June 04, 2026 |

ഇന്ത്യയിലെ നീതിദേവത കണ്ണു തുറക്കുന്നു

ഇന്ത്യയുടെ പുതിയ നീതി ദേവത കണ്ണ് തുറന്നു നില്‍ക്കുന്ന കാരുണ്യഭാവമുള്ള ഒരു ഇന്ത്യന്‍ വനിതയാണ്

കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന ജസ്റ്റിഷ്യ ദേവത ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു. ഇത് സന്തോഷകരമായ ഒരു കാര്യമാണ്. വ്യക്തിപരമായും പീപ്പിള്‍ ഫോര്‍ ബെറ്റര്‍ സൊസൈറ്റി പ്രസിഡന്റ് എന്ന നിലയിലും ഈ സിംബലിനെതിരേ നിരന്തരം എഴുതുകയും സര്‍ക്കാരിലേക്കും സുപ്രിം കോടതിയിലേക്കും കത്തയയ്ക്കുകയും ചെയ്തിരുന്നതാണ്. എന്നെപ്പോലെ അനേകര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടാകും. നിയമ സംവിധാനം കണ്ണടച്ചല്ല ഇരിക്കേണ്ടത്, കണ്ണ് തുറന്നു തന്നെയാണ്. എന്നു മാത്രമല്ല, നീതിക്ക് നേരെയും അനീതിക്ക് എതിരെയുമാകണം ആ തുറന്നിരിപ്പ് എന്നതും പ്രധാനമാണ്.

ഇന്ത്യയുടെ പുതിയ നീതി ദേവത കണ്ണ് തുറന്നു നില്‍ക്കുന്ന കാരുണ്യഭാവമുള്ള ഒരു ഇന്ത്യന്‍ വനിതയാണ്. വലത് കൈയില്‍ നീതിയുടെ തുലാസും ഇടത് കൈയില്‍ ഇന്ത്യന്‍ ഭരണഘടനയും പിടിച്ചാണ് നില്‍പ്പ്. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പുതിയ നീതി ദേവതയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുപ്രിം കോടതിയിലെ ജഡ്ജിമാര്‍ക്കുള്ള ലൈബ്രറിയില്‍ പ്രതിമ അനാച്ഛാദനം ചെയ്തു.

നേരത്തെ ഉണ്ടായിരുന്ന നീതി ദേവത റോമാക്കാരിയായിരുന്നു. കോളനി ഭരണത്തില്‍ ദേശവാസികളെ മുഖം നോക്കാതെ ശിക്ഷിക്കാന്‍ കണ്ണുംകെട്ടി, വാളുമായി നിന്ന അവരുടെ കണ്ണില്‍ കാരുണ്യമായിരുന്നോ ക്രൂരതയായിരുന്നോ എന്നറിയില്ല. കണ്ണ് മൂടിയിരിക്കയായിരുന്നല്ലോ.

കണ്ണടച്ച് വസ്തുനിഷ്ഠതയെയും നിഷ്പക്ഷതയെയും പ്രതിനിധീകരിക്കുകയായിരുന്നു നീതിദേവത എന്നാണ് പറയപ്പെടുന്നത്. പക്ഷപാതമോ മുന്‍വിധിയോ ഇല്ലാതെ നീതി നടപ്പാക്കാനാണ് ഇങ്ങനെയൊരു സിംബല്‍ കൊണ്ടുവന്നത് എന്നും പറയപ്പെടുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരേയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, വ്യക്തികളുടെ പദവിയോ സമ്പത്തോ അധികാരമോ വിലയിരുത്തപ്പെടുന്നത് നീതി ദേവത കാണുന്നില്ല എന്നതാണ് ആശയം. രസകരമെന്നു പറയട്ടെ, നീതിയുടെ ആദ്യകാല ചിത്രീകരണങ്ങളില്‍ നീതിദേവത കണ്ണടച്ചിരുന്നില്ല. ഈ ഘടകം പതിനാറാം നൂറ്റാണ്ടില്‍ കൂടുതല്‍ സാധാരണമായിത്തീര്‍ന്നു.

സന്തുലിതത്വത്തിന്റെയും നീതിയുടെയും പ്രതീകമാണ് തുലാസ്. സത്യം എവിടെയാണെന്ന് നിര്‍ണയിക്കാന്‍ ഒരു നിയമ വാദത്തിന്റെയോ കേസിന്റെയോ ഓരോ വശവും ശ്രദ്ധാപൂര്‍വ്വം തൂക്കിനോക്കുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. നീതി സന്തുലിതവും യുക്തിസഹവും ആയിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്. വാള്‍ നടപ്പാക്കലിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്. വാള്‍ നീതിയുടെയും നിയമത്തിന്റെ ശക്തിയുടെയും നിര്‍വഹണത്തെ പ്രതിനിധീകരിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കാനും നിരപരാധികളെ സംരക്ഷിക്കാനും നീതിക്ക് ശക്തിയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. വാളിന്റെ ഇരുതല മൂര്‍ച്ചയുള്ള സ്വഭാവം, കേസിന്റെ ഫലത്തെ ആശ്രയിച്ച്, നീതി കരുണയുള്ളതോ കഠിനമോ ആയിരിക്കുമെന്നും വേഗതയെയും പ്രതീകപ്പെടുത്തിയിരുന്നു. വാള്‍ ന്യായമായും എന്നാല്‍ അനാവശ്യ കാലതാമസമില്ലാതെയും പ്രയോഗിക്കണം എന്നതായിരുന്നു സൂചന.

ജ്ഞാനം, ധര്‍മ്മം, നീതി എന്നിവയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ദേവതയിലാണ് എന്ന സങ്കല്‍പ്പത്തില്‍ നിന്നാകാം നീതിക്ക് ദേവനു പകരം ദേവത വന്നത്. പുരാതന കാലത്ത്, തെമിസും (ഗ്രീക്ക്), ജസ്റ്റീഷ്യയും (റോമന്‍) ധാര്‍മ്മിക ക്രമത്തിന്റെ സ്ത്രീ കഥാപാത്രങ്ങളായി ബഹുമാനിക്കപ്പെട്ടിരുന്നു, അതാകാം ഇത്തരമൊരു തീരുമാനത്തിന് പ്രചോദനമായത്. ചില ചിത്രീകരണങ്ങളില്‍, നീതി ദേവത ഒരു കിരീടമോ മേലങ്കിയോ ധരിച്ചിരിക്കുന്നത് കാണാം. അത് അന്തസ്സും ധാര്‍മ്മിക അധികാരവും നിയമവ്യവസ്ഥയുടെ ഉയര്‍ന്ന നിലവാരവും സൂചിപ്പിക്കാനാകാം.

ഇന്ത്യന്‍ ദേവത വാള്‍ ഉപേക്ഷിച്ചു. പകരം ഭരണഘടനയെ കൈയ്യിലെടുത്തു. ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അവകാശങ്ങള്‍ക്കായി നിയമം പോരാടും എന്നതാണ് വ്യക്തമാക്കുന്നത്. തുല്യത പ്രാപിച്ച തുലാസിന് മാറ്റമില്ല. കണ്ണു തുറന്നു പിടിച്ച് നീതിക്കായി മാത്രം പോരാടും എന്നുറപ്പിക്കുകയാണ് നീതി ദേവത. ഇതിനനുസരിച്ച് ഒരു മാറ്റം നിയമസംവിധാനത്തില്‍ പൊതുവെ ഉണ്ടാകുമോ എന്നറിയില്ല, എങ്കിലും ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ. ഇനി മാറേണ്ടത് ആ കറുത്ത കോട്ടാണ്. ഇന്ത്യന്‍ വേഷത്തിലേക്ക് അതും മാറുന്ന കാലം അകലെയല്ല എന്നു പ്രതീക്ഷിക്കാം. Supreme Court of India has unveiled a new Lady of Justice statue

Content Summary; Supreme Court of India has unveiled a new Lady of Justice statue

വി.ആര്‍. അജിത് കുമാര്‍

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×