June 26, 2026 |
Avatar
അമർനാഥ്‌
Share on

ടി.എന്‍ ശേഷനും ഭരിച്ചവരും ഭരിക്കുന്നവരും കേട്ടില്ലെന്ന് നടിച്ച തിരഞ്ഞെടുപ്പിന്റെ ശേഷവാക്യവും

ടി.എന്‍ ശേഷനെ എന്തുകൊണ്ട് ഇതിഹാസം എന്ന് വിളിക്കുന്നു?

‘ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ വേഗം കൂടിയാലും കുറഞ്ഞാലും ഒരുപോലെ കുഴപ്പമാകും. – ഹൃദയത്തിന്റെ സ്പന്ദനം കൂടിയാലും കുറഞ്ഞാലും കുഴപ്പമാകുന്നതു പോലെ’

നാനി പാല്‍ക്കി വാല,
ഇന്ത്യന്‍ നിയമജ്ഞന്‍.

ഓരോ തിരഞ്ഞെടുപ്പുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഉയര്‍ന്നുവരുമ്പോഴും ചിന്തിക്കേണ്ട ഒരു പേരുണ്ട്. അതാണ് ടി.എന്‍. ശേഷന്‍.

1990 നും 1996 നും ഇടയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍ ശേഷനെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇപ്പോഴത്തെ കമ്മീഷണര്‍മാരും രാഷ്ട്രീയ നിരീക്ഷകരും എന്തുകൊണ്ട് ‘ഇതിഹാസം’ എന്ന് വിളിക്കുന്നു? ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് പല്ലും നഖവും നല്‍കിയത് ടി.എന്‍ ശേഷന്‍ എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് എന്നതാണ് ഒറ്റ വരിയിലുള്ള അതിനുത്തരം.

T. N. Seshan

ടി.എൻ. ശേഷൻ

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ 150 ഓളം പിഴകള്‍ ലിസ്റ്റ് ചെയ്ത ശേഷന്‍ അവയെ ഇല്ലാതാക്കി പഴുതുകളെല്ലാമടച്ച പരിഷ്‌ക്കാരങ്ങളും ചട്ടങ്ങളും നിര്‍ദേശിച്ച് കൊണ്ടൊരു 32 പേജുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം തന്റെ കാലത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ശരിയായി തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയാണെന്ന് വിശദമാക്കുന്ന ആ ആധികാരിക രേഖകള്‍ മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ അവഗണിച്ചു. ആ അവഗണനയുടെ തിക്തഫലമാണ് തിരഞ്ഞെടുപ്പുകളില്‍ ഇന്നും നടക്കുന്ന ക്രമക്കേടുകള്‍.

ഇലക്‌ട്രോണിക്ക് വോട്ടെടുപ്പോ ബാലറ്റോ അല്ല ഇന്നും നടക്കുന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടിന് കാരണം. യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതാണ്. ടി.എന്‍. ശേഷന് മുന്‍ ഇലക്ഷന്‍ കമ്മീഷണറുടെ പകുതി അധികാരം മതി അതിന്. ഡല്‍ഹിയിലെ ഇലക്ഷന്‍ ഓഫീസായ നിര്‍വാചന്‍ ഭവനിലെ ഷെല്‍ഫില്‍ ഉള്ള ടി.എന്‍. ശേഷനെന്ന മുന്‍ കമ്മീഷണര്‍ എഴുതിയ ആ മാര്‍ഗനിര്‍ദേശ പുസ്തകം കമ്മീഷണര്‍മാര്‍ ഒന്ന് വായിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ ക്രമക്കേടുകള്‍. മൊബൈലും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ഇല്ലാത്ത കാലത്താണ് ശേഷന്‍ അത് എഴുതിയതെങ്കിലും കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയാല്‍ നടപ്പിലാക്കാവുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് അവ. നിര്‍ഭാഗ്യവശാല്‍ അത് അറിയാത്തവരാണ് അല്ലെങ്കില്‍ അത് നടപ്പിലാക്കാന്‍ കഴിവില്ലാത്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണ് കാലങ്ങളായി ഡല്‍ഹിയിലെ അശോകാ റോഡിലെ മഖ്യ ഇലക്ഷന്‍ ഓഫീസായ നിര്‍വാചന്‍ ഭവനിലിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്ത് കൊണ്ടാണ് ശേഷന്റെ ‘ഈ നിര്‍ദേശങ്ങള്‍’ പരാമര്‍ശിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാത്തത്? ഇപ്പോഴും തുനിയാത്തത്? എല്ലാവര്‍ക്കും അറിയാവുന്ന, എന്നാല്‍ ആരും ഉത്തരം പറയാത്ത ചോദ്യമാണത്.

ദൈവം കഴിഞ്ഞാല്‍ രാഷ്ടീയക്കാര്‍ ഭയപ്പെട്ട ഒരാളെ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. ടി.എന്‍ ശേഷന്‍, ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രം രേഖപ്പെടുത്തുകയാണെങ്കില്‍ അത് ശേഷന്‍ കമ്മീഷണറായതിന് മുമ്പും ശേഷവും എന്ന് എഴുതേണ്ടി വരും.

ടി.എന്‍.ശേഷന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ കളകളെല്ലാം പറിച്ച് ചിട്ടയായ , ജനാധിപത്യ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നടപ്പിലാക്കി. രാഷ്ട്രീയക്കാരെ അത് അനുസരിപ്പിച്ച മുഖ്യ ഇലക്ഷന്‍ കമ്മീഷണറായിരുന്നു ശേഷന്‍.
”നിയമം ലംഘിക്കാന്‍ ആരും ശ്രമിക്കണ്ട”
എന്നായിരുന്നു ശേഷന്റെ പുതിയ തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ സമവാക്യം. നിശിതമാണ് ആ കല്‍പ്പനകള്‍. തെറ്റിച്ചാല്‍ ശേഷം ചിന്ത്യം!

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു സ്ഥാപനം പണ്ടേ ഉണ്ടായിരുന്നു. 1950 ലെ ആദ്യ മുഖ്യ കമ്മീഷണറായ സുകുമാര്‍ സെന്‍ മുതല്‍ വി.എസ്. രമാദേവി വരെ 9 പേര്‍ അതിന്റെ ഇലക്ഷന്‍ കമ്മീഷണറുമാരുമായിരുന്നു. സര്‍ക്കാരിന്റെ സൗകര്യം നോക്കി തിരഞ്ഞെടുപ്പ് നടത്തുന്ന യജമാന ഭക്തന്മാര്‍ മാത്രമായിരുന്നു അവര്‍. തിരഞ്ഞെടുപ്പ് വിജ്ഞാനം പ്രഖ്യാപിക്കുന്ന നാള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അപൂര്‍വ്വ പ്രതിഭാസമായിരുന്നു ഇലക്ഷന്‍ കമ്മീഷനും കമ്മീഷണറും അതുവരെ.

T. N. Seshan

ടി.എൻ. ശേഷൻ

1990 ഡിസംബറില്‍ മുഖ്യ ഇലക്ഷന്‍ കമ്മീഷണറായി ടി. എന്‍. ശേഷന്‍ നിയമിക്കപ്പെട്ടതോടെ അക്കാലം അവസാനിച്ചു. ശേഷന്‍ വന്നതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന കാര്യാലയമായി മാറി. കമ്മീഷന്‍ എന്താണെന്നും അതിന്റെ അധികാരം എന്താണെന്നും രാഷ്ട്രിയക്കാരും സര്‍ക്കാരും ജനങ്ങളും ഏറെ താമസിയാതെ അറിഞ്ഞു. ഈ അധികാരങ്ങളൊക്കെ ശേഷന്റെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നെങ്കിലും അത് ഉയോഗിക്കാന്‍ രാഷ്ട്രീയക്കാരെ പേടിച്ച് അവരാരും തയ്യാറായിരുന്നില്ല. ശേഷന്‍ വേറിട്ട കമ്മീഷണറായിരുന്നു. പരുക്കന്‍ ബ്യൂറോക്രാറ്റ്. നടക്കണോ നില്‍ക്കണോ എന്ന് ചോദിച്ചാല്‍ നിയമ പുസ്തകം നോക്കി മാത്രം അനുമതി നല്‍കുന്ന ആള്‍. ആരെയും കൂസാതെ തന്റെ പ്രയോഗം തുടങ്ങിയപ്പോള്‍ പേടിച്ചത് ഇന്ത്യയിലെ രാഷ്ട്രീയക്കാരായിരുന്നെന്ന് മാത്രം.

തിരുനെല്ലായി നാരായണയ്യര്‍ ശേഷനെന്ന പാലക്കാടുകാരന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചത് ഊര്‍ജ്ജതന്ത്രമായിരുന്നു. 1955 ല്‍ ഐ.എ.എഎസ് നേടി. ഐ.പി.എസിലും ടോപ്പ് റാങ്ക് നേടിയെങ്കിലും പോലീസായില്ല. ഒരു കൊല്ലം ഹാര്‍വാഡ് യുണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. 1965 ല്‍ മധുരയില്‍ ജില്ലാ കളക്ടറായി ശേഷന് നിയമനം ലഭിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം അലയടിക്കുന്ന കാലമായിരുന്നു. തെരുവില്‍ പ്രക്ഷോഭം നടത്തിയ ഹിന്ദിവിരുദ്ധക്കാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ കളക്ടര്‍ പോലീസിനെ വിട്ട് കൈകാര്യം ചെയ്തതോടെ ശേഷനെന്ന പേര് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രശസ്തമായി. ‘ പൗരാവകാശത്തെ’ അടിച്ചമര്‍ത്തുന്ന മധുര കളക്ടര്‍ക്കെതിരെയുള്ള പരാതികളുടെ പെരുമഴ തമിഴ്‌നാട് മുഖ്യമന്ത്രി ഭക്തവത്സലത്തിനടുത്തെത്തി.
ഒടുവില്‍ ഭക്തവത്സലം കളക്ടറെ സ്ഥലം മാറ്റി പ്രശ്‌നം പരിഹരിച്ചു. പിന്നീട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായ ശേഷന്‍ എം.ജി. രാമചന്ദ്രന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഏഴെത്തോഴെന്റെ പാര്‍ടി നേതാക്കളുമായി പല പ്രശ്‌നങ്ങളിലും നിരന്തരം കലഹിച്ചു. പിന്നെ അത് മടുത്ത ശേഷന്‍ പോസ്റ്റിങ്ങ് വാങ്ങി കേന്ദ്രത്തിലേക്ക് പോയി.

കേന്ദ്രത്തില്‍ ആറ്റോമിക്ക് എനര്‍ജി വകുപ്പില്‍ സെക്രട്ടറിയായിരിക്കെ ചെയര്‍മാനായ ഹോമി സെയ്തനയുമായി നിരന്തരം കശപിശയായിരുന്നു. ശേഷന്റെ കോണ്‍ ഫിഷ്യല്‍ റിപ്പോര്‍ട്ടില്‍ സെയ്തന എഴുതിയ പരാമര്‍ശം ഇങ്ങനെ ”He is aggressive, aggressive and a bully to those under him ‘ കലഹം മൂത്തപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രണ്ട് പേരെയും വിളിപ്പിച്ചു. പിന്നീട് റിപ്പോര്‍ട്ടിലെ വിവാദ പരാമര്‍ശം നീക്കം ചെയ്തു.

പിന്നീട് വനം-പരിസ്ഥിതി വകുപ്പില്‍ സെക്രട്ടറിയായ ശേഷനെ രാജീവ് ഗാന്ധി ക്യാബിനറ്റ് സെക്രട്ടറിയാക്കി. പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ചുമതലയും അദ്ദേഹത്തിനു ലഭിച്ചു.സുരക്ഷയെക്കുറിച്ചുള്ള ശേഷന്റെ ഉപദേശം രാജീവ് അവഗണിച്ചത് പിന്നീട് അധികാരമൊഴിഞ്ഞപ്പോള്‍ രാജീവ് ഗാന്ധിക്ക് വിനയായി ജീവന്‍ തന്നെ നഷ്ടപ്പെട്ടു എന്നത് ചരിത്രം.

1990 ല്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോഴാണ് ശേഷന്‍ ഇലക്ഷന്‍ കമ്മീഷണറാകുന്നത്. ജനത പാര്‍ട്ടിയിലെ ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയായിരുന്നു ഈ നിയമത്തിനു പിന്നില്‍. ശേഷന്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ കാലത്ത് സുബ്രഹ്‌മണ്യന്‍ സ്വാമി അവിടെ അദ്ധ്യാപകനായിരുന്നു. ശേഷന്റെ കഴിവില്‍ അന്നേ മതിപ്പുണ്ടായിരുന്ന സ്വാമി ശേഷനെ ചന്ദ്രശേഖറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇലക്ഷന്‍ കമ്മീഷണറാക്കി.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ 150 ഓളം പിഴകള്‍ ലിസ്റ്റ് ചെയ്ത ശേഷന്‍ അവയെ ഇല്ലാതാക്കി പഴുതുകളെല്ലാമടച്ച പരിഷ്‌ക്കാരങ്ങളും ചട്ടങ്ങളും നിര്‍ദേശിച്ച് കൊണ്ടൊരു 32 പേജുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇന്ത്യയില്‍ ശരിയായി തിരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയാണെന്ന് വിശദമാക്കുന്ന ആ ആധികാരിക രേഖകള്‍ ഗവണ്‍മെന്റ് അവഗണിച്ചു. പക്ഷേ, ശേഷന്‍ ആരംഭിക്കുകയായിരുന്നു. ‘കാര്യക്ഷമത, വേഗത’ ഇതായിരുന്നു ശേഷന്റെ ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യയശാസ്ത്രം.

1993 ല്‍ ഉത്തേരേന്ത്യയില്‍ 9, സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റുകളില്‍ തിരഞ്ഞടുപ്പുകള്‍ നടന്നു. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിശിതമായ മേല്‍നോട്ടത്താല്‍ അവയെല്ലാം സമാധനപരമായി നടന്നു. യു.പിയില്‍ പോലും യാതൊരു അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുപ്പ് നടന്നുയെന്നത് ശേഷനും അദ്ദേഹത്തിന്റെ കമ്മീഷന്റെയും പ്രവര്‍ത്തനം ലക്ഷ്യത്തിലെത്തിയെന്ന സന്ദേശമായിരുന്നു. അത് വരെ സംശയത്തോടെ ശേഷനെ കണ്ടിരുന്ന മാധ്യമങ്ങള്‍ ഒടുവില്‍ അദ്ദേഹത്തെ അംഗീകരിച്ചു.

TN Sheshan

പതിനായിരക്കണക്കിന് ജോലിക്കാരുടെ കൂട്ടായ പ്രയത്‌നഫലമായിരുന്നു അത്. വോട്ടിങ്ങ് ബൂത്തിലെ ജീവനക്കാര്‍, സുരക്ഷാഭടന്‍മാര്‍ , വോട്ടിങ്ങ് മേല്‍നോട്ടം വഹിക്കുന്നവര്‍ , ഇലക്ഷന്‍ ഫലം കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരുടെ ഏകോപനം കൃത്യമായി നിര്‍വ്വഹിച്ച ശേഷനേയും തിരഞ്ഞടുപ്പ് കമ്മീഷനേയും അളവറ്റ് പ്രശംസിച്ചു.

ദി പയനിയര്‍ പത്രം 1993 നവംബര്‍ 23 ന് ഇതിനെ പ്രശംസിച്ച് എഡിറ്റോറിയല്‍ എഴുതി” Thank You Mr Seshan’ എന്നായിരുന്നു തലക്കെട്ട്. സ്റ്റേറ്റ്‌സ്മാന്‍ പത്രം 1993 ഡിസംബര്‍ 17 ന് എഴുതി

”ഭരണകക്ഷി സൃഷ്ടിച്ച ഫ്രാങ്ക്‌സ്റ്റെയിനായി ശേഷന്‍ മാറിയെങ്കിലും അദ്ദേഹത്തെ ഭരണഘടനാ പരമായി ഇംപീച്ച് ചെയ്യാനുള്ള ഒരു കാരണം ഇനിയും പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. രാഷ്ട്രീയ കക്ഷികളെ പ്രകോപിപ്പിച്ച അദ്ദേഹം ഒരു അസാധാരണ മനുഷ്യനാണ്. ഇലക്ഷന്‍ കമ്മീഷന്റെ അധികാരങ്ങള്‍ ഇത്തരത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നത്.”

ഏറെ കഴിയും മുന്‍പേ ശേഷന്‍ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പില്‍ കൊണ്ടുവരികയായിരുന്നു ശേഷന്റെ ആദ്യത്തെ നടപടി. അതോടെ ശുചീകരണമാരംഭിച്ചു. കൃത്യമല്ലാത്ത തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കല്‍, പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലെ പിഴവുകള്‍, നിര്‍ബന്ധിത തിരഞ്ഞെടുപ്പ് പ്രചാരണം, നിയമപരിധിയില്‍ കൂടുതല്‍ പണം ചെലവഴിക്കല്‍, പോളിംഗ് ബൂത്തുകള്‍ തട്ടിയെടുക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ചു, പൊതു ദുരുപയോഗം തുടങ്ങി നൂറിലധികം പൊതു തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കൈകാര്യം ചെയ്ത് അവയെ നിയമത്തിന് നേരെ കൊണ്ടുവന്നു. ലംഘിച്ചവര്‍ക്ക് അയോഗ്യതാ നോട്ടീസുകള്‍ ചെന്നപ്പോഴാണ് രാഷ്ട്രീയക്കാര്‍ വിവരമറിയുന്നത്. ശേഷനെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ സുതാര്യവും കര്‍ശനവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അന്ന് ആദ്യമായി നടന്നു.

ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തിരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച ചട്ടമായിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ച നിയമം. അതില്‍ കൈ വെച്ചതോടെ രാഷ്ട്രീയക്കാര്‍ പരിഭ്രാന്തരായി. കോടിക്കണക്കിന് പണം തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്നതിന് വിലക്ക്. കൃത്യമായ കണക്ക് കൊടുത്തില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന ചട്ടം വായിച്ച് സ്ഥാനാര്‍ത്ഥികള്‍ വിരണ്ടു. തിരഞ്ഞെടുപ്പ് ചിലവുകണക്ക് പലരും കൊടുത്തതാകട്ടെ പ്രത്യക്ഷത്തില്‍ തന്നെ കള്ളവും ആയിരുന്നു.

കണക്ക് കൊടുക്കാതിരിക്കുകയോ അനുവദിച്ചതില്‍ കൂടുതല്‍ ചിലവാക്കുകയോ ചെയ്യുന്നവരെ അയോഗ്യരാക്കുമെന്ന് വന്നപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഛായാഗ്രഹക്കാര്‍ നിയോജക മണ്ഡലത്തില്‍ ക്യാമറയുമായി റോന്ത് ചുറ്റാന്‍ തുടങ്ങിയതോടെ ചുമരുകളും കവലകളും രക്ഷപെട്ടു. ജനങ്ങള്‍ക്ക് അത് നന്നെ ബോധിച്ചു. ഇലക്ഷന്‍ കാലത്ത് മാത്രം സ്‌നേഹിക്കുകയും അത് കഴിഞ്ഞാല്‍ കണ്ട ഭാവം നടിക്കാത്ത രാഷ്ട്രീയക്കാരെ പൂട്ടാന്‍ വന്ന അവതാരമായി ടി.എന്‍.ശേഷനെ അവര്‍ കാണാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഓരോ നടപടിക്കും പൊതുജന പിന്‍തുണ വര്‍ദ്ധിച്ചു. സര്‍ക്കാരിനെ വരച്ച വരയില്‍ നിറുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പൊതുജനം പിന്‍തുണയ്ക്കുകയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനെ അങ്കലാപ്പിലാക്കി.

തന്റെ പദവിയുടെ ശക്തി തിരിച്ചറിഞ്ഞ ശേഷന്‍ ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവനല്ലെന്ന് തെളിയുക മാത്രമല്ല പൊതുജനം അത് തിരിച്ചറിഞ്ഞു എന്നതായിരുന്നു സര്‍ക്കാരിനെ കുഴപ്പിച്ചത്. ഭരണഘടനയുടെ സംരക്ഷണവും ജനപിന്‍തുണയും ഇല്ലായിരുന്നെങ്കില്‍ ശേഷനെ ഭരണകൂടം രായ്ക്കുരാമാനം പുറത്താക്കിയേനെ. ശേഷനെ ഒന്നും ചെയ്യാനാവാതെ സര്‍ക്കാര്‍ നിര്‍വീര്യമായി നില്‍ക്കുന്നതു കണ്ട പൊതുജനം കയ്യടിച്ചു.

രാജ്യസഭയെ കൈയ്യോടെ പിടികൂടലായിരുന്നു ശേഷന്റെ അടുത്ത നീക്കം. സംസ്ഥാനങ്ങളുടെ പ്രതിനിധിയാണ് രാജ്യസഭ. സംസ്ഥാനങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവരെയാണ് ഓരോ സംസ്ഥാനത്തേയും നിയമസഭാംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തയക്കേണ്ടത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് മാത്രം ഇത് ബാധകമല്ല. മിക്ക അംഗങ്ങളും ഇത് ലംഘിച്ചത് മനസിലാക്കിയ ശേഷന്‍ ഭരണഘടനാ ലംഘനത്തിന് നോട്ടീസ് വിട്ടു. അവരുടെ അംഗത്വം തെറിക്കുമെന്ന് ഉറപ്പായി. അസമില്‍ നിന്നുവന്ന ഡോ. മന്‍മോഹന്‍ സിങ്ങിനും കിട്ടി നോട്ടീസ്. അദ്ദേഹത്തിന്റെ താമസം അസമിലല്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു ഇതോടെ എല്ലാ രാഷ്ട്രീയക്കാരും ശേഷനെതിരായി. ആ കാലത്ത് ശേഷന്‍ പറഞ്ഞു ‘ഞാനൊരു പന്താണ് ശക്തിയായി തറയിലെറിഞ്ഞാല്‍ ഇരട്ടി ശക്തിയായി ഞാന്‍ തിരികെ വരും’ ശേഷനുമായി മുട്ടാന്‍ ധൈര്യമുള്ളവരൊന്നും തലപ്പത്ത് ഉണ്ടായിരുന്നില്ല. പുലിവാല് പിടിച്ച സര്‍ക്കാര്‍ അംഗത്വം പോകാതിരിക്കാന്‍ ഒടുവില്‍ നിയമം മാറ്റി.

വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കല്‍, ഭീഷണി വഴി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ പതിവ് രീതികളെ ശേഷന്‍ നിയമം കൊണ്ടുവന്ന് തീര്‍ത്തും നിഷ്‌ക്കാസനം ചെയ്തു. ബീഹാര്‍, യു.പി. ബംഗാള്‍ ബൂത്ത് പിടുത്തം, തുടങ്ങിയ ആക്രമണങ്ങളൊക്കെ അതോടെ അപ്രത്യക്ഷമായി. തിരഞ്ഞെടുപ്പ് നാളിലെ മദ്യനിരോധനം, ആരാധനാലയങ്ങള്‍ വഴിയുള്ള പ്രചാരണം എന്നിവ നിരോധിച്ചതും ശേഷന്റെ നടപടിയായിരുന്നു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ചട്ടം നടപ്പിലാക്കിയതും ശേഷനായിരുന്നു.

ശേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന അര്‍ഹതയുള്ള, പ്രായപൂര്‍ത്തിയായ ഇന്ത്യയിലെ എല്ലാ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക എന്നതായിരുന്നു. സ്വാഭാവികമായും കള്ളവോട്ടുകളുടെ ഭാവി തുലാസിലാവും എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാര്‍ ചാടി വീണ് ശക്തമായി എതിര്‍ത്തു. ചിലവേറിയ, അനാവശ്യ പ്രക്രിയാണിതെന്ന് അവര്‍ വാദിച്ചു.

ഉത്തരവ് നല്‍കി മാസങ്ങളോളം കാത്തിരുന്നിട്ടും ഭരണയന്ത്രം ചലിക്കാതെയിരുന്നത് കണ്ട ശേഷന്‍ പ്രഖ്യാപിച്ചു. ‘തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാത്തപക്ഷം 1995, ജനുവരി 1 ന് ശേഷം രാജ്യത്ത് ഒരു തിരഞ്ഞെടുപ്പും നടക്കുന്നതല്ല’
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടു. തെരഞ്ഞെടുപ്പ് ഇല്ലാതായാല്‍ ജനങ്ങളുടെ ആധിപത്യം അവസാനിക്കും കോടതി പറഞ്ഞു. ‘സര്‍ക്കാരിനോട് നടപടികള്‍ വേഗത്തിലാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഒടുവില്‍ സംസ്ഥാനങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാന്‍ ആരംഭിച്ചു. 1996 ല്‍ ശേഷന്റെ ഓഫീസ് കാലാവധി അവസാനിക്കും മുന്‍പ് രണ്ട് ദശലക്ഷം വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചു.

”ഞാന്‍ പുതുതായി ഒന്നും നടപ്പിലാക്കിയിട്ടില്ല. ഒരു കോമയോ സെമി കോളനോ ഒരു കുത്തോ പോലും ഞാന്‍ നിയമങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. എന്താണ് നിയമം, അത് ഞാന്‍ നടപ്പിലാക്കി എന്ന് മാത്രം” ശേഷന്‍ പറഞ്ഞു. ഇന്ന് അനുഭവിക്കുന്ന പദവിയും അധികാരപരിധിയും ഡല്‍ഹിയിലെ അശോക റോഡിലെ നിര്‍വാചന്‍ സദനിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് കൈവന്നത് ടി.എന്‍. ശേഷന്റെ പ്രവര്‍ത്തനം മൂലമാണ്.

പത്രക്കാരെ വിരട്ടുന്ന തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ശേഷന്‍. ചെന്നെയില്‍ പത്രസമ്മേളനം നടക്കുമ്പോള്‍ ഒരു പത്രക്കാരന്‍ ‘താങ്കള്‍ കോണ്‍ഗ്രസുകാരനാണോ’ എന്ന് ചോദിച്ചതേയുള്ളൂ ഇയാളെ പിടിച്ച് പുറത്താക്കാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ശേഷന്‍ അലറി. ആ പത്രക്കാരന്‍ സ്വയം പുറത്ത് പോയതിനാല്‍ അനിഷ്ടസംഭവമൊഴിവായി.

ഫോണില്‍ വീട്ടിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത ശേഷന്‍ താന്‍ ഇവിടെ ഇല്ല എന്ന് പറയുകയും വിളിച്ച ആളിനോട് തട്ടിക്കേറുകയും ചെയ്യും. അത് അദ്ദേഹത്തിന്റെ ഒരു പതിവ് വിനോദമായിരുന്നു. ക്ഷിപ്രകോപിയും തലക്ഷണം പ്രതികരിക്കുന്നവനുമായതിനാല്‍ എല്ലാവരും സൂക്ഷിച്ചു മാത്രം ഇടപെട്ടു.

1994 ല്‍, ശേഷന്‍ പ്രഭാവം കത്തിജ്വലിക്കുന്ന സമയത്ത് തന്നെ ശേഷനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നു. വാര്‍ത്തയില്‍ നിറഞ്ഞ ആ പുസ്തകം.’ Seshan An Intimate Story ‘എഴുതിയത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ കുട്ടി. രാംനാഥ് ഗോയങ്കയുടെ ഇന്ത്യന്‍എക്‌സ്പ്രസ് അന്ന് പത്രലോകത്തെ ശ്രദ്ധാകേന്ദ്രമായിരുന്നു.. ആ പത്രത്തിലെ മുതിര്‍ന്ന ലേഖകന്‍ ഗുരുവായൂര്‍ക്കാരന്‍ ഗോവിന്ദന്‍ കുട്ടിയെ ശേഷന് മതിപ്പായിരുന്നു. ശേഷന്‍ തന്നെ നിര്‍ദേശിച്ചു. ഗോവിന്ദന്‍ കുട്ടി തന്നെ എഴുതിയാല്‍ മതി. ഇംഗ്ലീഷിലും മലയാളത്തിലും മനോഹരമായി എഴുതുന്ന ഗോവിന്ദന്‍ കുട്ടി ഡല്‍ഹിയിലെ പണ്ടാര റോഡിലെ ശേഷന്റെ വസതിയില്‍ ചെന്ന് സംഭാഷണം നടത്തി. നൂറ് മണിക്കൂര്‍ നീണ്ട സംഭാഷണം ശബ്ദലേഖനം ചെയ്ത് അത് കേട്ട് പുസ്തകം പൂര്‍ത്തിയാക്കി.
പുസ്തകം പുറത്ത് വരും മുന്‍പേ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു.

G.V. Krishnamurthy, T. N. Seshan, M.S. Gill

മുഖ്യ ഇലക്ഷൻ കമ്മീഷ്ണർമാർ പത്രസമ്മേളനത്തിൽ ജി.വി. കൃഷ്ണമൂർത്തി, ടി. എൻ . ശേഷൻ, എം.എസ് ഗിൽ

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എച്ച്. ആര്‍ ഖന്ന പ്രകാശനം ചെയ്യാന്‍ തീരുമാനമായെങ്കിലും ചെന്നൈ ഹൈക്കോടതി പ്രകാശനം തടഞ്ഞു. ജയലളിതയായിരുന്നു പരാതിക്കാരി. കാരണം തമിഴും മലയാളവും കലര്‍ന്ന തലയാളം സംസാരിക്കുന്ന ശേഷന്‍ പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലൂടെ തമിഴ്‌നാടിനെ അപമാനിച്ചിരിക്കുന്നു. പ്രകാശനം നടത്തിയില്ല. പകരം യോഗത്തില്‍ പുസ്തക ചര്‍ച്ച നടന്നു. അതിന് തടസമില്ലായിരുന്നു.

പുസ്തകം വായിച്ചവര്‍ കോടതിയുടെ വിലക്ക് തെറ്റിക്കാതെ പുസ്തകത്തെ കുറിച്ച് ഗഹനമായി പ്രസംഗിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പഴയ പടക്കുതിരയായ എഡിറ്റര്‍ അരുണ്‍ ഷൗരി ഇങ്ങനെ പ്രസംഗിച്ചു ‘ഈ പുസ്തകത്തിനെതിരെയുള്ള നീക്കം തടയാന്‍ ഒറ്റ വഴിയേ ഉളളൂ. നിങ്ങളില്‍ ഓരോരുത്തരും ഇപ്പോള്‍ തന്നെ കടയില്‍ പോയി ഓരോ കോപ്പി വാങ്ങുക. കടയില്‍ ഒരൊറ്റ കോപ്പി പോലും അവശേഷിപ്പിക്കരുത്” സംഗതി ഏറ്റു. പുസ്തകം ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.

പക്ഷേ, തമിഴ്‌നാട്ടില്‍ അതിനെതിരെ കനത്ത എതിര്‍പ്പ് പൊട്ടിപ്പുറപ്പെട്ടു. രണ്ടിടത്ത് പുസ്തകം കത്തിച്ചു പ്രതിഷേധമുണ്ടായി. ചെന്നൈയില്‍ എത്തിയ ശേഷന് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ ശേഷന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടി വന്നു. 60 കളുടെ പകുതിയില്‍ മധുരയില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചതില്‍ അമേരിക്കന്‍ ചാര സംഘടന CIA ക്ക് പങ്കുണ്ടോ എന്ന പുസ്തകത്തിലെ ശേഷന്റെ സംശയമാണ് തമിഴരെ രോഷം കൊള്ളിച്ചത്. അക്കാലത്തെ മധുര കളക്ടര്‍ ശേഷനായിരുന്നു.

Gyanesh Kumar

ഇപ്പോഴത്തെ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ

ഒടുവില്‍ സുപ്രീം കോടതിയിലെത്തിയ കേസില്‍ പ്രസിദ്ധരായ നിയമജ്ഞര്‍ ഏറ്റുമുട്ടി. ജയലളിതയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍ ഹാജരായി. പുസ്തകമെഴുതിയ ഗോവിന്ദന്‍ കുട്ടിക്ക് വേണ്ടി അരുണ്‍ ജെയ്റ്റ്‌ലി സൗജന്യമായി വാദിക്കാനെത്തി. ജയലളിത ഹര്‍ജി നല്‍കിയ ഉടന്‍ കരുണാനിധിയും ഹര്‍ജിയുമായി കോടതിയിലെത്തിയിരുന്നു. അണ്ണാദുരക്കെതിരെയുള്ള പരാമര്‍ശത്തിനെതിരെ അണ്ണയുടെ ഭാര്യയും കോടതിയെ സമീപിച്ചിരുന്നു. എല്ലാ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാന്‍ കേസ് ആന്ധ്ര ഹൈക്കോടതിയിലേക്ക് മാറ്റി.

ഒടുവില്‍ പുസ്തകം പിന്‍വലിച്ച് വിവാദ ഭാഗങ്ങള്‍ പ്രസാധകന്‍ ഒഴിവാക്കി വീണ്ടും ഇറക്കി. മുഖ്യ ഇലക്ഷന്‍ കമ്മീഷണറോടൊപ്പം പ്രവര്‍ത്തിക്കാന്‍ എം.എസ് ഗില്ലും ജി.വി..ജി കൃഷ്ണമൂര്‍ത്തിയും ഉണ്ടായിരുന്നെങ്കിലും ശേഷന്‍ അവരെ തെല്ലും വകവെച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തിയുമായി കലഹിക്കുകയും ചെയ്തു.

ഇലക്ഷന്‍ കമ്മീഷണില്‍ നിന്ന് 1996 ല്‍ വിരമിച്ച് ചെന്നൈയില്‍ താമസിക്കാന്‍ തുടങ്ങി. കെ. ആര്‍ നാരായണനെതിരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൊണ്ട് ശേഷന്‍ ഒരിക്കല്‍ കൂടി ദേശീയ ശ്രദ്ധ നേടി. പക്ഷെ, കുറച്ച് വോട്ടുകള്‍ മാത്രം നേടി പരാജയപ്പെട്ടു.

കുറച്ച് കാലം കാഞ്ചി മഠാധിപതിയുടെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച ശേഷനെ മികച്ച സര്‍ക്കാര്‍ സേവനത്തിന് റമോണ്‍ മാഗ്‌സെ പുരസ്‌ക്കാരം നല്‍കി 1996 ല്‍ അംഗീകരിച്ചു. 2019 നവംബര്‍ 10 ന് ശേഷന്‍ അന്തരിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ടി എന്‍ ശേഷന്റെ ആത്മകഥ ‘Through the Broken Glass’ പ്രസിദ്ധീകരിച്ചു.

T.N. Seshan's autobiography

ടി.എൻ. ശേഷൻ്റെ ആത്മകഥ

രണ്ടുവര്‍ഷം മുന്‍പ്, 2022 നവംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സംവിധാനം പരിഷ്‌ക്കരിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞു, നിരവധി സി.ഇ.സി മാര്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ടി.എന്‍. ശേഷനെ പോലുള്ളവര്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്’.

1995 ല്‍ ഫെബ്രുവരി 10 ലെ ന്യൂയോര്‍ക്ക് ടൈംസ് പത്രം ശേഷനെ കുറിച്ചെഴുതി:
”ഇന്ത്യയിലെ ഏറ്റവും ആദരിക്കുന്ന വ്യക്തിത്വത്തെ കണ്ടെത്താന്‍ ഒരു വോട്ടെടുപ്പ് നടത്തിയാല്‍, ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി ടി.എന്‍ ശേഷനായിരിക്കും.’. T.N. Seshan: The Irreplaceable Man

Content Summary: T.N. Seshan: The Irreplaceable Man

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×