ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സോഹ്റാൻ മംദാനിക്ക് വൻ മുന്നേറ്റമുണ്ടായേക്കാമെന്ന് റിപ്പോർട്ട്. മറ്റ് സ്ഥാനാർത്ഥികളെക്കാൾ വലിയ ഭൂരിപക്ഷത്തോടെ മംദാനി മുന്നിലാണെന്ന് അടുത്തിടെ നടന്ന സർവേ ഫലം പറയുന്നു. ന്യൂയോർക്ക് ടൈംസ്, സിയന്ന കോളേജ് എന്നിവർ സംയുക്തമായി നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
എന്നാൽ, സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞ് മത്സരം രണ്ട് പേർക്കിടയിൽ മാത്രമാവുകയാണെങ്കിൽ മംദാനിയുടെ ഈ മുൻതൂക്കം കുറഞ്ഞേക്കാം എന്നാണ് നിഗമനം. സെപ്റ്റംബർ 2 മുതൽ 6 വരെ നടത്തിയ ഒരു സർവേയിൽ, 46 ശതമാനം വോട്ടർമാർ മംദാനിയെ പിന്തുണയ്ക്കുന്നു. മുൻ ഗവർണർ ആൻഡ്രൂ എം. ക്യൂമോ (സ്വതന്ത്രൻ) 24 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ 15 ശതമാനം വോട്ടുകളും നിലവിലെ മേയർ എറിക് ആദംസ് 9 ശതമാനം വോട്ടുകളും നേടി. ക്യൂമോയുടെയും ആദംസിന്റെയും പിന്തുണക്കാരിൽ ഭൂരിഭാഗം പേരും വാടക വർദ്ധന മരവിപ്പിക്കാനുള്ള മംദാനിയുടെ വാഗ്ദാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് സർവേയിൽ വ്യക്തമാണെന്നാണ് വിലയിരുത്തൽ.
ആഡംസും സ്ലിവയും മത്സരത്തിൽ നിന്ന് പിന്മാറിയാൽ, അവരുടെ പിന്തുണയുടെ വലിയൊരു ഭാഗം ക്യൂമോക്ക് ലഭിക്കുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അങ്ങനെ മത്സരം മംദാനിയും ക്യൂമോയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാൽ, മംദാനിക്ക് 48 ശതമാനം വോട്ടുകളും ക്യൂമോയ്ക്ക് 44 ശതമാനം വോട്ടുകളും ലഭിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. അടുത്തിടെ, മംദാനിയുടെ പ്രധാന എതിരാളികളായ ചിലർ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മറ്റ് സ്ഥാനാർത്ഥികൾ ആരും മത്സരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല.
ജീവിതച്ചെലവ് കൈകാര്യം ചെയ്യാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥി ആരാണെന്ന് ചോദ്യത്തിന് 49 ശതമാനം പേര് മംദാനിയുടെ പേര് പറഞ്ഞപ്പോൾ ക്യൂമോയുടെ പേര് പറഞ്ഞത് 23 ശതമാനം പേര് മാത്രമാണ്. വാടക വീടുകളുടെ ലഭ്യത സംബന്ധിച്ച വിഷയത്തിൽ മംദാനിക്ക് 46 ശതമാനം പിന്തുണ ലഭിച്ചപ്പോൾ ക്യൂമോയ്ക്ക് 24 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷം മികച്ച രീതിയിൽ കൈകാര്യം ചെയ്ത സ്ഥാനാർത്ഥിയായും മംദാനി വിലയിരുത്തപ്പെട്ടു. 43 ശതമാനം പേർ അദ്ദേഹത്തിൻ്റെ നിലപാടിനെ അനുകൂലിച്ചപ്പോൾ ക്യൂമോയുടെ നിലപാടിനെ അനുകൂലിച്ചത് 16 ശതമാനം പേർ മാത്രമാണ്. മംദാനി ഇസ്രായേലിനെ രൂക്ഷമായി വിമർശിക്കുകയും ഗാസയിലെ അവരുടെ പ്രവർത്തനങ്ങളെ വംശഹത്യ എന്ന് വിളിക്കുകയും ചെയ്തിരുന്നതായി ടൈംസ് വ്യക്തമാക്കി.
താൻ വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം മംദാനിക്ക് നടപ്പാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടെന്ന് സർവേ വെളിപ്പെടുത്തി. 2021ൽ ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് ഗവർണർ സ്ഥാനം രാജിവച്ച ക്യൂമോ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. 80 ശതമാനത്തിലധികം വോട്ടർമാർക്കും ഇക്കാര്യത്തിൽ ക്യൂമോയോട് എതിർപ്പുള്ളതായി സർവേ പറയുന്നു. അതുകൊണ്ട് തന്നെ സൊഹ്റാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് നവംബർ 4നാണ്. ഈ തിരഞ്ഞെടുപ്പിൽ സോഹ്റാൻ മംദാനിയുടെ രാഷ്ട്രീയ ഭാവി നിർണ്ണായകമാകും.
content summary: Survey shows Mamdani leading the New York mayoral race, despite being labeled a ‘communist lunatic’ by Trump
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.