June 30, 2026 |

വിട; വിനീതനായ നേതാവിൻ്റെ തൊഴിലാളിയായ അമ്മക്ക്

മന്ത്രിയായ മകനോട് ചിന്ന പറഞ്ഞു: ‘ഇതൊന്നും ശാശ്വതമല്ല; സ്ഥിരം ജോലി നോക്കണം’

”ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു.” ചിന്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കെ രാധാകൃഷണൻ ഫേസ്ബുക്കിൽ കുറിച്ചു. ഭർത്താവിന്റെ മരണത്തോടെ പുള്ളിക്കാനത്ത് നിന്ന് ചേലക്കരയിലേക്ക് മക്കളെയും കൊണ്ട് ചേക്കേറിയ ഒരമ്മ. മന്ത്രിയുടെ അമ്മ എന്ന പത്രാസൊന്നുമില്ലാതെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസവും പറമ്പിൽ, ചേനയും ചേമ്പും കാച്ചിലുമൊക്കെ നട്ടും നനച്ചും നടക്കുകയായിരുന്നു ചിന്ന. മകൻ മന്ത്രിയാവുന്നത് പോലെ ചിന്നയ്ക്ക് സന്തോഷം നൽകുമായിരുന്നു മുറ്റത്ത് പൂത്തും കായ്ച്ചും നിൽക്കുന്ന ചെടികളും.

പുള്ളിക്കാനത്തെ തേയിലത്തോട്ടത്തിൽ നിന്നും കേരളത്തിന്റെ മന്ത്രി കസേരകളിലേക്കും, കേരള നിയമസഭയുടെ അധ്യക്ഷ പദവിയിലേക്കും ഇപ്പോൾ ഇന്ത്യൻ പാർലമെന്റിന്റെ അകത്തളങ്ങളിലേക്കും കടന്നുപോകാൻ കെ രാധാകൃഷ്ണൻ എന്ന മനുഷ്യനെ പ്രാപ്തനാക്കിയ അമ്മ ഇനിയില്ല. ‘ഇതൊന്നും ശാശ്വതമാകണമെന്നില്ല, അതുകൊണ്ട് സ്ഥിരമായ ഒരു ജോലിക്ക് നീ ശ്രമിക്കണം. പക്ഷെ ജനങ്ങളെ മറക്കരുത്” കൊച്ചുപ്രായത്തിൽ മന്ത്രിയായെങ്കിലും അമ്മ മകന് കൊടുത്ത ഉപദേശം അതായിരുന്നു. ആ അമ്മയെ കേട്ടുകൊണ്ട് എക്‌സൈസ് ഗാർഡ് പിഎസ്‌സി പരീക്ഷ എഴുതാൻ പോയ ചരിത്രവും രാധാകൃഷ്ണനുണ്ട്.

k radhakrishnan

38 വർഷം പള്ളിക്കാനത്തെ തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ചിന്ന. ഓണത്തിനും വിശേഷ ദിവസങ്ങളിലുമെല്ലാം തനിക്ക് ആരെങ്കിലുമൊരു മുണ്ട് തരും, അത് മകൻ വഴിയുള്ള സ്‌നേഹം കൊണ്ടാണെന്നും അത് അയാൾ നൽകുന്ന ഏറ്റവും വലിയ സമ്മാനമായും അവർ കരുതിയിരുന്നു.

മകൻ രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുമ്പോൾ ഏതൊരു സാധാരണ മലയാളി അമ്മയെയും പോലെ തടഞ്ഞ കാലം അവർക്കുമുണ്ടായിരുന്നു. ”ഞങ്ങൾക്ക് പേടിയായിരുന്നു. അന്ന് രാഷ്ട്രീയക്കാരെയൊക്കെ ഇല്ലാതാക്കുന്ന കാലമല്ലേ..” എന്ന് ചിന്ന പറഞ്ഞപ്പോൾ അച്ഛൻ കൊച്ചുണ്ണിയാണ് പിന്തുണ നൽകിയത്. ആ വാക്കിലാണ് രാധാകൃഷ്ണൻ മന്ത്രിയായതും, താൻ മന്ത്രിയുടെ അമ്മയായതുമെന്ന് ആ അമ്മ എപ്പോഴും പറഞ്ഞിരുന്നു.

k radhakrishnan

താൻ മരിച്ചുപോയാൽ മകൻ ഒറ്റപ്പെടുമോ എന്ന ആകുലത എപ്പോഴും അവരുടെ മനസിനെ അലട്ടിയിരുന്നു. താനും അവന്റെ പെങ്ങന്മാരും നിർബന്ധിച്ചിട്ടും, പിണറായിയും, നായനാകരും പറഞ്ഞിട്ടും രാധാകൃഷ്ണൻ കേൾക്കാതെ പോയ ആ കാര്യം അമ്മയെ അലട്ടിയിരുന്നു.

കെ രാധാകൃഷ്ണൻ എന്ന മന്ത്രിക്ക്, മനുഷ്യന് ജനങ്ങൾ നൽകിയിരുന്ന സ്നേഹത്തിന്റെ പങ്ക് എപ്പോഴും ചിന്നയ്ക്കും ലഭിച്ചിരുന്നു. ചേലക്കരക്കാർക്കു കെ. രാധാകൃഷ്ണൻ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. ഏത് വിഷമഘട്ടത്തിലും തങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന, നാടിന്റെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന നാട്ടുകാരുടെ സ്വന്തം രാധേട്ടൻ. മകന്റെ വിജയങ്ങളിൽ ബഹളങ്ങളേതുമില്ലാതെ അഭിമാനിക്കുയും സന്തോഷിക്കുകയും ചെയ്ത ആ അമ്മ യാത്രയായി, വിട.

content summary; story of k radhakrishnan’s mother chinna

Leave a Reply

Your email address will not be published. Required fields are marked *

×