February 14, 2025 |
Share on

ഷാഹി മസ്ജിദ് സര്‍വേ; വെടിവയ്പ്പില്‍ മൂന്നു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു

വിഷ്ണു ക്ഷേത്രമാണെന്ന പരാതിയിലാണ് മസ്ജിദില്‍ സര്‍വേയ്ക്ക് കോടതി നിര്‍ദേശിച്ചിരിക്കുന്നത്

ഉത്തര്‍പ്രദേശിലെ സംഭാലില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച ഷാഹി ജുമ മസ്ജിദിന്റെ മേലുള്‌ല അവകാശത്തര്‍ക്കം മൂന്നു മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. മസ്ജിദിന്റെ സര്‍വേയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് മുസ്ലിം സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ടത്. നവംബര്‍ 24 ന് ജനക്കൂട്ടത്തിനും പൊലീസിനും ഇടയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കിടയിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. പൊലീസ് വെടിവയ്പ്പിലാണ് മൂന്നു പേരും കൊല്ലപ്പെട്ടതെന്നണ് പ്രാദേശിക മുസ്ലിം നേതാക്കള്‍ ആരോപിക്കുന്നത്. അക്രമാസക്തരായ ആളുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരിച്ചു നടത്തിയ വെടിവയ്പ്പിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പൊലീസിനെതിരേ പല കോണുകളില്‍ നിന്നായി കല്ലേറ് ഉള്‍പ്പെടെ അക്രമം ഉണ്ടായെന്നും പറയുന്നു. നയിം, നൊമാന്‍, ബിലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ ആഞ്ജനേയ കുമാര്‍ സിംഗ് അറിയിച്ചു.

അക്രമസാക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാനും സര്‍വേ സംഘത്തെ പ്രശ്‌നസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകാനും വേണ്ടി പൊലീസ് കണ്ണീര്‍ വാതകങ്ങളും പ്ലാസ്റ്റിക് ബുള്ളറ്റുകളും മാത്രമാണ് പ്രയോഗിച്ചതെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. അക്രമസ്‌കതരായ ആള്‍ക്കൂട്ടം ശക്തമായ കല്ലേറാണ് പൊലീസിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടത്തിയത്. കല്ലേറില്‍ 20 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സംഭാല്‍ ജില്ലാ പോലീസ് മേധാവിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് കാലിന് വെടിയേല്‍ക്കുകയും ഒരു ഡെപ്യൂട്ടി കളക്ടറുടെ കാലിന് പൊട്ടലുണ്ടാവുകയും, ഒരു പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ക്ക് ആയുധം കൊണ്ട് അടിയേല്‍ക്കുകയും ചെയ്തുവെന്നും അധികൃതര്‍ പറയുന്നുണ്ട്. മേല്‍ക്കൂരകളില്‍ നിന്നുള്‍പ്പെടെ പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും എതിരേ കല്ലേറ് നടത്തിയവരില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നാലോളം കാറുകളും ബൈക്കുകളും അക്രമി സംഘം കത്തിച്ചുവെന്നും ഡിവിഷണല്‍ കമ്മീഷണര്‍ ആരോപിക്കുന്നുണ്ട്.

പൊലീസിനെ ആക്രമിച്ചവരെ സിസിടിവി നോക്കിയും ഡ്രോണ്‍ കാമറകള്‍ പരിശോധിച്ചും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ ദേശീയ സുരക്ഷ നിയമം അനുസരിച്ചുള്ള കേസ് എടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്. മസ്ജിദിന്റെ സര്‍വേ മുടക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്നാണ് സംഭാല്‍ പൊലീസ് സൂപ്രണ്ടന്റ് കൃഷ്ണന്‍ കുമാര്‍ ബിഷ്‌ണോയി പറയുന്നത്.

പ്രാദേശിക കോടതി നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട അഡ്വക്കേറ്റ് കമ്മീഷണര്‍ ഷാഹി ജമ മസ്ജിദ് സര്‍വേയ്ക്ക് എത്തിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ തുടങ്ങിയത്. ജില്ല ഭരണാധികാരികള്‍, പൊലീസ് എന്നിവരുടെ അകമ്പടിയോടെയായിരുന്നു കമ്മീഷണര്‍ പരിശോധനയ്ക്ക് എത്തിയത്. വിഷ്ണു അവതാരമായ കല്‍ക്കിയുടെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഭരണകാലത്ത് ഷാഹി ജമ മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട് ഏതാനും ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഒരു സര്‍വേ നടത്താന്‍ നവംബര്‍ 14 ന് കോടതി ഉത്തരവിടുന്നത്. 1529ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ക്ഷേത്രം നശിപ്പിച്ചതായി ‘ബാബര്‍നാമ’, ‘ഐന്‍-ഇ-അക്ബരി’ തുടങ്ങിയ ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നതായി ഹര്‍ജിക്കാര്‍ വാദിക്കുന്നു.

കോടതി ഉത്തരവ് പ്രകാരം സര്‍വേ സംഘം, അതേ ദിവസം തന്നെ ഒരു പ്രാരംഭ പരിശോധന മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ഫോട്ടോ/വീഡിയോ ചിത്രീകരണം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായാണ് നവംബര്‍ 24 ന് രാവിലെ വീണ്ടും സര്‍വേ സംഘം എത്തിയത്. ഞായറാഴ്ച്ച രാവിലെ 7.30 ന് സര്‍വേ സംഘം സ്ഥലത്തെത്തി അവരുടെ ജോലികള്‍ ആരംഭിച്ചിരുന്നു. ആദ്യത്തെ രണ്ട് മണിക്കൂരോളം ശാന്തമായ അന്തരീക്ഷമായിരുന്നു. പിന്നീടാണ് ആളുകള്‍ സംഘടിച്ച് സ്ഥലത്തെത്തുകയും സാഹചര്യം മോശമായതും. കൂട്ടം കൂടിയ ആളുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആരംഭിക്കുകയായിരുന്നു. പിന്നാലെ കല്ലേറും ആരംഭിച്ചെന്നാണ് ഡിവിഷണല്‍ കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം. രാവിലെ 11 മണിയോടെ അന്തരീക്ഷം വഷളായി. ഈ സമയമായപ്പോഴേക്കും സര്‍വേ സംഘം അവരുടെ ജോലി പൂര്‍ത്തിയാക്കി മടങ്ങാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ പറയുന്നത്, പൊലീസിന്റെ നടപടിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ്. തങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നം ഉണ്ടാക്കാതെ ഒരു നിശ്ചിത അകലം പാലിച്ചായിരുന്നു നിന്നത്. എന്നാല്‍ പൊലീസ് വന്ന് തങ്ങള്‍ക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു, എന്നാണ് ഇര്‍ഷാദ് ഹുസൈന്‍ എന്നയാള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ അനന്തരവനാണ് കൊല്ലപ്പെട്ടവരില്‍ ഒരാളായ നയീം. പൊലീസാണ് എല്ലാം തുടങ്ങിവച്ചതെന്നാണ് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ എസ് പി ബിഷ്‌ണോയി ആരോപിക്കുന്നത്, മുസ്ലിം ജനക്കൂട്ടമാണ് പൊലീസിനു നേരെ കല്ലേറ് നടത്തുകയും പിന്നാലെ വെടിയുതിര്‍ത്തതെന്നുമാണ്. പൊലീസ് അപ്പോള്‍ പ്രത്യാക്രമണം വേണ്ടി വന്നുവെന്നും എസ് പി പറയുന്നു.

1991ലെ ആരാധനാലയ നിയമ പ്രകാരം മതസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണ് സര്‍വേ എന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന വാദം. ചരിത്ര സത്യങ്ങള്‍ അനാവരണം ചെയ്യുന്നതിനായി ഇത്തരം സര്‍വേകള്‍ ആവശ്യമാണെന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. സംഭാലിലെ ജുമാ മസ്ജിദ് ഒരു ചരിത്ര സ്ഥലമാണെന്നാണ് സമാജ് വാദി പാര്‍ട്ടി എംപി സിയ ഉര്‍ റഹ്‌മാന്‍ ബാര്‍ഖ് പറയുന്നത്. 1947-ല്‍ നിലനിന്നിരുന്ന മതപരമായ സ്ഥലങ്ങള്‍ മാറ്റമില്ലാതെ തുടരണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നതായും ബാര്‍ഖ് ചൂണ്ടിക്കാണിക്കുന്നുണ്ട്.  survey of shahi jama masjid in sambhal with police clash three muslim men killed

Content Summary; survey of shahi jama masjid in sambhal with police clash three muslim men killed

×