June 04, 2026 |
Avatar
അമർനാഥ്‌
Share on

ആനി തയ്യിലെന്ന ആണ്‍കുട്ടിയും അഞ്ചരലക്ഷം കേസ് എന്ന സ്‌കൂപ്പും

ആനി തയ്യിലിനെ അട്ടിമറിക്കാന്‍ നേതാക്കള്‍ തന്നെ പാരവച്ചു

രാഷ്ട്രീയമായാലും, സാഹിത്യമായാലും, പത്രപ്രവര്‍ത്തനമായാലും സ്വന്തം വ്യക്തിത്വത്തെ ഉറപ്പിക്കുവാന്‍ സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങളെ തമസ്‌ക്കരിക്കുന്ന പുരുഷാധിപത്യത്തെ തന്റെ നിലപാടുകളിലൂടെ നേരിട്ട ഒരസാധാരണ വനിതയായിരുന്നു ആനി തയ്യില്‍. ഇന്ന് ആനി തയ്യിലിന്റെ ചരമവാര്‍ഷികമാണ്. കൊച്ചി സംസ്ഥാനത്തെ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ വ്യക്തിത്വവും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കൊച്ചി സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച ആദ്യ സ്ത്രീകളില്‍ ഒരാളുമായിരുന്നു ആനി തയ്യില്‍. 1945 നും 1951 നും ഇടയില്‍ അവര്‍ കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു, രാഷ്ട്രീയക്കാരി, പത്രപ്രവര്‍ത്തക, പരിഭാഷക, സാമൂഹിക പ്രവര്‍ത്തക എന്നീ നിലയില്‍ ഏറെ ശ്രദ്ധേയമായ വ്യക്ത്വമായിരുന്നു ആനി തയ്യിലിന്റെത്. കേരള രാഷ്ട്രീയ രംഗത്ത് ഏറ്റവും ശക്തമായി വിമത ശബ്ദമുയര്‍ത്തിയ രാഷ്ട്രീയക്കാരിയെന്ന് അറിയപ്പെട്ട ആനി തയ്യില്‍ മുഖം നോക്കാതെ തെറ്റുകളെ വിമര്‍ശിക്കുന്ന ശക്തയായ വാഗ്മിയായിരുന്നു.

നിയമം പഠിച്ച് അഭിഭാഷകയായി, അനീതിക്ക് ഇരകളായ സ്ത്രീകള്‍ക്കും, സാമ്പത്തികമായി അവശതയനുഭവിച്ചവര്‍ക്കുമായി കോടതികളില്‍ സൗജന്യമായി അവര്‍ വാദിച്ചിരുന്നു. ‘കേരളത്തിലെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസ് നിയന്ത്രിക്കുന്നത് ഒരു നിര്‍ഗുണനും’ ഒരു ദുര്‍ഗുണനുമാണ് – ഒരിക്കല്‍ ആനി തയ്യില്‍ എ.കെ. ആന്റണിയേയും കെ. കരുണാകരനേയും ഉന്നം വെച്ച് വിമര്‍ശിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയും എം.എല്‍ എ യുമായ ലോനപ്പന്‍ നമ്പാടന്‍ പിന്നീട് സൈലന്റ് എന്നും വയലന്റ് എന്നും ആന്റണിയേയും കരുണാകരനേയും വിശേഷിപ്പിച്ചത്. ആനി തയ്യിലിനെപ്പോലെ കോണ്‍ഗ്രസില്‍ ഒരു വനിതാ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. എപ്പോഴും തന്റെ നിലപാടുകളില്‍ അടിയുറച്ച് നിന്ന ആനി തയ്യിലിനെപ്പോലെ ഒരു വനിതാ രാഷ്ടീയ നേതാവിനെ, കേരള രാഷ്ട്രീയ രംഗത്ത് ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍, അത് കെ.ആര്‍. ഗൗരി മാത്രമാണ്. എപ്പോഴും ശുദ്ധ ശുഭ്രമായ സാരിയും ബ്ലൗസും വേഷം. ആരെയും കൂസാത്ത പ്രകൃതം. പരുക്കന്‍ സ്വരവും ഭാവഭേദങ്ങളും അതാണ് ആനി തയ്യില്‍ എന്ന പെണ്‍കരുത്ത്.

ആനി തയ്യിൽ ഒരു സ്വീകര യോഗത്തിൽ

എഴുപത്തഞ്ചു കൊല്ലം മുന്‍പ് കേരളത്തിലാദ്യമായി ഒരു പത്രപ്രവര്‍ത്തകയുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടന്ന കച്ചവട ഇടപാടില്‍ ഒരു മന്ത്രി അഴിമതി നടത്തി എന്നായിരുന്നു വാര്‍ത്ത. ആനി തയ്യില്‍ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്തയാണ് ഒരു പത്രപ്രവര്‍ത്തകയുടെ മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യ വാര്‍ത്താ സ്‌കൂപ്പ്. 1948 ല്‍ കേരള സംസ്ഥാനമുണ്ടാകുന്നതിനു മുന്‍പ് തിരു-കൊച്ചിയില്‍ കോളിളക്കമുണ്ടാക്കിയ അഴിമതിക്കേസായിരുന്നു ‘അഞ്ചരലക്ഷം കേസ്’ എന്നറിയപ്പെട്ട ‘വെളിച്ചെണ്ണ കേസ്.’ തിരു-കൊച്ചിയിലെ ഏറ്റവും പ്രമുഖ നേതാവും അന്നത്തെ ഭക്ഷ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുമായ പനമ്പിള്ളി ഗോവിന്ദമേനോനാണ് അന്ന് ആരോപണ വിധേയനായത്.
‘പ്രജാമിത്രം’ എന്ന തന്റെ ചെറിയ പത്രത്തിലാണ് പ്രത്യാഘാതങ്ങള്‍ ഒന്നും ഭയക്കാതെ ആനി തയ്യില്‍ എന്ന ധീരയായ പത്രപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നാട്ടുരാജ്യമായ കൊച്ചിയില്‍ ജോസഫ് മുണ്ടശ്ശേരിയുടെ ആശീര്‍വാദത്തോടെ ആനി തയ്യില്‍ ആരംഭിച്ച ദിനപത്രമായിരുന്നു പ്രജാമിത്രം. പത്രാധിപയും, സബ് എഡിറ്ററും റിപ്പോര്‍ട്ടറുമെല്ലാം ആനി തയ്യില്‍ തന്നെ.

ഈ വാര്‍ത്ത അച്ചടിച്ച് വന്നതോടെ കൊച്ചിയിലെ രാഷ്ട്രീയം കലങ്ങിമറിഞ്ഞു. അന്തരീക്ഷം ചൂടുപിടിച്ചു. മറ്റു പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തതോടെ കൊച്ചിയെന്ന ചെറുനാട്ടുരാജ്യത്തെ കോടികളുടെ വ്യാപാര ഇടപാടില്‍ മന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോന്‍ അഞ്ചരലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ആളിക്കത്തി.

പൊതുതിരഞ്ഞെടുപ്പിനു ശേഷം 1948 സെപ്റ്റംബര്‍ 20ന് ഒരു ജനകീയ മന്ത്രിസഭയായിരുന്നു കൊച്ചിയില്‍ അധികാരത്തിലെത്തിയത്. അന്നു കൊച്ചി ദിവാനായിരുന്ന സി.പി. കരുണാകരമേനോനും മന്ത്രിയായ പനമ്പിള്ളിയും ശത്രുതയിലായിരുന്നു. അക്കാലത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചു കയറി. കേന്ദ്രം വിലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നാട്ടുരാജ്യമായ കൊച്ചിയില്‍ വെളിച്ചെണ്ണ കയറ്റുമതിയുള്ളതിനാല്‍ കേരകര്‍ഷകരെ നിയന്ത്രണം ബാധിക്കുമെന്നതിനാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദംചെലുത്തി കൊച്ചി ഭരണകൂടം നിയന്ത്രണം നീക്കിച്ചു. പക്ഷേ, വില വീണ്ടും കുതിച്ചുയര്‍ന്നതിനാല്‍ സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്കു വെളിച്ചെണ്ണ കിട്ടാതെ വന്നു. ഇതിന് പരിഹാരം കാണാന്‍ ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ ഭക്ഷ്യവകുപ്പ് ഡയറക്ടറോട് പനമ്പിള്ളി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ നാട്ടുരാജ്യ സംയോജന ചര്‍ച്ചകള്‍ കൊണ്ടുപിടിച്ച് നടക്കുന്ന കാലമായിരുന്നു അത്. അതിനിടയില്‍ കൊച്ചി മഹാരാജാവ് പനമ്പിള്ളിയെ അടിയന്തരമായി കൊട്ടാരത്തില്‍ വിളിപ്പിച്ച് 1000 ടണ്‍ വെളിച്ചെണ്ണ നിയന്ത്രിത വിലയില്‍ ഹൈദരാബാദിലേക്കു കയറ്റി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു രഹസ്യമായി നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഹൈദരാബാദ് ഭരണാധികാരി നിസാം ഇന്ത്യന്‍ യൂണിയനില്‍ ചേരില്ലെന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സമയമായിരുന്നു അത്.

സി.കെ. ഗോവിന്ദൻ നായർ

പനമ്പിള്ളി ഇതിലെ അപകടം മനസ്സിലാക്കി. ഇത് അസാധ്യമാണെന്നും ഇതു ചെയ്താല്‍ നിയമസഭയില്‍ താന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നും പറഞ്ഞു. ഇതു നടന്നാല്‍ ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സാധ്യതയുണ്ടെന്നായിരുന്നു മഹാരാജാവിന്റെ വാദം. മഹാരാജാവ് സമ്മര്‍ദം ചെലുത്തിയപ്പോള്‍ അതു രാഷ്ട്രീയ വകുപ്പ് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും, ദിവാനുമായാണ് ചര്‍ച്ചചെയ്യേണ്ടതെന്നും പറഞ്ഞ് പനമ്പിള്ളി ഒഴിഞ്ഞുമാറി. മഹാരാജാവുമായി ചര്‍ച്ച നടത്തിയ ദിവാന്‍ സി.പി. കരുണാകര മേനോന്‍ ഈ നിര്‍ദേശത്തെ ശക്തിയായി എതിര്‍ത്തു.

പക്ഷേ, രാജാവ് 1000 ടണ്‍ വെളിച്ചെണ്ണ വിലയ്ക്കു വാങ്ങി ഉടനെ ഹൈദരാബാദിലേക്ക് അയയ്ക്കണമെന്ന് ഉത്തരവിട്ടു. മാര്‍ക്കറ്റ് നിരക്കും നിയന്ത്രിത നിരക്കും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അതു വാങ്ങി അയയ്ക്കുന്ന ഏജന്റിന് നല്‍കണമെന്നും ഈ തുക ഭക്ഷ്യവകുപ്പില്‍ ചേര്‍ക്കാതെ, രാഷ്ട്രീയ വകുപ്പില്‍പ്പെടുത്തി എഴുതണമെന്നുമായിരുന്നു നിര്‍ദേശം. നിയമസഭയില്‍ ചോദ്യം വരാതിരിക്കാനായിരുന്നു ഇത്. ഭക്ഷ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇതനുസരിച്ച് ദിവാന്‍ ഭക്ഷ്യവകുപ്പിലെ ഡയറക്ടറെ വിളിച്ചുവരുത്തി വേണ്ട നിര്‍ദേശം നല്‍കി. അയയ്ക്കുന്ന ആള്‍ക്ക് ഡയറക്ടറുടെ പേരില്‍ അഞ്ചര ലക്ഷം രൂപയുടെ രണ്ടു ചെക്കുകള്‍ എഴുതി നല്‍കാനും ദിവാന്‍ നിര്‍ദശം നല്‍കി. ഇതാണ് വിവാദമായ അഞ്ചര ലക്ഷക്കേസിന്റെ വ്യാപാര ഇടപാട്. ഇതിന്റെ കമ്മീഷനായി തേര്‍ഡ് പാര്‍ട്ടിക്കു കൊടുത്ത അഞ്ചര ലക്ഷം പനമ്പിള്ളിക്കായിരുന്നു എന്നായിരുന്നു ശക്തമായ ആരോപണം.

ആനി തയ്യില്‍ ഒരു തന്റേടിയായിരുന്നു. സാധാരണ വനിതാ കോണ്‍ഗ്രസുകാരെപ്പോലെ സൗമ്യയല്ല, തനി പരുക്കന്‍ സ്വഭാവക്കാരി. അക്കാലത്ത് അവര്‍ തൃശൂരില്‍ നിന്നു ജയിച്ച് തിരു-കൊച്ചി അസംബ്ലി മെംബറായിരുന്നു. വനിതാ പത്രപ്രവര്‍ത്തകയും പോരാതെ ഒരു ദിനപത്രത്തിന്റെ പത്രാധിപയും. സ്വാഭാവികമായും അവര്‍ക്കു കൊച്ചിയിലെ പത്രരംഗത്ത് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പനമ്പിള്ളിയെ തന്റെ പത്രത്തിലൂടെ എന്നും ശക്തിയായി അവര്‍ എതിര്‍ത്തു.
തൃശൂര്‍ രാമനിലയത്തിലേക്ക് ആനി തയ്യിലിനെ പനമ്പിള്ളി നേരിട്ടു വിളിച്ചു വരുത്തി പറഞ്ഞു: ‘ആനി എന്നെ എതിര്‍ത്താലുണ്ടല്ലോ, ഞാന്‍ പാഠം പഠിപ്പിക്കും.’
‘എന്തു പാഠം?’ ഒരു കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയായിരുന്ന ആനി ചോദിച്ചു.
‘അതപ്പോള്‍ കാണാം,’പനമ്പിള്ളി.
‘ആ…ശരി, അതപ്പോള്‍ ഞാനും കണ്ടോളാം,’ ആനി തയ്യില്‍.

എറണാകുളം പ്രദേശ് കമ്മറ്റി നേതാവ് കെ. പി. മാധവൻ നായർ

ദിവാനായ കരുണാകര മേനോന്‍ പനമ്പിള്ളിയുടെ എതിരാളിയായതിനാല്‍ പൊതുശത്രുവിനെതിരെ ഇരുവരും ഒന്നിച്ചു. അതിനിടയില്‍ ആരോപണം കൂടുതല്‍ ശക്തമായി. കൊച്ചി മഹാരാജാവിന്റെ (കേരളവര്‍മ) മകനായ പി.ജി. മേനോന് ഈ ഇടപാടില്‍ പങ്കുണ്ടെന്നു വാര്‍ത്ത പരന്നു. മഹാരാജാവിന്റെ മകനു കേസില്‍ പങ്കുണ്ടെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ മലയാള പത്രങ്ങളൊന്നും മഹാരാജാവിനു നല്‍കേണ്ടെന്ന് കൊട്ടാരം ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു. അങ്ങനെ മലയാള പത്രങ്ങള്‍ ഒന്നും രാജാവിനു നല്‍കാതെയായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഉച്ചയുറക്കം കഴിഞ്ഞു മഹാരാജാവ് ചായ കുടിക്കാനിരിക്കേ കഴിക്കാന്‍ നല്‍കിയ വട ഒരു കടലാസ് പൊതിയില്‍ ആണ് വച്ചിരുന്നത്. വട കഴിച്ച ശേഷം മഹാരാജാവ് പൊതിഞ്ഞ കടലാസ് എടുത്തു നോക്കി. കഷ്ടകാലത്തിന് അതു പ്രജാമിത്രം ദിനപത്രത്തിന്റെ പേജായിരുന്നു. ‘അഞ്ചര ലക്ഷം കേസില്‍ രാജാവിന്റെ പുത്രന്‍ ഗോപാല മേനോന്‍ കൂട്ടുപ്രതി,’ പ്രജാമിത്രത്തില്‍ വന്ന ഈ വാര്‍ത്ത വായിച്ചു മഹാരാജാവ് തലകറങ്ങി വീണു. ഏറെ താമസിയാതെ ഈ ആഘാതത്തില്‍ നിന്നു മോചിതനാവാതെ അദ്ദേഹം അന്തരിച്ചു.

ഈ വാര്‍ത്ത പത്രങ്ങളില്‍ വന്നതോടെ കൊച്ചിയിലെ ജനങ്ങള്‍ മുഴുവനും പനമ്പിള്ളിക്കെതിരായി. അക്കാലത്ത് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഒരു യോഗം നടന്നു. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ ആ യോഗത്തില്‍ പനമ്പിള്ളി പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ ജനം കൂവലോടു കൂവല്‍. പനമ്പിള്ളിയെ ഒരു വാക്കു പറയാന്‍ സമ്മതിക്കാതെ ജനം ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി: ‘അഞ്ചര ലക്ഷക്കള്ളന്‍…. അഞ്ചര ലക്ഷക്കള്ളന്‍, ഞങ്ങളുടെ കാശിവിടെ വയ്ക്കൂ.’ പനമ്പിള്ളി പറഞ്ഞു: ‘ശരി നിങ്ങളുടെ കാശ് വയ്ക്കാം.’ പെട്ടെന്നു ജനം നിശ്ശബ്ദരായി. ബഹളം അടങ്ങിയപ്പോള്‍ ബുദ്ധി രാക്ഷസനായ പനമ്പിള്ളി തുടര്‍ന്നു പറഞ്ഞു: ‘അഞ്ചര ലക്ഷം രൂപ പങ്കിട്ടാല്‍ ആളൊന്നുക്ക് അരയണയേ വരു. അതങ്ങു തന്നേക്കാം പിടിച്ചോളൂ. നാളെ എന്റെ വീട്ടിലേക്കു വന്നാല്‍ മതി. ചില്ലറ മാറ്റിവച്ചേക്കാം.’

കണക്കു കേട്ട് അന്തം വിട്ട ജനം ബഹളം നിര്‍ത്തി. പക്ഷേ, അതങ്ങനെ വിടാന്‍ കൊച്ചി അസംബ്ലി അംഗങ്ങള്‍ തയാറായിരുന്നില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി മീറ്റിങ് കൂടി. അതിനു മുന്‍പു വെറെയൊരു സംഭവം മറ്റാരുമറിയാതെ നടന്നിരുന്നു. ദിവാനായ സി.പി. കരുണാകര മേനോനും ആനി തയ്യിലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയില്‍ അഞ്ചര ലക്ഷം അഴിമതി സംഭാഷണ വിഷയമായപ്പോള്‍ ദിവാന്‍ ആനി തയ്യലിനോട് പറഞ്ഞു: ‘സത്യത്തില്‍ ഈ കാര്യത്തില്‍ പത്തു കാശ് പനമ്പിള്ളിക്കു കിട്ടിയിട്ടില്ല. കഴിഞ്ഞു പോയ കളവുകളുടെ ഭാരം പേറുകയാണയാള്‍.’

ഇത് ആനി തയ്യിലിനു മാത്രം കിട്ടിയ വാര്‍ത്തയായിരുന്നു. ഇതു പത്രത്തില്‍ കൊടുക്കണമോയെന്ന് ആലോചിക്കുമ്പോഴാണു ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം ചേര്‍ന്നത്. എം എല്‍ എ ആയ അഡ്വ എം. ഭാസ്‌കരമേനോന്‍ പനമ്പിള്ളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കെ.പി. മാധവന്‍ നായരാണു പിസിസി (പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) പ്രസിഡന്റ്. അദ്ദേഹമായിരുന്നു യോഗാധ്യക്ഷന്‍. തെളിവുകള്‍ പനമ്പിള്ളിക്കെതിരാണെന്നും കളവു കേസില്‍ പ്രതിയായ ഒരാള്‍ പാര്‍ട്ടി പ്രതിനിധിയായി മന്ത്രിയായിരിക്കാന്‍ പാടില്ലെന്നും ഞങ്ങള്‍ക്കതു വലിയ അപമാനമാണെന്നും ഭാസ്‌കരമേനോന്‍ പറഞ്ഞു. ‘പനമ്പിള്ളി ഈ നിമിഷം രാജിവയ്ക്കണം,’ പനമ്പിള്ളിയുടെ പതനം ഉറപ്പാക്കിയ മട്ടില്‍ ഭാസ്‌കരമേനോന്‍ ഇരുന്നു.

പനമ്പിള്ളി ഗോവിന്ദ മേനോൻ

അധ്യക്ഷനായ കെ.പി. മാധവന്‍ നായര്‍ പനമ്പിള്ളിയോടു ചോദിച്ചു: ‘എന്തെങ്കിലും സമാധാനം ഇതേക്കുറിച്ചു പറയാനുണ്ടോ?’ പനമ്പിള്ളി മറുപടിക്കായി എഴുന്നേറ്റു. അപ്പോഴേക്കും മെംബറായ ആനി തയ്യില്‍ ചാടിയെഴുന്നേറ്റു പറഞ്ഞു: ‘എനിക്കൊരു വാക്കു പറയാനുണ്ട്.’ എല്ലാ കണ്ണുകളും ആനി തയ്യിലിനു നേരെ തിരിഞ്ഞു. ‘ദിവാന്‍ സി പി കരുണാകര മേനോന്‍ എന്നോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. പനമ്പിള്ളിക്ക് ഈ അഞ്ചര ലക്ഷം കേസില്‍ പത്തു പൈസ പോലും കിട്ടിയിട്ടില്ല എന്ന്.’ എന്നിട്ടു ദിവാന്‍ കൊടുത്ത തെളിവുകളും സഭയില്‍ ഹാജരാക്കി. ‘ഞാനീ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വന്നോളൂ, ദിവാനെ കൊണ്ടു ഞാന്‍ നേരിട്ടു പറഞ്ഞു കേള്‍പ്പിച്ച് തരാം,’ ആനി തയ്യില്‍ ഉറക്കെ പ്രഖ്യാപിച്ചു.

ഉടനെ ഭാസ്‌കര മേനോന്‍ എഴുന്നേറ്റ് പറഞ്ഞു: ‘ദിവാന്‍ പറഞ്ഞെന്ന് ആനി ഇവിടെ പറഞ്ഞതു ഞാന്‍ വിശ്വസിക്കുന്നു. ആനി നുണ പറയില്ല. ഞാന്‍ എന്റെ അവിശ്വാസ പ്രമേയം പിന്‍വലിക്കുന്നു.’ യോഗം പിരിഞ്ഞു.
യോഗം കഴിഞ്ഞു പനമ്പിള്ളി ആനി തയ്യിലിനോട് പറഞ്ഞു: ‘ആനി ഇന്നെന്നെ രക്ഷിച്ചു. ഞാനിതൊരിക്കലും മറക്കില്ല.’ നിന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് ആനിയോട് പറഞ്ഞ അതേ പനമ്പിള്ളി ആനി തയ്യിലെന്ന പത്രപ്രവര്‍ത്തകയുടെ മുന്നില്‍ ഒടുവില്‍ മുട്ടുകുത്തി. അങ്ങനെ പനമ്പിള്ളി ഗോവിന്ദമേനോനെന്ന മന്ത്രി പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെട്ടു. വാര്‍ത്ത കൊടുത്തു മന്ത്രിയെ കുരുക്കിലാക്കിയ പത്രപ്രവര്‍ത്തക തന്നെ സത്യം വെളിപ്പെടുത്തി, ആ കുരുക്കഴിച്ചു മന്ത്രിയെ രക്ഷിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അപൂര്‍വ സംഭവമാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നാട്ടുരാജ്യ വകുപ്പിലെ ഒരു ഉന്നതന്‍ പനമ്പിള്ളിയെയും വെളിച്ചെണ്ണ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ പനമ്പിള്ളിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു. പനമ്പിള്ളിയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമായിരുന്ന സംഭവമായിരുന്നു ഇത്. അഴിമതിയെന്ന ചെളി പറ്റാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വളര്‍ച്ചയെ ഈ ആരോപണം സാരമായി ബാധിക്കുകയുണ്ടായി.

പ്രജാമിത്രത്തില്‍ വാര്‍ത്ത വന്ന ആദ്യ ഘട്ടത്തില്‍ ദാമോദരന്‍ എന്നൊരാളെ പണാപഹരണവുമായി ബന്ധപ്പെട്ടു നാഗ്പൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ കൊച്ചി ഗവണ്‍മെന്റില്‍ നിന്ന് തനിക്ക് അനേകം ലക്ഷങ്ങളുടെ ചെക്ക് ലഭിച്ചിട്ടുണ്ടെന്നു പറയുകയുണ്ടായി. കൊച്ചി മഹാരാജാവിന്റെ മകനായ പി.ജി. മേനോന്‍ ഉള്‍പ്പെട്ട ഒരു സംഘം കച്ചവടക്കാര്‍ വിവാദമായ ‘വെളിച്ചെണ്ണ’ വ്യാപാരവുമായി ബന്ധപ്പെട്ട് മദ്രാസില്‍ കമ്മിഷന്‍ കൈപ്പറ്റിയിരുന്നു. അതു പങ്കുവച്ചതു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്നുണ്ടായ പണാപഹരണത്തിലാണു കൂട്ടാളിയായ ദാമോദരനെതിരെ മറ്റുള്ളവര്‍ പരാതി കൊടുത്ത് അയാളെ കുടുക്കിയത്. സ്വാഭാവികമായും അയാളുടെ മൊഴികള്‍ കൊട്ടാരവും ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ടിരുന്നു. മഹാരാജാവിന്റെ മകന്റെ പേര്, കേസില്‍ ഉയര്‍ന്നപ്പോള്‍ ഭക്ഷ്യമന്ത്രിയായ പനമ്പിള്ളിയിലേക്കും എത്തി. ഇതായിരുന്നു യഥാര്‍ഥ സംഭവം.

തൃശൂരിലെ ചെങ്ങാലൂരില്‍ ജനിച്ച ആനി തയ്യില്‍ കേരള രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒരസാധാരണ വ്യക്തിത്വമായിരുന്നു. തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ അവര്‍ ആരെയും വകവച്ചിരുന്നില്ല. കോണ്‍ഗ്രസിലെ നേതാക്കളുമായി അവര്‍ നിരന്തരം കലഹിച്ചു. ഒരിക്കല്‍ 1954 ലെ ഇലക്ഷന്‍ കാലം, ഒരു ടെലിഫോണ്‍കോള്‍… വിളിച്ചതു സമുന്നതനായ കോണ്‍ഗ്രസ് നേതാവ് കെ. പി. മാധവന്‍ നായര്‍. അദ്ദേഹം പറഞ്ഞു

”ആനി മലബാറിലേക്കൊന്നു പോണം ഒരാഴ്ചക്കാലത്തേക്കവിടെ വേണം. അവിടെ പലയിടത്തായി പല യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട് എല്ലായിടത്തും പ്രസംഗിക്കണം. ആനിയെത്തന്നെ കിട്ടണമെന്നാവശ്യപ്പെടുന്നു. ആളിവിടെ വന്നിട്ടുണ്ട്? എനിക്കരിശം വന്നു. ഞാന്‍ ചോദിച്ചു ‘അപ്പൊഴേ, നിങ്ങള്‍ ആരോടാണീ സംസാരിക്കുന്നത്?” ‘ആനിയോട്’ മാധവന്‍നായര്‍ക്കു ഞാന്‍ പറഞ്ഞതിന്റെ സ്പിരിട്ട് പിടികിട്ടിയില്ലെന്നു തോന്നുന്നു. ”ആ, എന്നോടാണല്ലെ? അപ്പഴെ, ഞാന്‍ നിങ്ങളുടെ ശമ്പളക്കാരിയൊന്നമുല്ല പറഞ്ഞിടത്തു പോയി പണിയെടുക്കാന്‍ എന്നോടങ്ങനെ കല്‍പ്പിക്കുകയൊന്നും വേണ്ട, കെട്ടൊ’എന്നു പറഞ്ഞു കൊണ്ട് ആനി തയ്യില്‍ ഫോണ്‍ താഴെവെച്ചു.

ഓരോ ഇലക്ഷനുകള്‍ വരുമ്പോഴും ആനി തയ്യിലിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെ പാരവച്ചു. 1962 ലെ പാര്‍ലമെന്റ് ഇലക്ഷന്‍. മുകുന്ദപുരം സീറ്റ് ആനി തയ്യിലിനു കിട്ടേണ്ടതായിരുന്നു. അത് പനമ്പിള്ളി നേടിയെടുത്തു. പകരം ആനിക്ക് തൃശൂര്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. സി.കെ. ഗോവിന്ദന്‍ നായരായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. സി കെ ജി ആനി തയ്യിലിനെ ഓഫീസില്‍ വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു: ‘തൃശൂര്‍ വേണ്ട. സാധ്യത കുറവാണ്. മൂവാറ്റുപുഴ തരാം. ക്രിസ്ത്യന്‍ മേഖലയായതിനാല്‍ ജയിക്കും. പക്ഷേ, തൃശൂര്‍ വേണ്ടെന്ന് എഴുതിത്തരണം.’

സി കെ ജിയെ വിശ്വസിച്ച അവര്‍ അങ്ങനെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക് എഴുതി നല്‍കി. പക്ഷേ, പകരം മൂവാറ്റുപുഴ തരണമെന്ന അഭ്യര്‍ഥന കത്തില്‍ എഴുതിയിരുന്നു. സി കെ ജി പറഞ്ഞു: ‘അവസാന വാചകം വേണ്ട. അതു ഞാനേറ്റു.’
അതു വിശ്വസിച്ച ആനി തയ്യില്‍ ആ വാചകം ഒഴിവാക്കി. സി കെ ജി അതും കൊണ്ട് ഇലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പറന്നു. മൂവാറ്റുപുഴ സ്ഥാനാര്‍ഥി പ്രഖ്യാപനവും പ്രതീക്ഷിച്ചിരുന്ന ആനി തയ്യിലിന് അപ്രതീക്ഷമായി ഒരു ടെലിഫോണ്‍ വിളി വന്നു. ഡല്‍ഹിയി നിന്ന്. വിളിച്ചത് സാക്ഷാല്‍ ഇന്ദിരാ ഗാന്ധി. അവര്‍ ചോദിച്ചു.
‘Trichur seat is for you. Why don’t you contest there?
ആനി പറഞ്ഞു: ‘It is a very difficult seat. Better you put me for Muvattupuzha.’
ആനി തയ്യില്‍ എഴുതിയ കത്തു തന്നെയാണോ എന്ന് ഇന്ദിരാ ഗാന്ധി സംശയിച്ചു.
ആനി തയ്യില്‍ പറഞ്ഞു: ‘Yes I have given it in writing.’ പിന്നെ ഇന്ദിരാ ഗാന്ധി ഒന്നും പറയാതെ ഫോണ്‍ വച്ചു. പിറ്റേന്ന് പത്രത്തില്‍ മൂവാറ്റുപുഴയില്‍ ചെറിയാന്‍ ജെ. കാപ്പന്‍ മത്സരിക്കും എന്ന വാര്‍ത്ത കണ്ട് ആനി തയ്യില്‍ താന്‍ കബളിക്കപ്പെട്ടു എന്നു മനസ്സിലാക്കി.
ഇന്ദിരാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പമുള്ള കോണ്‍ഗ്രസിലെ അക്കാലത്തെ അപൂര്‍വം വനിതാ പ്രവര്‍ത്തകയായിരുന്നു ആനി തയ്യില്‍. ആ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു കേരളത്തിലെത്തിയ ഇന്ദിരാ ഗാന്ധി കൊല്ലത്തു വച്ച് ആനി തയ്യിലിനോടു ചോദിച്ചു:
‘How is it you did not try to fight the election at Trichur?’ ആനി തയ്യില്‍ പറഞ്ഞു.
‘C.K. Promised to get me Muvattupuzha’.
ഇന്ദിരാ ഗാന്ധി പറഞ്ഞു: Lie, Utter lie. He did not even mention about it. When I asked him about your case , he said you can only talk on the platform. You can’t fight an election.’
അതോടെ സീറ്റ് അട്ടിമറിച്ച കള്ളക്കളി പുറത്തു വന്നു.
1982ലെ രാജ്യസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ രണ്ടു സീറ്റില്‍ ഒരെണ്ണം ആനി തയ്യിലിനുള്ളതാണെന്ന് അവസാനം വരെ ഉറപ്പായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. പക്ഷേ, അതും അവസാന നിമിഷം കോണ്‍ഗ്രസിലെ ഉന്നതര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് അട്ടിമറിച്ചു. ഒടുവില്‍ ഇന്ദിരാഗാന്ധി നേരിട്ട് ഇടപെട്ട് അവരെ ന്യൂനപക്ഷ കമ്മിഷനംഗമാക്കി.

ഇന്ദിരാ ഗാന്ധി

ഒരിക്കല്‍ ഇന്ദിരാഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി ആക്റ്റിനെ കുറിച്ച് ഒരു ലഘുരേഖ എഴുതാന്‍ ആനി തയ്യലിനോടാവശ്യപ്പെട്ടു. മുന്‍പ് അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനായി 1977-ല്‍ സ്ഥാപിതമായ അന്വേഷണ കമ്മീഷനായ ‘ഷാ കമ്മീഷനെ’ തിരെ ആനി തയ്യില്‍ ഒരു ലഘുരേഖ എഴുതിയത്. ഇന്ദിരാ ഗാന്ധിക്ക് ഏറെ മതിപ്പുളവാക്കിയിരുന്നു.

നാഷണല്‍ സെക്യൂരിറ്റി ആക്റ്റിനെ കുറിച്ച് ലഘുരേഖ എഴുതി കഴിഞ്ഞപ്പോള്‍ ആനി തയ്യില്‍ അത് കെ. കരുണാകരനെ കണ്ട് ഇത് അച്ചടിക്കുന്നതിന്റെ പണം എനിക്ക് തരണം എന്ന് ആവശ്യപ്പെട്ടു. കരുണാകരന്‍ സമ്മതിക്കുകയും ചെയ്തു. താന്‍ സല്‍ഹിയിലേക്ക് പോകുമ്പോള്‍ ലഘുരേഖ ട്രെയിനില്‍ കൊണ്ടു പോകാമെന്നും കരുണാകരന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് ആനി തയ്യില്‍ ലഘുരേഖ അച്ചടിച്ച് എറണാകുളത്ത് വെച്ച് ഡി. സി. സി ഓഫിസില്‍ നിന്ന് അയച്ചു പ്രവര്‍ത്തകന്‍ വഴി ലഘുരേഖയുടെ കെട്ട് കരുണാകരന്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ എത്തിച്ചു. പിന്നീട് അച്ചടിക്കൂലി ചോദിച്ചപ്പോള്‍ കെ.പി.സി.സി ട്രഷറര്‍ എ.എ. കൊച്ചുണ്ണി പറഞ്ഞു. ‘ ബില്ല് പാസ്സായിട്ടില്ല അതിനാല്‍ പണം തരാനൊക്കില്ല.’ അങ്ങനെ അതിന്റെ കാശ് അവര്‍ക്ക് കിട്ടിയില്ല.

ആയിടെ ഡല്‍ഹിയില്‍ പോയ ആനി തയ്യില്‍ ഇന്ദിരാ ഗാന്ധിയെ സന്ദര്‍ശിച്ചു. ഈ ലഘുരേഖയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി.
അതെവിടെ?’ ഇന്ദിരാ ഗാന്ധി ചോദിച്ചു.
‘മി. കരുണാകരന്റെ കയ്യില്‍ കൊടുത്തയച്ചിരുന്നു’ ആനി പറഞ്ഞു.
”കിട്ടിയൊ അതിവിടെ’ തൊട്ടടുത്തു നിന്നിരുന്ന സെക്രട്ടറി ധവാനോട് ഇന്ദിരാ ഗാന്ധി ചോദിച്ചു. ”ഇല്ല എന്ന് മറുപടി കിട്ടിയപ്പോള്‍ അവര്‍ അത് അന്വേഷിക്കാന്‍ ധവാനോട് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ഒടുവില്‍ മനസിലായി ലഘുരേഖ ഡല്‍ഹിയില്‍ എത്തിയിട്ടില്ല.
കേരളത്തില്‍ തിരിച്ച് ചെന്ന ആനി തയ്യില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് കുരുണാകരനെ ചെന്ന് കണ്ടപ്പോള്‍ ചോദിച്ചു.
‘ആ ലീഫ് ലെറ്റ് എവിടെ?’ ”ഏത് ലീഫ് ലെറ്റ്?’ എന്നായി അപ്പോള്‍ കരുണാകരന്‍. നാഷണല്‍ സെക്യൂരിറ്റി ആക്ടിനെപ്പറ്റിയുള്ള ആ ലീഫ് ലെറ്റ്, അന്ന് തിരുവനന്തപുരത്തുനിന്നും ഫോണ്‍ ചെയ്തിട്ടു ഞാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു തന്നില്ലെ. കരുണാകരന്‍ കൈമലര്‍ത്തി.

കെ. കരുണാകരൻ

ഈ കൊടും ചതിയില്‍ നിരാശയിലായ ആനി തയ്യില്‍ അമര്‍ഷത്തോടെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങി പോന്നപ്പോള്‍ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന ഒരു പ്രമുഖന്‍ ആനിയോട് നടന്ന സംഭവം പറഞ്ഞു.
‘ഞാനുമുണ്ടായിരുന്നു കരുണാകരനോടൊപ്പം ട്രെയിനിലന്ന്. കെട്ട് കൊണ്ടു കൊടുക്കുന്നതു ഞാന്‍ കണ്ടു. ട്രെയിന്‍ ഒരു പാലം കടക്കുമ്പോള്‍ കരുണാകരന്‍ അതെടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞു’ ഇത് കേട്ട് ആനി തയ്യില്‍ ഞെട്ടിത്തെറിച്ച് നിന്നു. 1982 ലെ രാജസഭാ ഇലക്ഷല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് രണ്ട് സീറ്റുണ്ട്. ഇത്തവണ ആനി തയ്യില്‍ നേരിട്ട് ഡല്‍ഹിയില്‍ പോയി ഇന്ദിരാ ഗാന്ധിയെ കണ്ടു. ആനി തയ്യിലിനെ കണ്ട പാടെ ഇന്ദിരാ ഗാന്ധി പറഞ്ഞു.
‘ Anniji, you can go .You get it.
‘ What? What do you think I came for? ‘
I know. You are getting it . You can go’ . അങ്ങനെ സീറ്റ് ഉറപ്പാക്കിയ ആനി തയ്യില്‍ കേരളത്തിലത്തി നോമിനേഷന്‍ കൊടുക്കാന്‍ തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രി കൂടിയായ കെ. കരുണാകരനെ കണ്ടു.

”എന്നെ കണ്ട മട്ടേയില്ല. ലക്ഷണം പിഴവാണല്ലൊ എനിക്ക് തോന്നി. പക്ഷെ ഞാന്‍ വിട്ടില്ല. ചോദിച്ചു ”നോമിനേഷന്‍ ഫയല്‍ ചെയ്യാന്‍ വന്നിരിക്കയാണ് ഞാന്‍. ചെയ്‌തോട്ടെ’
‘വരട്ടെ. നേരമുണ്ടല്ലൊ’ കരുണാകരന്‍ പറഞ്ഞു. ചാണ്ടിയൊന്നും (കോണ്‍ഗ്രസ്സ് സമുന്നത നേതാവ് കെ. എം ചാണ്ടി)..മിണ്ടിയില്ല. ഞാന്‍ അപ്പോള്‍ അങ്ങോട്ടു ചോദിച്ചു ‘ഇന്ദിരാജി എന്റെ കാര്യത്തെപ്പറ്റി നിങ്ങള് ചെന്നപ്പോള്‍ വല്ലതും പറഞ്ഞായിരുന്നൊ?’ കരുണാകരന്‍ മൗനം.
ചാണ്ടി പറഞ്ഞു ‘ ‘She told us , she is very much interested in you case’ അപ്പോള്‍ കരുണാകരന്‍ ചാണ്ടിയെ തറഞ്ഞൊരു നോട്ടം ! ഇങ്ങനെ വെട്ടിത്തുറന്നു പറയണമായിരുന്നൊ എന്ന മട്ടില്‍ ഞാനതു മനസ്സിലാക്കാത്ത ഭാവത്തില്‍ പറഞ്ഞു ”എന്നാല്‍ പിന്നെ കുഴപ്പമില്ലല്ലൊ.’ അപ്പോള്‍ കരുണാകരന്‍ വരട്ടെ. നേരമുണ്ടല്ലൊ. നാളെയാവട്ടെ’ ഞാന്‍ പോന്നു. അവരുടെ ആ ഭാവം ! എനിക്കൊരുപാട് മാനക്കേട് തോന്നി. എല്ലാം കടിച്ചിറക്കി.
മൂന്നാം ദിവസം ചെന്നു ഞാന്‍ കൃത്യം 11 മണിക്ക്. ചാണ്ടി അപ്പോഴും ഉണ്ടവിടെ. കൂടാതെ, ശങ്കരനാരായണനും എം. വി. കുട്ടപ്പനും ‘ഞാന്‍ പോയി നോമിനേഷന്‍ ഫയല്‍ ചെയ്യട്ടെ?” ഞാന്‍ ചോദിച്ചു അപ്പോള്‍ ചാണ്ടി
‘If you want you can file it on your own’
എനിക്കു തരിച്ചു കേറി. ”എന്താണു പറഞ്ഞത്?’ If you want you can go and file it on your own’ ഇതിന് നിങ്ങളുടെ സഹായം വേണ്ട. ഞാന്‍ തുടര്‍ന്നു ‘As a member of the party I have come for your permission to go and file the nomination എനിക്കതിനാണ് മറുപടി കിട്ടേണ്ടത്’
‘വരട്ടെ. വരട്ടെ.’ കരുണാകരന്‍ അപ്പോള്‍ ചാടി വീണു പറഞ്ഞു. എന്നിട്ട് എന്നോടായിട്ട് ’12 മണി ആകുന്നല്ലെ ഉള്ളൂ? ഇനിയും ഉണ്ടല്ലൊ മൂന്നു മണിക്കൂറു നേരം, ഞങ്ങളിനിയും നിശ്ചയിച്ചിട്ടില്ല’
”ഇനിയും നിശ്ചയിച്ചിട്ടില്ലെന്നൊ?” ഞാന്‍ ചോദിച്ചു
‘ഇല്ല’ എന്നും പറഞ്ഞു നാവെടുക്കും മുന്‍പെ അതേ മുറിയില്‍ മേശപ്പുറത്തിരിക്കുന്ന റേഡിയോ വിളിച്ചു പറഞ്ഞു:
‘എം.എം. ജേക്കബും കെ. ഗോപാലനും കോണ്‍ ഐ.. രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.
മുറിയില്‍ നിശ്ശബ്ദം. എന്റെ തൊണ്ടയില്‍ ഒരുണ്ട കേറിയതു പോലെ. എനിക്കൊരക്ഷരം പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ മരവിച്ചിരുന്നുപോയി. ഉടനെ ശങ്കരനാരായണന്‍ എന്റെ അരികില്‍ വന്നെന്റെ കൈക്ക് പിടിച്ചിട്ടു പറഞ്ഞു ‘ചേച്ചി പൊയ്‌ക്കോളു ഇനി ഇവിടെ ഇരിക്കണ്ട’ ഉടനെ കുട്ടപ്പന്‍ പറഞ്ഞു ‘വരൂ നമുക്കു പോകാം’ ഞാന്‍ എഴുന്നേറ്റു. അയാളുടെ പിന്നാലെ പോയി. അയാളെനിക്കിത്തിരി ചോറു വാങ്ങിത്തന്നു. പക്ഷെ ഉണ്ണാനൊത്തില്ല. ഇറങ്ങണ്ടെ? അയാളെന്നെ ഒരു ഓട്ടോറിക്ഷയില്‍ കേറ്റി നേരെ ബസ് സ്റ്റാന്റിലേക്ക് കൊണ്ടുപോയി.
‘ഇവര്‍ക്കൊക്കെ ഇടിവെട്ട് കൊള്ളാത്തതെന്താണ്?
‘ ‘ഉള്ളതു തുറന്നു പറയരുതൊ! മനുഷ്യനെ ഇങ്ങനെ വേദനിപ്പിക്കണൊ?’ കുട്ടപ്പന്‍.
”ഉള്ളതു പറയുകയൊ?’ ഞാന്‍ പല്ലു കടിച്ചിട്ടാണ് പറഞ്ഞത് ”സത്യം പറയല് അയാള്‍ക്കു പതിവുണ്ടോ? കേട്ടോ കുട്ടപ്പാ, എന്നെ വേദനിപ്പിച്ചവരൊക്കെ അനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ കണക്കുകൂട്ടലുണ്ടല്ലോ, അതിന് ഒരിക്കലും പിശക് പറ്റില്ല’ ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല. കുട്ടപ്പന്‍ എന്നെ ബസ്സില്‍ കേറ്റിത്തന്നു.
ഉടനെ ഞാന്‍ ഇന്ദിരാഗാന്ധിക്കെഴുതി- ഉണ്ടായ വിവരങ്ങളെപ്പറ്റിയൊക്കെ. അടുത്ത പോസ്റ്റില്‍ വന്നു മറുപടി. അതെന്നെ കൂടുതല്‍ ഞെട്ടിച്ചു.
‘I tried my best. I insisted that it must be given to you: But they said it will lead to terrible repercussions in the state. What they meant, I don’t know. So I could not insist Annie, I tell you, war
(ആനിക്കു തന്നെ തരണമെന്ന് ഞാന്‍ അവരോട് നിര്‍ബന്ധിച്ചു പറഞ്ഞു. പക്ഷെ അവര് പറഞ്ഞു ആനിക്കിതു തന്നാല്‍ സ്റ്റേറ്റില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാകുമെന്ന്. എന്താണവര്‍ ഉദ്ദേശിച്ചത് എന്നറിയില്ല- അതുകൊണ്ട് എനിക്ക് പിന്നെ നിര്‍ബന്ധിക്കാനൊത്തില്ല ആനി. ഞാന്‍ പറയുന്നു. വരട്ടെ, കാത്തിരിക്ക്) ‘ ഇടങ്ങഴിയിലെ കുരിശ് ‘ ആത്മകഥ – ആനി തയ്യില്‍ (1990).

ആനി തയ്യിലിൻ്റെ ആത്മകഥ (1990)

ആത്മകഥയില്‍ കരുണാകരനെ കുറിച്ച് ആനി തയ്യില്‍ എഴുതിയത് ഇങ്ങനെ ‘: ‘കരുണാകരന്‍ ഒരു തൊഴിലാളി പ്രവര്‍ത്തകനായിട്ട് തൃശൂര് ചുറ്റിപ്പറ്റിക്കൂടി. അക്കാലത്ത് പുള്ളിക്കാരന്‍ നേടിയെടുത്തൊരു പേരുണ്ട് ‘കരിങ്കാലി – കരുണാകരന്‍’ എങ്ങനെ കിട്ടി എന്നൊന്നും എനിക്കറിയില്ല. ഏതായാലും ഈ പേരിലാണ് ഈ പുള്ളി അന്നറിയപ്പെട്ടിരുന്നത് : വെറും ‘കരിങ്കാലി എന്നു പറഞ്ഞാല്‍ മതി ആളാരാണെന്ന് തൃശൂര് എല്ലാവര്‍ക്കും അറിയാം. ‘കരിങ്കാലി – തൃശ്ശൂര്‍ ഇങ്ങനെ എഴുതിയാല്‍ മതി അയാള്‍ക്ക് എഴുത്തു കിട്ടും.’ (ആനി തയ്യില്‍ ജനിച്ചത് തൃശൂര്‍ ജില്ലയിലെ ചെങ്ങാലൂരിലാണ്).

ലോകത്തിലെ ക്ലാസിക് നോവലുകള്‍ പലതും ആദ്യമായി ‘മലയാളത്തില്‍ മൊഴിമാറ്റിയ വിവര്‍ത്തകയെന്ന നിലയില്‍ മലയാള സാഹിത്യ രംഗം ആനി തയ്യിലിനോട് കടപ്പെട്ടിരിക്കുന്നു. എഴുപതു വര്‍ഷം മുന്‍പാണ്, 1954ല്‍ ലോകത്തിലെ ഏറ്റവും മികച്ച പത്തു ക്ലാസിക് നോവലുകളില്‍ ഒന്നായ അലക്‌സാണ്ടര്‍ ഡ്യൂമായുടെ ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ ആനി തയ്യില്‍ വിവര്‍ത്തനം ചെയ്തത്. 1100 പേജ് ആറുമാസം കൊണ്ടാണ് അവര്‍ പരിഭാഷപ്പെടുത്തിയത്. തുടര്‍ന്ന് വിശ്വസാഹിത്യത്തിലെ ബൃഹദ് ഗ്രന്ഥങ്ങള്‍ ഓരോന്നായി വിവര്‍ത്തനം ചെയ്തു. ടോള്‍സ്റ്റോയിയുടെ അന്നാ കരിനീന, യുദ്ധവും സമാധാനവും, ഡ്യൂമായുടെ ത്രീ മസ്‌കറ്റിയേഴ്‌സ്, തോമസ് ഹാര്‍ഡിയുടെ ടെസ്സ്, ഹോള്‍കെയിന്റെ നിത്യനഗരം, എന്നീ ക്ലാസ്സിക്കുകള്‍ ഒക്കെ ആനിയുടെ പരിഭാഷയിലൂടെയാണ് മലയാളികള്‍ ആദ്യം വായിച്ചത്.

സാമ്പത്തികമായി കഷ്ടപ്പെട്ട ഒരു എഴുത്തുകാരന്‍ സഹായവുമായി ഒരിക്കല്‍ ആനി തയ്യലിനെ സമീപിച്ചു. അയാള്‍ ഒരു പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അത് ആനി തയ്യിലിന്റെ പേരില്‍ അച്ചടിച്ചാല്‍ പ്രസാധകര്‍ കൃതി സ്വീകരിക്കും. പുസ്തകം വിറ്റ് പോകുകയും ചെയ്യും. അയാളോട് തന്റെ പേര് വെച്ച് അച്ചടിച്ചോളാന്‍ ആനി പറഞ്ഞു. അങ്ങനെ മറ്റൊരാള്‍ തര്‍ജ്ജമ ചെയ്ത ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാതമായ ‘രണ്ടു നഗരങ്ങളുടെ കഥ’ ആനി തയ്യിലിന്റെ പേരില്‍ പുറത്ത് വന്നു. അയാള്‍ക്ക് കാശും കിട്ടി. സംഭവം ആരുമറിഞ്ഞില്ല. പക്ഷേ ഒരു വായനക്കാരന്‍ ആനിയോട് ചോദിച്ചു.’ രണ്ടു നഗരങ്ങളുടെ കഥ’ വായിച്ചിട്ട് എനിക്ക് വല്ലാതെ തോന്നി. അത് നിങ്ങളുടെ സ്‌റ്റൈല്‍ അല്ലല്ലോ’ ആനി തയ്യല്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറി.

‘ഞാനതിനു ശരിക്കു മറുപടി പറയാതെ ഒഴിഞ്ഞുമാറി. സ്‌റ്റൈല്‍ ഇതേപ്പറ്റി ഒരു വാക്ക് എന്റെ സ്‌റ്റൈലിന് പ്രത്യേകതയുണ്ടെന്ന് പലരും പറയാറുണ്ട്. ഉണ്ടെന്നെനിക്കും തോന്നുന്നു. വളരെ ലളിതമായിട്ടേ ഞാനെഴുതു. കൊച്ചു വാക്കുകള്‍, കൊച്ചു വാചകങ്ങള്‍. മനുഷ്യര്‍ക്കു മനസ്സിലാക്കാന്‍, പറയുന്നതു മറ്റുള്ളവര്‍ക്കു മനസ്സിലാകണം, അതാണെളുപ്പം എന്നാണെന്റ പക്ഷം. അതാണല്ലോ ആവശ്യം’ ആനി തയ്യില്‍ ആത്മകഥയില്‍ എഴുതി.

‘ഒരു പരിഭാഷകയെന്ന നിലയില്‍ ഇത്രയും ബൃഹദ് ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ഒരു വനിത അക്കാലത്ത് ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, അതിന് ഒരു അംഗീകാരവും അവരെ തേടി വന്നില്ല. സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നതൊഴിച്ചാല്‍ 78 ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ഒരു സാഹിത്യകാരിയായിട്ടും ഒരു അംഗീകാരവും സാഹിത്യരംഗത്തു നിന്ന് അവരെ തേടിയെത്തിയില്ല. ബൈബിളിനെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം പുസ്തകങ്ങള്‍ അവരെഴുതി. ‘ശ്രീമതി’ എന്നൊരു വനിതാ മാസികയും അവര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.

സഭാ നേതൃത്വവുമായും അവര്‍ കലഹിച്ചു. 1952ല്‍ പ്രസിദ്ധീകരിച്ച ‘മോളെന്റെ’ എന്ന ആത്മകഥാപരമായ നോവലിലെ ചില പരാമര്‍ശങ്ങള്‍ മതവിശ്വാസത്തെ ചോദ്യം ചെയ്യുകയാണെന്ന് ആരോപിച്ചു കത്തോലിക്ക സഭയുടെ ‘സത്യദീപം’ വാരിക ആനി തയ്യിലിനെതിരെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. ഒടുവില്‍ സഭയിലെ ഉന്നതര്‍ ഇടപെട്ട് ഇതു നിര്‍ത്തിക്കുകയായിരുന്നു.

തോമസ് മന്നിന്റെ ‘വിശുദ്ധ പാപി’ പരിഭാഷപ്പെടുത്തിയപ്പോഴും സഭ അവര്‍ക്കെതിരെ തിരിഞ്ഞു. സന്മാര്‍ഗ വിരുദ്ധമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചതില്‍ മാപ്പ് എഴുതി പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നു ബിഷപ്പ് ആവശ്യപ്പെട്ടിട്ടും അവര്‍ തയ്യാറായില്ല. 1950 കളില്‍ പെണ്‍കുട്ടികളെ അച്ചടിവിദ്യ പഠിപ്പിക്കുവാനും അവരെ സ്വന്തം കാലില്‍ നില്ക്കുവാന്‍ പ്രാപ്തരാക്കുവാനും വേണ്ടി, ആനി തയ്യില്‍ എറണാകുളത്ത് സ്ഥാപിച്ചതാണ് വനിതകള്‍ക്കു മാത്രമായിട്ടുള്ള ‘സ്‌കോളര്‍ പ്രസ്സ്’. അച്ചടിയും കമ്പോസിങ്ങും ബൈന്‍ഡിംഗ് ജോലികളും പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന കാലത്താണ് അവര്‍ ദീര്‍ഘവീക്ഷണത്തോടെ പ്രസ്സ് തുടങ്ങിയത്.

പത്രപ്രവര്‍ത്തകനായ കുര്യന്‍ തയ്യിലാണ് അവരെ വിവാഹം ചെയ്തത്. മക്കളില്ലാത്ത ഇവര്‍ രണ്ടുപേരും അഭിഭാഷകരായി കുറച്ചുകാലം പ്രാക്ടീസ് ചെയ്തിരുന്നു. അക്കമ്മ ചെറിയാന്‍, ആനിമസ്‌ക്രിന്‍ എന്നിവരോടൊപ്പം കേരള രാഷ്ട്രീയത്തില്‍ ചേര്‍ത്തു വായിക്കേണ്ട പേരാണ് ആനി തയ്യില്‍. മറക്കാനാവാത്ത വ്യക്ത്വിത്വം രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് അവര്‍ നേടിയിരുന്നു. ‘ദാനമായി കിട്ടിയതല്ലാതെ മനുഷ്യന് സ്വന്തമായി എന്തുണ്ട്’ എന്ന പ്രഭാഷകവചനം മനസ്സില്‍ കുറിച്ചിട്ടതായിരുന്നു അവരുടെ ജീവിതം.

ഡിസി കിഴക്കേമുറി ആനി തയ്യലിന്റെ ചരമ കുറിപ്പില്‍ എഴുതി: ‘1993ല്‍ ഒക്ടോബര്‍ 21 ന് അന്തരിച്ച, ആനി ആദ്യം ആനി ജോസഫായിരുന്നു. നാല്പതു വര്‍ഷത്തിലേറെയായി എനിക്കവരെ പരിചയമുണ്ടായിരുന്നു. ഏതെല്ലാം രംഗങ്ങളിലാണവര്‍ പ്രവര്‍ത്തിച്ചിരുന്നത്! രാഷ്ട്രീയം ആനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അര്‍ഹിച്ചതൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. ആ വിചാരം തെറ്റാണെന്നു പറഞ്ഞു കൂടതാനും. കൊച്ചിയിലും തിരു-കൊച്ചിയിലും അവര്‍ എം. എല്‍. എ. ആയിരുന്നു. പല പ്രാവശ്യം മത്സരിച്ചു തോറ്റിട്ടുമുണ്ട്. ഇന്ദിരാഗാന്ധി ആനിയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തതിന്റെ ഫലമായിട്ടാണ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗമായത്. സാമൂഹികരംഗത്തും ആനി വിലപ്പെട്ട സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യകാരിയെന്ന നിലയില്‍ അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങള്‍ കുറച്ചൊന്നുമല്ല. 75 ലധികം കൃതികളുടെ കര്‍ത്രിയാണവര്‍. കര്‍ത്രിയെന്ന പ്രയോഗം സ്വല്പമൊന്നു മാറ്റാവുന്നതാണ്; കാരണം ഒട്ടേറെ കൃതികള്‍ വിവര്‍ത്തനമത്രെ. ടോള്‍സ്റ്റോയിയും ഡിക്കന്‍സും തോമസ് ഹാര്‍ഡിയുമൊക്കെ അവരെ സഹായിക്കാനെത്തി. യുദ്ധവും സമാധാനവും, അന്നാകരിനീന, മൂന്നു പോരാളികള്‍, മോണ്ടിക്രിസ്റ്റോ, രണ്ടു നഗരങ്ങളുടെ കഥ, ഷേക്സ്പിയര്‍ കഥകള്‍ ഇവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു.

നോവലും കഥയും ആത്മകഥയും ജീവചരിത്രവും മാത്രമല്ല ഏതാനും നിയമഗ്രന്ഥങ്ങളുമുണ്ട്. ബൈബിള്‍ കഥകള്‍, ചെയ്തുകൂട്ടിയതിനു കണക്കില്ല. പത്രാധിപ എന്ന നിലയിലും ജോസഫ് മുണ്ടശ്ശേരിയോടൊത്ത് ആനി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യപരിഷത്തിലും സാഹിത്യ അക്കാദമിയിലും അവര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആദ്യകാലാംഗങ്ങളില്‍ ഒരാളായിരുന്നു ആനി തയ്യില്‍. അവരുടെ പ്രസംഗം ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അത് മറക്കുകയില്ല. ഇത്ര മൂര്‍ച്ചയുള്ള പ്രസംഗം ചെയ്യാന്‍ കഴിവുള്ള നേതാക്കള്‍ നമ്മുടെ ഇടയില്‍ അപൂര്‍വ്വമത്രെ’. (കാലത്തിന്റെ നാള്‍ വഴിയില്‍ – ഡി.സി കിഴക്കേ മുറി’. 2017)

ആനി തയ്യിലിന്റെ ആത്മകഥയാണ് ‘ഇടങ്ങഴിയിലെ കുരിശ്.’ (1990) ഒരു സ്ത്രീ സ്വന്തം കൈ കൊണ്ടെഴുതിയ ആണത്തമാര്‍ന്ന ആത്മകഥ. സംഭവബഹുലമായ ഈ ആത്മകഥ പല വിഗ്രഹങ്ങളെയും തച്ചുടയ്ക്കുന്ന, കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രമാണ്.

Content Summary: Ani Thayyil, the heroine, and the ‘five and a half lakh case’ scoop

Leave a Reply

Your email address will not be published. Required fields are marked *

×