April 20, 2025 |
Share on

ട്രംപ് അധികാരത്തിലെത്തിയ ശേഷം മറ്റ് രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതി വര്‍ദ്ധിച്ചതായി സര്‍വ്വേ ഫലം

ട്രംപിനെ വെല്ലുവിളിക്കുന്നു എന്നതാണ് ഇവരുടെയൊക്കെ ജനപ്രീതി കൂടാനുള്ള പ്രധാന കാരണം

കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഡൊണാള്‍ഡ് ട്രംപിന്റെ വരവ്. ഭരണനേതൃത്വം യു.എസ് പ്രസിഡന്റിന്റെ ഇറക്കുമതി ഭീഷണിയേയും കാനഡ പിടിച്ചടക്കുമെന്ന മട്ടിലുള്ള വെല്ലുവിളികളേയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അതോടെ ലിബറല്‍ പാര്‍ട്ടിയുടെ ജനപ്രീതി മെല്ലെ ഉയരാന്‍ തുടങ്ങി. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ശേഷമെത്തിയ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നീയുടെ നേതൃത്വത്തില്‍ ‘ശക്തമായ കാനഡ’ എന്ന മുദ്രവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ പാര്‍ട്ടി തുടര്‍ച്ചയായ നാലാം വട്ടവും അധികാരത്തിലേറാനുള്ള നേരിയ സാധ്യതയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയായ കാര്‍നീ ഇപ്പോള്‍ ട്രംപിനെതിരെ ശക്തമായി നിലപാടുള്ള ആഗോള നേതൃത്വത്തിന്റെ അടയാളമായി മാറി.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരികയും വിവാദപരമായ ഒട്ടേറെ തീരുമാനങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കുകയും ചെയ്തതോടെ തങ്ങളുടെ ഭരണത്തലവരായ നേതാക്കളെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് ഇത്തരത്തില്‍ മതിപ്പ് വര്‍ദ്ധിച്ചതായി സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഫിനാന്‍ഷ്യല്‍ റ്റൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുമായി നേരിട്ടെതിര്‍ത്ത കാനഡ, മെക്സികോ എന്നീ അയല്‍ രാജ്യങ്ങളിലെ ഭരണകക്ഷികളുടേയും വൈറ്റ് ഹൗസില്‍ അപമാനിതനായ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെയും യൂറോപ്യന്‍ ശക്തികളായ ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഭരണാധികാരികളുടേയും ജനപ്രീതിയാണ് ട്രംപിന്റെ അധികാര പ്രകടനങ്ങള്‍ക്ക് ശേഷം കുതിച്ചുയര്‍ന്നിരിക്കുന്നത്.

ഫ്രാന്‍സിലെ ഇമ്മാനുവേല്‍ മാക്രോണെല്ലാം പൊതുജനങ്ങളില്‍ നിന്ന് കനത്ത പ്രതിഷേധമായിരുന്നു നേരിട്ട് കൊണ്ടിരുന്നത്. അപ്പോഴാണ് ട്രംപ്, ഇറക്കുമതി ചുങ്കവും സൈനിക പിന്തുണ പിന്‍വലിക്കലും സൈനികാക്രമണ ഭീഷണി തുടങ്ങിയവയൊക്കെയായി രംഗത്തെത്തിയത്. അതോടെ മാക്രോണിന്റെ നില ഭേദമായി. ‘നിങ്ങളുടെ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഒരു തെമ്മാടി വന്നാല്‍ അയാളുടെ മുന്നില്‍ മുട്ടുകുത്തുന്നതിന് പകരം നിവര്‍ന്ന് നിന്ന് വിനയപൂര്‍വ്വം അത് നടക്കില്ല എന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതോടെ അവരെ കീഴക്കാന്‍ ആരും വരില്ലെന്ന ധൈര്യം വോട്ടര്‍മാര്‍ക്കുണ്ടാകും’- റോമിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ നതാലി ടോക്കീ പറയുന്നു.

mark carney

കാനഡ
ട്രംപിന്റെ ഭീഷണികളെ അതേ നിലയ്ക്ക് നേരിട്ടിരുന്ന മുന്‍ഗാമി ജസ്റ്റിന്‍ ട്രൂഡോയുടെ അതേ മാര്‍ഗ്ഗമാണ് കാര്‍നീ പിന്തുടരുന്നത്. ഏപ്രില്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രസംഗത്തിലും ‘ട്രംപ് നമ്മളെ തകര്‍ക്കാനും അതുവഴി അമേരിക്കയ്ക്ക് കാനഡ സ്വന്തമാക്കാനുമാണ് ശ്രമിക്കുന്നത്, അത് നാം അനുവദിക്കില്ല’ എന്നാണ് പറഞ്ഞത്. മുന്‍ ഭരണകൂടത്തിനോടുള്ള എതിര്‍പ്പും കാനഡ ദേശീയതയിലൂന്നിയ എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചരണത്തേയും നേരിടാന്‍ ബാങ്കിങ്/ടെക്നോ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ കാര്‍നീ വിഷമിക്കുകയായിരുന്നു. അപ്പോഴാണ് ട്രംപിന്റെ കാനഡയ്ക്ക് എതിരായ വെല്ലുവിളികള്‍ തുണയായി വന്നത്.

Trump Effect of Global leaders

കാര്‍നീയുടെ എതിരാളിയായ പെറീ പോയ്ലീവറാകട്ടെ ഇതുവരെ ട്രംപിനോട് അനുഭാവം പുലര്‍ത്തുന്ന വലതുപക്ഷ ശക്തികളുടെ പ്രിയപ്പെട്ടയാളായിരുന്നു. ജസ്റ്റിന്‍ ട്രൂഡോ ഭരണകാലത്തിനെതിരായ ജനവികാരത്തെ മുന്‍നിര്‍ത്തി 24 ഇന തിരഞ്ഞെടുപ്പ് പ്രചരണവുമായി ഈ ജനുവരി ആദ്യം മുതല്‍ സജീവമായിരുന്നു അദ്ദേഹം. പക്ഷേ ട്രംപിന്റെ ആവിര്‍ഭാവത്തോടെ ആ 24 ഇന പരിപാടിയൊക്കെ പൊളിഞ്ഞു. ‘കാനഡ തകര്‍ന്നു’ എന്ന മുദ്രവാക്യം മാറ്റി ‘കാനഡയ്ക്ക് പ്രഥമ പരിഗണന’ അഥവാ ‘കാനഡ ഫസ്റ്റ്’ എന്ന മുദ്രവാക്യം പരീക്ഷിക്കുകയാണിപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. പക്ഷേ പൂജ്യത്തിലും താഴെ നിന്നിരുന്ന ജനപ്രീതി 43 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച് കാര്‍നീ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുകയാണ്. 34 ശതമാനത്തിലേയ്ക്ക് പോയ്ലീവറിന്റെ ജനപ്രീതി ഇടിഞ്ഞു- ഫിനാന്‍ഷ്യല്‍ റ്റൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Claudia Sheinbaum

മെക്സികോ
മെക്സികോയുടെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ക്ലാഡിയ ഷീന്‍ബാം അമേരിക്കയിലേയ്ക്കുള്ള മെക്സിക്കന്‍ കയറ്റുമതിയുടെ തീരുവ വര്‍ദ്ധിപ്പിച്ച പ്രശ്നത്തിലും മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ എന്നുള്ള പേരില്‍ സൈനികാക്രമണ ഭീഷണി മുഴുക്കുന്ന പ്രശ്നത്തിലും ട്രംപുമായി നേരിട്ട് വാക്ക് പോരിലേക്കും സംഘര്‍ഷത്തിലേയ്ക്കും നീങ്ങുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും വളരെ അവധാനതയോടെയും ഔചിത്യത്തോടുമാണ് അവര്‍ കാര്യങ്ങളെ നേരിട്ടത്. മയക്കുമരുന്നിന്റെ ഉപോത്പന്നമായ ഫെന്റാലിന്‍ മെക്സികോ വഴി അമേരിക്കയിലേയ്ക്ക് കടക്കുന്നത് തടയാന്‍ അവര്‍ നടപടികളെടുത്തു. അമേരിക്കയിലേയ്ക്കുള്ള മെക്സിക്കന്‍ പലായനവും അവര്‍ തടഞ്ഞു. അതോടെ അമ്പരന്ന് പോയ ട്രംപിന് ‘ഗംഭീര വനിത’ എന്ന് ഷീന്‍ബാമിനെ വിശേഷിക്കേണ്ടി വന്നു. കയറ്റുമതി തീരുവ വര്‍ദ്ധിക്കുന്നതിന് പിന്നീടാക്കാനും ട്രംപ് തീരുമാനിച്ചു. ഇതോടു കൂടി അല്ലെങ്കില്‍ തന്നെ വളരെ നല്ല നിലയില്‍ ആയിരുന്ന ഷീന്‍ബാമിന്റെ റേറ്റിങ് വീണ്ടും മുകളിലെത്തി.

ഷീന്‍ബാമിന്റെ ശക്തമായ വ്യക്തിത്വത്തേയും നയതന്ത്രജ്ഞതയേയും കുറിച്ചും എതിരാളികള്‍ക്കും എതിരഭിപ്രായമില്ലെങ്കിലും മെക്സികോയില്‍ നിന്നുള്ള ഇറക്കുമതി തീരുവ അമേരിക്ക കുറച്ചത് അവിടത്തെ സ്വകാര്യ വിപണിയുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തന്ത്രപരമായി ഇടപെട്ട മെക്സികോയ്ക്ക് മാത്രമല്ല ബഹളം വച്ച കാനഡയ്ക്കും ലഭിച്ചു അതിന്റെ ഗുണഫലം. എന്തായാലും ഇനി ആഭ്യന്തരമായി സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായാല്‍ പോലും അമേരിക്കയെ കുറ്റപ്പെടുത്തി തന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഷീന്‍ബാമിന് കഴിയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കൊളംബിയ അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കള്‍ക്ക് അമേരിക്കയെ ഭയപ്പെടാതെ നിന്നത് കൊണ്ട് ഗുണം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ആദ്യം കൊളംബിയന്‍ ആത്മാഭിമാനമുയര്‍ത്തി പ്രസിഡന്റ് ഗുസ്താവോ പെട്രോ നിന്നുവെങ്കിലും പിന്നീട് അനധികൃത അഭയാര്‍ത്ഥികളുമായി എത്തിയ സൈനിക വിമാനത്തിന് കൊളംബിയയില്‍ ഇറങ്ങാനുള്ള അവസരം നല്‍കേണ്ടി വന്നു. പക്ഷേ അതുകൊണ്ടും ഗുസ്താവോ പെട്രോയുടെ റേറ്റിങ് വര്‍ദ്ധിച്ചതേ ഉള്ളൂ.

president zelensky

യുക്രെയ്ന്‍
വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മുറിയായ ഓവല്‍ ഓഫീസില്‍ വിളിച്ച് വരുത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡ്മീര്‍ സെലന്‍സ്‌കിയെ ട്രംപും വൈസ് പ്രസിഡന്റ് വാന്‍സും ചേര്‍ന്ന് അപമാനിച്ചതില്‍ പിന്നെ യുക്രെയ്ന്‍ ജനത അദ്ദേഹത്തിന് ഒപ്പമുണ്ട്. കാര്യം ധാതുക്കള്‍ സംബന്ധിച്ച ട്രംപിന്റെ നിര്‍ദ്ദേശവും 30 ദിവസത്തെ ഭാഗിക സമാധാന പരിപാടിയും അംഗീകരിക്കേണ്ടി വന്നുവെങ്കിലും 67 ശതമാനമാണ് സെലന്‍സ്‌കിയുടെ അപ്രൂവല്‍ റേറ്റിങ്ങില്‍ ‘ഓവല്‍ ഓഫീസ് സംഭവ’ത്തിന് ശേഷം ഉയര്‍ച്ചയുണ്ടായത്.

Trump Effect of Global leaders Ukraine

റഷ്യയുമായുളള സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, 2023 ഡിസംബറിലുണ്ടായ, റേറ്റിങ്ങിന് ശേഷമുള്ള ഏറ്റവും മെച്ചപ്പെട്ട സ്ഥിതിയാണിത്. മൊത്തമുള്ള അപ്രൂവല്‍ റേറ്റിങ് ഇപ്പോള്‍ 38 ശതമാനമുണ്ട്.

Keir Starmer Emmanuel Macron

ട്രംപിന്റെ പെരുമാറ്റവും പരാമര്‍ശങ്ങളും പ്രസിഡന്റ് സെലന്‍സ്‌കിക്ക് എതിരായുള്ളതായിരുന്നില്ല, രാജ്യത്തിന് നേരെയുള്ള ആക്രമണമായിരുന്നുവെന്നാണ് യുക്രെയ്ന്‍ ജനത കാണുന്നത്. തികച്ചും നിന്ദ്യമായ, പുറകില്‍ നിന്നുള്ള കുത്തല്‍- കീവ് ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജിയിലെ ആന്റണ്‍ റഷെവ്സകി പറയുന്നു.

ഫ്രാന്‍സിന്റെ പ്രസിഡന്റ് മാക്രോണിന് ഇക്കാലത്ത് ആറ് പോയിന്റുകളുടെ വര്‍ദ്ധന ലഭിച്ചു. അതേ സമയം ഇതുവരെ ട്രംപിന്റേയും സുഹൃത്ത് ഇലോണ്‍ മസ്‌കിന്റേയും പിന്തുണ ലഭിച്ചിരുന്ന ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടി നേതാവ് മറീന്‍ ലെ പെന്‍ ഇപ്പോള്‍ ട്രംപില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് താത്പര്യപ്പെടുന്നത്. എന്നിട്ടും അപ്രൂവല്‍ റേറ്റിങ്ങില്‍ ഇടിവാണ് മറീന് ഉണ്ടായിട്ടുള്ളത്.

Trump Effect of Global leaders UK

ബ്രിട്ടണിലെ കീര്‍ സ്റ്റാര്‍മെറിനാകട്ടെ 10, ഡൗണിങ് സ്ട്രീറ്റില്‍ കഴിഞ്ഞ ജൂലായില്‍ അധികാരത്തിലേറിയ അന്ന് മുതല്‍ തിരിച്ചടിയാണ്. എന്നാല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കാര്യങ്ങള്‍ മാറി. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ നിന്ന് ബ്രിട്ടനെ ഒഴിവാക്കുമെന്ന ഉറപ്പും മൗറീഷ്യസിലെ ഒരു സൈനികാസ്ഥാനം ബ്രിട്ടണും അമേരിക്കയും പങ്കുവയ്ക്കുമെന്ന കരാറും സ്റ്റാര്‍മെറിന് ഗുണകരമായി മാറി. Survey shows that other countries’ leaders’ popularity increased after Trump took office.

Content Summary; Survey shows that other countries’ leaders’ popularity increased after Trump took office.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×