന്റെ അടുത്ത അനുയായികള്‍ ഗ്രീന്‍ലന്‍ഡിനെ ലക്ഷ്യം വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയതോടെയാണ് മേഖലയില്‍ ആശങ്ക വര്‍ദ്ധിച്ചത്.
ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ എക്‌സില്‍ പങ്കുവെച്ച ഒരു ചിത്രം വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ ദേശീയ പതാക പുതപ്പിച്ച നിലയിലുള്ള ചിത്രത്തിന് ‘ഉടന്‍’ എന്ന അടിക്കുറിപ്പാണ് അവര്‍ നല്‍കിയത്. ഇതിനെതിരെ ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ രംഗത്തെത്തി. തങ്ങളുടെ രാജ്യം വില്‍പനയ്ക്കുള്ളതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായിരുന്നിട്ടും ഗ്രീന്‍ലന്‍ഡിന് മേലുള്ള ഭീഷണി ഡെന്മാര്‍ക്കിനെ ചൊടിപ്പിച്ചിട്ടുണ്ട്. ‘ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിരഹിതമാണ്. ഡാനിഷ് രാജ്യത്തിന്റെ ഭാഗമായ ഒന്നിനെയും പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ല,’ പ്രധാനമന്ത്രി ഫ്രെഡറിക്‌സണ്‍ പറഞ്ഞു.
അതേസമയം, ആര്‍ട്ടിക് മേഖലയിലെ സുരക്ഷയ്ക്കായി ഡെന്മാര്‍ക്ക് പ്രതിരോധ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 13.7 ബില്യണ്‍ ഡോളറാണ് ആര്‍ട്ടിക് മേഖലയിലെ സുരക്ഷയ്ക്കായി ഡെന്മാര്‍ക്ക് നീക്കിവെച്ചിരിക്കുന്നത്.
ഗ്രീന്‍ലന്‍ഡിന് മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ സൈനിക നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഒന്നും തള്ളിക്കളയാനാവില്ല’ എന്നായിരുന്നു ട്രംപിന്റെ മുന്‍പത്തെ മറുപടി. ആര്‍ട്ടിക് മേഖലയില്‍ ചൈനയും റഷ്യയും നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് കീഴിലാകണമെന്നാണ് ട്രംപിന്റെ വാദം. ഇതിനായി ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്‍ലന്‍ഡിലെ പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചിട്ടുണ്ട്.
ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികളെത്തുടര്‍ന്ന്, ഡാനിഷ് പ്രതിരോധ ഇന്റലിജന്‍സ് സര്‍വീസ് കഴിഞ്ഞ മാസം അമേരിക്കയെ ഒരു ‘സുരക്ഷാ ഭീഷണി’യായി തരംതിരിച്ചു. ഇത് വര്‍ഷങ്ങളായുള്ള ട്രാന്‍സ്-അറ്റ്‌ലാന്റിക് ബന്ധത്തിലെ വലിയ വിള്ളലായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീന്‍ലന്‍ഡിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഡെന്മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗമാകാന്‍ അവര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
Content Summary; ; ‘Stop threatening to take over Greenland,’ Denmark’s prime minister has urged Donald Trump
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.