ആശ വർക്കർമാരെ തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയത് സമരക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. സംസ്ഥാന സർക്കാരിന് ‘ആശ’ മാരെ തൊഴിലാളികൾ ആക്കാമെന്നാണ് തിരുവനന്തപുരത്തെ സമര പന്തലിൽ വന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘ഇവിടെ ശ്രീ ശിവൻകുട്ടിയും ശ്രീമതി വീണ ജോർജും വിചാരിച്ചാൽ നിങ്ങളെ ആ കാറ്റഗറിയിലേക്കു മാറ്റാൻ പറ്റും.’ കേരളത്തിലെ മന്ത്രിമാരായ ശിവൻകുട്ടിയും വീണ ജോർജും വിചാരിച്ചാൽ ആശ പ്രവർത്തകരെ തൊഴിലാളികൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞത് യാതൊരു അടിസ്ഥാനവുമില്ലെന്നതിനു കേന്ദ്ര മാനദണ്ഡങ്ങൾ തന്നെയാണ് തെളിവ്. Suresh Gopi is lying about the issue of Asha workers during the Asha workers’ protest
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് കീഴിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് ഒരു ഗ്രാമത്തിന് ഒരു കമ്യൂണിറ്റി ഹെൽത്ത് വാളണ്ടിയർ അല്ലെങ്കിൽ ആശ പ്രവർത്തക എന്നത്. ആശ പ്രവർത്തകരുടെ പരിശീലനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും കാര്യത്തിൽ തീരുമാനമെടുക്കുന്നത് കേന്ദ്ര സർക്കാരാണെന്നും ഓരോ പ്രദേശത്തെ അടിസ്ഥാനപ്പെടുത്തി, ജനസംഖ്യയിലും, വിദ്യാഭ്യാസ യോഗ്യതയിലും ഇളവുകൾ വരുത്താനുള്ള സ്വാതന്ത്ര്യമാണ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.
ആശ പ്രവർത്തകരുടെ ജോലികൾ എന്തെല്ലാമാണ്, അവരുടെ പ്രതിഫലം എന്താണ്, അവരെ നിയമിക്കുന്നത് എങ്ങനെയാണ്, അവർക്കുള്ള പരിശീലനം നൽകുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വെബ്സൈറ്റിൽ പറയുന്നു.
എന്നാൽ ആശാ പ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ അതാത് സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.
ആശ പ്രവർത്തകർ എന്നത് ഒരു കേന്ദ്ര സർക്കാർ പദ്ധതി ആയതിനാൽ അവരുടെ കാറ്റഗറി മാറ്റുക, തൊഴിലാളികളായി അംഗീകരിക്കുക എന്നതൊക്കെ കേന്ദ്ര സർക്കാറിന് കീഴിൽ വരുന്ന കാര്യങ്ങളാണെന്ന് മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ആശ പ്രവർത്തകർ എന്നാൽ അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നാണ്. പദ്ധതിയുടെ പേരിൽ തന്നെ അവർ പ്രവർത്തകരാണ് എന്നത് വ്യക്തമാണ്. കേന്ദ്രം വിഭാവനം ചെയ്ത പദ്ധതിയിൽ തന്നെ ആശ എന്നാൽ പ്രവർത്തകരാണ് എന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയിലെ പ്രവർത്തകരെ സംസ്ഥാന സർക്കാരുകൾക്ക് തൊഴിലാളികളാക്കാൻ കഴിയില്ല എന്നിരിക്കെയാണ് ഒരു കേന്ദ്രമന്ത്രി തന്നെ അവാസ്തവമായ കാര്യം പറഞ്ഞു സമരം ചെയ്യുന്ന സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ആശ പ്രവർത്തകർക്കു കേന്ദ്രം നൽകേണ്ടതെല്ലാം നൽകിയെന്നും യൂട്ടിലൈസേഷൻ സർട്ടിഫക്കേറ്റ് നൽകേണ്ടത് കേരളമാണെന്നുള്ള വാദവും കേന്ദ്രമന്ത്രി സുരേ് ഗോപി ആരോപിച്ചിരുന്നു. യൂടിലൈസേഷൻ സർട്ടിഫിക്കറ്റ് കേരളം ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളുടെ മുന്നിൽ നിന്നു സുരേഷ് ഗോപി ആരോപിച്ചത്. കേരളം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അടുത്ത ഗഡു നൽകില്ലെന്ന വെല്ലുവിളിയും സുരേഷ് ഗോപി നടത്തിയിരുന്നു.
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേരളം നൽകിയതാണെന്നും 2023-24 സാമ്പത്തിക വർഷം കോബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞ പണം തന്നില്ലെന്നുമുള്ള കേരളത്തിന്റെ വാദം ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട്, കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ കള്ളം പറയുമോ എന്നായിരുന്നു സുരഷ് ഗോപി ചോദിച്ചത്. ആരാണ് കള്ളം പറയുന്നതെന്നും, കേരളത്തിൽ നിന്നും സർജിക്കൽ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി സമരപന്തലിൽ നിന്ന് കേരള സർക്കാനുള്ള മുന്നറിയിപ്പെന്നോണം പറഞ്ഞിരുന്നു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ വാദം തെറ്റാണെന്ന് കേരള നിയമസഭയുടെ മേശപ്പുറത്ത് വച്ച് രേഖകൾ സഹിതം സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് തിരിച്ചടിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ എൻ എച്ച് എം പദ്ധതികൾക്ക് പണം ചെലവാക്കിയതിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി വീണ ജോർജ് സഭയിൽ അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന് തരാനുള്ള മുഴുവൻ തുകയും അനുവദിച്ചുവെന്ന തരത്തിലുള്ള പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പിന്നീട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കോബ്രാൻഡിങ്ങിന്റെ പേരിൽ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാഷ് ഗ്രാന്റിൽ പണമൊന്നും കേന്ദ്രം നൽകിയിട്ടില്ല. ഇത് സംബന്ധിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നേരത്തെ തന്നെ കേന്ദ്രത്തിന് നൽകിയിരുന്നു. 2025 വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിങ് റിപ്പോർട്ടുകളും ഇതിനോടകം തന്നെ അയച്ചിരുന്നു. ഈ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിക്കുമ്പോളാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ നൽകിയ രേഖകൾ സഭയിൽ വച്ചുകൊണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, കേന്ദ്ര സഹമന്ത്രിയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത്.
2023-24 വർഷത്തിൽ എൻ.എച്ച്.എം-ന് കേന്ദ്രം നൽകാനുള്ള തുക സംബന്ധിച്ച് 27.11.2023, 24.06.2024, 17.10.2024 എന്നീ തീയതികളിൽ ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും, സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24 വർഷത്തിൽ കേന്ദ്ര വിഹിതം നൽകാനുണ്ട് എന്നുള്ളത് വ്യക്തമാണ്. രേഖകൾ മുന്നിലുള്ളപ്പോൾ തന്നെയാണ് സുരേഷ് ഗോപി മറിച്ചുള്ള ആരോപണങ്ങൾ ഉയർത്തുന്നത്.
എൻഎച്ച്എമ്മിന്റെ ആശ ഉൾപ്പെടെയുള്ള സ്‌കീമുകൾക്കോ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് അനുവദിച്ചിരുന്നില്ലെന്നാണ് സംസ്ഥാനം പറയുന്നത്. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയിൽ ഇൻഫ്രാസ്ട്രക്ച്ചർ മെയിന്റനൻസിനും കൈൻഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാൽ ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ബാക്കി 636.88 കോടി ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്രം തരാനുള്ളതെല്ലാം തന്നെന്നു സുരേഷ് ഗോപിയും സംസ്ഥാന ബിജെപിഘടകവും പ്രചാരണം നടത്തുമ്പോഴും, യഥാർത്ഥ്യങ്ങൾ രേഖകളായി പൊതുസമക്ഷത്തിൽ തന്നെയുണ്ട്. Suresh Gopi is lying about the issue of Asha workers during the Asha workers’ protest
content summary; Suresh Gopi is lying about the issue of Asha workers during the Asha workers’ protest