June 04, 2026 |
Share on

ഓസ്‌ട്രേലിയൻ മണ്ണിലെ അവസാന അങ്കമോ ? ; കോഹ്‌ലിയെ കാണാന്‍ കൊതിച്ചെത്തിയ സിഡ്‌നി

ടിക്കറ്റുകൾ ഒന്നും ബാക്കിയില്ല

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, വലിയ ആരവങ്ങൾക്കിടയിൽ വിരാട് കോഹ്‌ലി പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് എത്തുന്നു. ഗ്രൗണ്ടിൽ സ്പർശിച്ച ശേഷം മൂന്ന് തവണ നെറ്റിയിൽ തൊടുമ്പോൾ, നേരത്തെ തന്നെ തടിച്ചുകൂടിയ ആയിരക്കണക്കിന് ഇന്ത്യൻ ആരാധകർ ആഹ്ലാദത്തിമർപ്പിലായി.

ഈ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കോഹ്‌ലിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. മാത്രമല്ല, ഈ പരമ്പരയിൽ ഓസ്‌ട്രേലിയയോട് തോൽക്കുകയും ചെയ്തു. അതിനാൽ, ഇന്നത്തെ മത്സരത്തിൽ കോഹ്‌ലി എത്ര സ്‌കോർ ചെയ്യുന്നു, അതല്ലെങ്കിൽ സ്‌കോർ ചെയ്യുന്നുണ്ടോ എന്നതിനൊന്നും ഇപ്പോൾ വലിയ പ്രസക്തിയുണ്ടായെന്ന് വരില്ല. എന്നാൽ, 43,000 പേർക്ക് ഇരിക്കാവുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ മത്സരത്തിന് ടിക്കറ്റുകൾ ഒന്നും ബാക്കിയില്ല. ഇവിടെ ആവേശത്തിമിർപ്പിലുള്ള ആരാധകരുടെ ചിരിയും ആരവങ്ങളും ഇന്ത്യയുടെ തോൽവിയുടെ കഥയല്ല പറയുന്നത്, മറിച്ച് ക്രിക്കറ്റിനോടുള്ള, ക്രിക്കറ്റ് താരങ്ങളോടുള്ള അണമുറിയാത്ത സ്‌നേഹത്തിന്റെ കഥയാണ്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന് ഏറ്റവും അടുത്തുള്ള മൂറെ പാർക്ക് സ്റ്റേഷനിൽ എത്തുന്ന ലൈറ്റ്‌റെയിൽ നിറയെ നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ്. പലരും വിരാട് കോഹ്‌ലിയുടെ No. 18 ജേഴ്സി അണിഞ്ഞിട്ടുണ്ട്. ലൈറ്റ്‌റെയിലിനുള്ളിലും ഇന്നത്തെ മത്സരത്തിൽ കോഹ്‌ലി ബാറ്റ് ചെയ്യുന്നതും ഇന്ത്യ വിജയിക്കുന്നതും കാണാനുള്ള ആകാംഷ നിറഞ്ഞുനിൽക്കുന്നു.

ഇന്ന് ഇന്ത്യ ജയിക്കും. പരമ്പര തോറ്റാലും ഇന്ന് അവർക്ക് ജയിച്ചേ മതിയാകൂ. പന്ത്രണ്ടോളം സഹപ്രവർത്തകരുമായി മത്സരം കാണാൻ യാത്ര ചെയ്യുന്ന രാജ്‌കോട്ടിൽ നിന്നുള്ള സിവിൽ എഞ്ചിനീയറായ അവിനാഷ് പട്ടേൽ പറയുന്നു.

കോഹ്‌ലിക്ക് ഇന്ന് നന്നായി കളിക്കാൻ കഴിഞ്ഞില്ലെങ്കിലോ? അദ്ദേഹം ഈ കായികവിനോദത്തിനായി ഒരുപാട് ചെയ്തിട്ടുണ്ട്, ഒന്നോ രണ്ടോ മത്സരങ്ങളല്ല അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് അവിനാഷിന്റെ സുഹൃത്ത് ഉടൻ മറുപടി നൽകി.

സ്റ്റേഡിയത്തിന് പുറത്ത് ഏറ്റവും ഉച്ചത്തിലുള്ള സംഗീതം ഉയരുന്നുണ്ട്. കുട്ടികൾ മുഖത്ത് ഇന്ത്യൻ പതാക വരയ്ക്കുന്നു, നല്ലൊരു സീറ്റിനായി ആളുകൾ പരക്കം പായുന്നു. ഇന്ത്യയുടെ തോൽവിയും ജയവും അവരെ ബാധിക്കില്ല.

100 നീല ജേഴ്സികൾക്കിടയിലും, ഒരു മഞ്ഞ ജേഴ്സി കണ്ടെത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഓസ്‌ട്രേലിയക്കാർ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് എത്തുക എന്ന് ആഷസ് പരമ്പരയിലെ മത്സരങ്ങൾ കണ്ടിട്ടുള്ള ആഷ്ലി കെന്റ് പറയുന്നു. അവർ ആദ്യമായാണ് ഒരു ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാൻ വരുന്നത്.

എന്നാൽ, ഇന്ത്യൻ മത്സരങ്ങൾ കാണാൻ ഓസ്‌ട്രേലിയക്കാർ എത്തുന്നത്, ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രശസ്തി വർധിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആതിഥേയ ടീമിന് പുറമെ ഒരൊറ്റ രാജ്യത്തിന് വേണ്ടി മാത്രം ഒരു പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നത് അത് നീല ജേഴ്സിയണിഞ്ഞ ഇന്ത്യക്കാർക്ക് വേണ്ടിയാണ്.

കോഹ്‌ലിയെ കൂടാതെ, ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമ്മ ഓസ്‌ട്രേലിയയിൽ കളിക്കുന്ന അവസാന മത്സരം ഇതായിരിക്കാം. അവർ ആരാധിച്ചിരുന്ന രണ്ട് കളിക്കാർക്കുള്ള ഓസ്‌ട്രേലിയയുടെ വിടവാങ്ങൽ കൂടിയായിരിക്കും ഇത്. മിച്ച് മാർഷും ശുഭ്മാൻ ഗില്ലും ടോസ് ഇടാനായി വരുമ്പോൾ കാണികൾ വീണ്ടും ആർത്തുല്ലസിക്കുന്നു, സ്റ്റാൻഡുകൾ കൂടുതൽ നീലയായി മാറാൻ തുടങ്ങിയിരിക്കുന്നു.

content summary: Sydney gears up for Virat Kohli’s appearance perhaps for the last time

Leave a Reply

Your email address will not be published. Required fields are marked *

×