പോലീസിനും നിയമവ്യവസ്ഥക്കും പിടികൊടുക്കാത്ത സമർത്ഥരായ കൊടും കുറ്റവാളികൾ മനുഷ്യചരിത്രത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. പക്ഷെ മലയാളികൾക്കിടയിൽ അരും കൊല ചെയ്ത പിടികിട്ടാപ്പുള്ളിയെന്നാൽ അത് “സുകുമാര കുറുപ്പാ”ണ്. ഒരിടവേളക്ക് ശേഷം കേരളത്തിൽ ‘സുകുമാര കുറുപ്പ് കേസ്’ വീണ്ടും ചർച്ചയാകുകയാണ്. 1988 -ൽ ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന് ബൊക്കാറോ ജനറൽ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടി വന്ന സുകുമാര കുറുപ്പ്, തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി രക്ഷപ്പെട്ടെങ്കിലും തകരാറിലായ ഹൃദയവുമായി അയാൾ എത്ര കാലം ജീവിച്ചു കാണും? റിട്ടയേർഡ് പോലീസുദ്യോഗസ്ഥനായ അലി അക്ബർ വെളിപ്പെടുത്തിയ പോലെ കുറുപ്പ് 2017 വരെയും ജീവിച്ചിരിക്കാൻ എത്രത്തോളം സാധ്യതയുണ്ട്?
1988-ൽ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ സിറ്റിയിലെ ജനറൽ ഹോസ്പിറ്റലിൽ സുകുമാര കുറുപ്പിനെ കണ്ടുവെന്നും താൻ കുറുപ്പിനെ മനസ്സിലാക്കിയെന്ന് ബോധ്യമായപ്പോൾ അവിടെ നിന്ന് കുറുപ്പ് രക്ഷപ്പെട്ടെന്നുമുള്ള, ആ കാലത്ത് അവിടെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന രത്നമ്മയുടെ മൊഴിയാണ് മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. മകളുടെ വിവാഹം കൂടാനുൾപ്പെടെ കുറുപ്പ് ഒന്നിൽക്കൂടുതൽ തവണ കേരളത്തിൽ വന്നുവെന്നും പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുടെ സഹായം കുറുപ്പിന് കിട്ടിയെന്നുമുള്ള റിട്ടയേർഡ് പോലീസുദ്യോഗസ്ഥൻ അലി അക്ബറിന്റെ ഗുരുതരമായ വെളിപ്പെടുത്തലുകളും വന്നതോടെ കേസിന്റെ ദുരൂഹത വർധിക്കുകയാണ്. 2017 -ൽ സുകുമാര കുറുപ്പിനെ കണ്ടെത്താനായി നടത്തിയ പുനരന്വേഷണത്തിന് നേതൃത്വം കൊടുത്ത പോലീസുദ്യോഗസ്ഥനായിരുന്നു അലി അക്ബർ.

1988 -ൽ ജാർഖണ്ഡിലെ ബൊക്കാറോ ജനറൽ ഹോസ്പിറ്റലിൽ സുകുമാര കുറുപ്പിനെ കണ്ടെന്ന വാർത്ത അവിടെ നേരിട്ടെത്തി അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത മലയാള മനോരമ ലേഖകനായിരുന്നു എൻ.വി മോഹൻ. ബൊക്കാറോ സ്റ്റീൽ പ്ലാന്റിലെ ഒരു സീനിയർ ഉദ്യോഗസ്ഥനാണ് സുകുമാര കുറുപ്പെന്ന് ശക്തമായി സംശയിക്കപ്പെടുന്ന ഒരാൾ ബൊക്കാറോ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും പിന്നീട് തിരിച്ചറിഞ്ഞെന്ന ഭയത്താൽ അവിടന്ന് രക്ഷപ്പെട്ടെന്നുമുള്ള വിവരം എൻ.വി മോഹനെ അറിയിക്കുന്നത്. കുറുപ്പെന്ന് സംശയിക്കപ്പെടുന്നയാളെ ചികിത്സിച്ച ഡോക്ടറെ എൻ.വി മോഹൻ ബൊക്കാറോയിൽ നേരിട്ടെത്തി കണ്ടു. ഡോക്ടർ പറഞ്ഞതനുസരിച്ച്, കാറോടിച്ച് പോകുന്നതിനിടെ സുകുമാര കുറുപ്പിന് കടുത്ത നെഞ്ച് വേദന വരുകയായിരുന്നു. അങ്ങനെയാണ് അയാൾ ബൊക്കാറോ ജനറൽ ഹോസ്പിറ്റലിലെ എമെർജൻസിയിലെത്തുന്നത്. കുറുപ്പിന് ഒരു മാസ്സീവ് ഹാർട്ട് അറ്റാക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു. കൃത്യ സമയത്ത് ചികിത്സ കിട്ടയത് കൊണ്ട് കുറുപ്പ് ആ ഹാർട്ട് അറ്റാക്ക് അതിജീവിക്കുകയായിരുന്നു. ഐ.സി.യു -വിൽ നിന്ന് ജനറൽ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സുകുമാര കുറുപ്പിന്റെ നാട്ടുകാരിയും ഹോസ്പിറ്റലിൽ നഴ്സിംഗ് സ്റ്റുഡന്റും ആയിരുന്ന രത്നമ്മ കുറുപ്പിനെ കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ അത് സുകുമാര കുറുപ്പാണെന്ന് രത്നമ്മ മനസ്സിലാക്കി. കുറുപ്പുമായി സംസാരിക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയാണ് അഡ്മിറ്റ് ആയിരിക്കുന്നതെന്ന് മറ്റുള്ളവരെ രത്നമ്മ അറിയിക്കുമ്പോഴേക്കും കുറുപ്പ് അവിടുന്ന് രക്ഷപ്പെട്ടിരുന്നു. ബൊക്കാറോ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയത് സുകുമാര കുറുപ്പ് തന്നെയാണെന്ന് പിന്നീട് പോലീസും തീർപ്പാക്കിയാതാണ്. കുറുപ്പിനെ ചികിത്സിച്ച ഡോക്ടറോട് അയാളെ അഡ്മിറ്റാക്കിയ സമയത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ എൻ.വി മോഹൻ ചോദിച്ചറിഞ്ഞിരുന്നു. വളരെ സീരിയസ് ആയ ഹാർട്ട് അറ്റാക്ക് ആയിരുന്നു കുറുപ്പിന് സംഭവിച്ചിരുന്നത്. തുടർചികിത്സയും തീവ്രപരിചരണവും അത്യാവശ്യമായ സ്ഥിതിയായിരുന്നു. വണ്ടിയോടിച്ച് അവിടന്ന് രക്ഷപ്പെട്ട സുകുമാര കുറുപ്പിന് മറ്റൊരു ഹോസ്പിറ്റലിൽ ചികിത്സ കിട്ടിയില്ല എന്നുണ്ടെങ്കിൽ അതിജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നതെന്നാണ് കുറുപ്പിനെ ചികിത്സിച്ച ഡോക്ടർ അന്ന് പങ്കുവെച്ച വിവരം. വാർത്താകുറിപ്പിൽ ഡോക്ടറിന്റെ വാചകങ്ങൾ എൻ.വി മോഹൻ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കുറുപ്പിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നെങ്കിലും ദുർഘടമായ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള മനോബലമുള്ളയാൾ എന്ന നിലയിൽ അയാൾ വേറൊരു ഹോസ്പിറ്റലിൽ എത്തി തുടർചികിത്സ നേടിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. അങ്ങനെ അയാൾ ആരോഗ്യം വീണ്ടെടുത്ത് ജീവിച്ചു എന്ന് കരുതിയാൽ തന്നെയും സ്വന്തം നാട്ടിൽ വന്ന് മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ മാത്രം ബുദ്ധിമോശം സുകുമാര കുറുപ്പ് കാണിക്കുമോ എന്ന യുക്തിപരമായ ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്.
എന്നിരുന്നാലും അലി അക്ബർ ആരോപിക്കുന്നത് പോലെ സുകുമാര കുറുപ്പിന് രക്ഷപെടാൻ പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതർ സഹായിച്ചിട്ടുണ്ടോയെന്ന് തീർച്ചയായും അന്വേഷിക്കേണ്ടത് തന്നെയാണ്. 2017 -ൽ നടന്ന പുനരന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ സമർപ്പിച്ച റിപ്പോർട്ട് പുനഃപരിശോധിക്കും എന്നാണ് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ പറഞ്ഞിരിക്കുന്നത്.
Content Summary: The resurfacing of the Sukumara Kurup case has revived questions about whether he survived a massive heart attack in 1988 and remained alive until 2017, alongside fresh allegations that influential figures helped him evade arrest, prompting renewed scrutiny of the investigation.