സാമൂഹ്യ മാധ്യമങ്ങളിൽ വാണിംഗ് ലേബൽ കൊണ്ടുവരണമെന്ന ആവശ്യവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് സർജൻ ജനറൽ, ഡോ. വിവേക് മൂർത്തി. സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരാവശ്യവുമായി വിവേക് മൂർത്തി രംഗത്തെത്തിയിരിക്കുന്നത്.
പുകയില, മദ്യം തുടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പ് ലേബലുകൾക്ക് സമാനയവ വേണമെന്ന ശക്തമായ ആവശ്യമാണ് വിവേക് മൂർത്തി മുന്നോട്ട് വയ്ക്കുന്നത്. എന്നിരുന്നാലും, ഡോ വിവേക് മൂർത്തിക്ക് ഇത്തരം ഒരുകാര്യം ഏകപക്ഷീയമായി ആവശ്യപ്പെടാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ആവശ്യം നടപ്പിലാകണമെങ്കിൽ ഭരണകൂടത്തിന്റെ അനുമതി കൂടി നേടേണ്ടതുണ്ട്. ഇതുവരെ ഇത്തരം ഒരു നിയമ നിർമാണം ഇരു സഭകളിലും അവതരിപ്പിച്ചിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ലേബൽ വഴി മാതാപിതാക്കളിലേക്ക് സന്ദേശം ശക്തമായി എത്തിക്കാൻ സാധിക്കുമെന്ന് ജൂൺ 17 തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡോ വിവേക് മൂർത്തി എഴുതിയിരുന്നു. റോഡപകടങ്ങൾ , പുകവലി തടയുന്നത് തുടങ്ങിയ പരസ്യങ്ങൾക്ക് തുല്യമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായാണ് അദ്ദേഹം കുട്ടികളിലും കൗമാരക്കാരിലുമുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് തൻ്റെ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത കാറുകൾ, വിമാനങ്ങൾ അല്ലെങ്കിൽ ഭക്ഷണം എന്നിവയേക്കാൾ പതിന്മടങ്ങ് ദോഷം ചെയുന്ന സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യമായിട്ടുകൂടി അതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇച്ഛാശക്തിയുടെ അഭാവമോ മാതാപിതാക്കളുടെ അശ്രദ്ധമൂലമോ അല്ല, മറിച്ച് വേണ്ടത്ര സുരക്ഷാ നടപടികളോ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനാലാണ് എന്നും ഡോ വിവേക് മൂർത്തി പറയുന്നുണ്ട്.
ദിവസത്തിൽ മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാണിക്കുന്ന ഗവേഷണം ഡോ വിവേക് മൂർത്തി ചൂണ്ടിക്കാണിക്കുകയും. അതോടൊപ്പം, 46 ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയ തങ്ങളിൽ അപകർഷതാബോധം ഉണ്ടാക്കുന്നുണ്ടെന്ന് അംഗീകരിച്ചതായും പറഞ്ഞു.
ഏകദേശം 1,500-ലധികം കൗമാരക്കാരിൽ 2023 ൽ നടത്തിയ ഗാലപ്പ് സർവേ പ്രകാരം യുഎസിലെ കൗമാരക്കാർ യൂട്യൂബ്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം ശരാശരി 4.8 മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തങ്ങൾക്ക് പലപ്പോഴും ഇറങ്ങാൻ കഴിയില്ലെന്ന് ചെറുപ്പക്കാർ പലപ്പോഴും പറയാറുണ്ടെന്നും, ഹ്രസ്വ നേരം മാത്രം ചെലവഴിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ തുറക്കുന്നവർ മണിക്കൂറുകളോളം ഇവയിൽ ചെലവഴിക്കാറുണ്ടെന്നും മെയ് മാസത്തിൽ നൽകിയ അഭിമുഖത്തിൽ ഡോ വിവേക് മൂർത്തി പറഞ്ഞിരുന്നു.
ഉപയോക്താക്കളെ പരമാവധി അതിൽ നിലനിർത്തുന്ന തരത്തിലാണ് ഇത്തരം പ്ലാറ്റുഫോമുകൾ കമ്പനികൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത് . മണിക്കൂറുകൾ ഇവയിൽ ചെലവഴിക്കുന്നത് മുതിർന്നവരെയും സാരമായി ബാധിക്കുമെങ്കിലും, തലച്ചോർ വികസിക്കുന്ന പ്രായത്തിലുളള കൗമാരക്കാരെ ഇത് വളരെ ദോഷകരമായാണ് ബാധിക്കുന്നത്.
1965-ൽ, സർജൻ ജനറലിൻ്റെ സുപ്രധാന റിപ്പോർട്ടിന് ശേഷം, അമേരിക്കൻ ഐക്യനാടുകളിൽ വിതരണം ചെയ്യുന്ന എല്ലാ സിഗരറ്റ് പാക്കേജുകളിലും “നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം” എന്ന മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് വോട്ട് ചെയ്തിരുന്നു.
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പ്രതിസന്ധിക്ക് പിന്നിൽ സാമൂഹ്യമാധ്യമങ്ങളാണോ എന്നത് ഗവേഷകർക്കിടയിൽ വളരെ കാലമായുളള ചർച്ചാവിഷയമാണ്. സോഷ്യൽ സൈക്കോളജിസ്റ്റ് ആയ ജോനാഥൻ ഹെയ്‌ഡ് തൻ്റെ പുസ്തകമായ ” ദ ആൻഷ്യസ് ജനറേഷൻ ” എന്ന പുസ്തകത്തിൽ, 2007-ൽ ആപ്പിൾ ഐഫോണിൻ്റെ പ്രകാശനം ചെയ്തത് കൗമാരക്കാരിൽ ആത്മഹത്യയും, നിരാശാ നിരക്ക് ഉയർത്തുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളെ ഒരു ആരോഗ്യപ്രശ്നമായാണ് താൻ കാണുന്നത് എന്ന് ഡോ വിവേക് മൂർത്തി ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്. 2023 മെയ് മാസത്തിൽ, അദ്ദേഹം സാമൂഹ്യ മാധ്യമങ്ങൾ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാകുന്ന വിധത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കൾക്ക് ഒരു തരത്തിലുളള സുരക്ഷാ സംവിധാനങ്ങളുമില്ല. വൈദഗ്ധ്യമുള്ള എഞ്ചിനീയർമാരെയും ശക്തരായ കമ്പനികളെയും നേരിടാൻ അവർ ഒറ്റയ്ക്കാണെന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ എഴുതിയിരുന്നു.
content summary ; Surgeon General Dr. Vivek Murthy Calls for Warning Labels on Social Media Platforms