2026ലെ ടി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ചില റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് അവസാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ വിസ്മയങ്ങള്‍ കണ്ടൊരു പതിപ്പ്. ഈ ലോകകപ്പില്‍ ആകെ 780 സിക്‌സറുകളാണ് പിറന്നത്. 2024 ലോകകപ്പിലെ 517 സിക്‌സറുകളെ കടത്തിവെട്ടി 50.87 ശതമാനത്തിന്റെ വന്‍ വര്‍ധനവ്. ഓരോ 15 പന്തിലും ഒരു സിക്‌സര്‍ എന്നായിരുന്നു കണക്ക്. ഇന്ത്യയില്‍ നടന്ന 35 മത്സരങ്ങളില്‍ നിന്ന് 600 സിക്‌സറുകളും ശ്രീലങ്കയില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് 180 സിക്‌സറുകളും പിറന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ താരം സഞ്ജു സാംസണായിരുന്നു. ആദ്യ നാല് മത്സരങ്ങള്‍ നഷ്ടമായിട്ടും, അവസാന സൂപ്പര്‍ എയിറ്റ് മത്സരം, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ നേടിയ തുടര്‍ച്ചയായ മൂന്ന് 80 പ്ലസ് സ്‌കോറുകളുടെ കരുത്തില്‍ സഞ്ജു ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഐസിസി ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും കളിക്കാതെ ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ താരമാണ് അദ്ദേഹം. അഞ്ച് മത്സരങ്ങളില്‍ നിന്ന് മാത്രം 24 സിക്‌സറുകള്‍ പറത്തിയ സഞ്ജു, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ (18), വെസ്റ്റ് ഇന്‍ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (19), ഫിന്‍ അലന്‍ (20) എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ റെക്കോര്‍ഡ് കൈവശം വെച്ചെങ്കിലും ഒടുവില്‍ സഞ്ജു ഇത് സ്വന്തം പേരിലാക്കുകയായിരുന്നു.
ബാറ്റര്‍മാരുടെ ആധിപത്യം പ്രകടമായ ഈ ലോകകപ്പില്‍ ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലുകളില്‍ ആറെണ്ണം പിറന്നു. 2007-ല്‍ ശ്രീലങ്ക കെനിയക്കെതിരെ നേടിയ 260 റണ്‍സ് എന്ന റെക്കോര്‍ഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നുണ്ടെങ്കിലും, നാല് തവണ ടീമുകള്‍ ഈ സ്‌കോറിന് പത്ത് റണ്‍സ് അടുത്തെത്തി. ഇതില്‍ മൂന്ന് തവണയും ഇന്ത്യയായിരുന്നു ഈ നേട്ടത്തിന് അരികിലെത്തിയത്. ടൂര്‍ണമെന്റിലാകെ 14 തവണ 200-ന് മുകളില്‍ സ്‌കോര്‍ പിറന്നപ്പോള്‍, മുന്‍പത്തെ ഒമ്പത് പതിപ്പുകളിലായി ആകെ 18 തവണ മാത്രമേ ഇത്രയും വലിയ സ്‌കോറുകള്‍ പിറന്നിട്ടുള്ളൂ. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ 383 റണ്‍സുമായി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ വിജയമായിരുന്നു. മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും, തുടര്‍ച്ചയായി കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായും, ആതിഥേയരായിരിക്കെ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിങ്ങനെ ആറ് ഇന്ത്യന്‍ താരങ്ങളാണ് 200-ലധികം റണ്‍സ് അടിച്ചുകൂട്ടിയത്. കൂടാതെ ഒരു ടൂര്‍ണമെന്റില്‍ 100 സിക്‌സറുകള്‍ (ആകെ 106) തികയ്ക്കുന്ന ആദ്യ അന്താരാഷ്ട്ര ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ഫീല്‍ഡിംഗില്‍ ഇന്ത്യ ഏറെ പിന്നിലായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (15 എണ്ണം) കൈവിട്ട ടീമും ഇന്ത്യയാണ്.
ബൗളിംഗില്‍ ജസ്പ്രീത് ബുംറ തന്റെ അപ്രമാദിത്വം തുടര്‍ന്നു. 2021, 2024 വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ലും ഏറ്റവും മികച്ച ഇക്കണോമി റേറ്റ് (6.21) സ്വന്തമാക്കി അദ്ദേഹം ചരിത്രം കുറിച്ചു. തന്റെ 118-ാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 4 വിക്കറ്റ് പ്രകടനമാണ് ബുംറയുടെ കരിയറിലെ ആദ്യ നാല് വിക്കറ്റ് നേട്ടം. നമീബിയയുടെ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് 25 ദിവസത്തോളം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായി തുടര്‍ന്നു എന്നത് ടൂര്‍ണമെന്റിലെ മറ്റൊരു കൗതുകമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് താരം ഷമര്‍ ജോസഫ് ഇറ്റലിക്കെതിരായ മത്സരത്തില്‍ ബൗളിംഗിലൂടെ നാല് വിക്കറ്റും ഫീല്‍ഡിംഗിലൂടെ നാല് ക്യാച്ചും നേടി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി.
ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റില്‍ 26.41 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയ ഈ ടൂര്‍ണമെന്റില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ക്കാണ് വലിയ മുന്‍തൂക്കം ലഭിച്ചത്. ആദ്യം ബാറ്റ് ചെയ്തവര്‍ ശരാശരി 54.86 റണ്‍സിനാണ് വിജയിച്ചത്. 200-ന് മുകളിലുള്ള ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ഒരു ടീമിനും സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ആദ്യ എട്ട് പന്തിലും റണ്ണൊന്നും നേടാനാകാതെ പുറത്തായ അഭിഷേക് ശര്‍മ്മയുടെ മോശം പ്രകടനവും ഈ ലോകകപ്പിലെ ഒരു പ്രത്യേകതയായിരുന്നു. മൊത്തത്തില്‍, റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത 2026 ടി20 ലോകകപ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു വിരുന്നാണ് സമ്മാനിച്ചത്.
This post was last modified on March 10, 2026 10:38 am
Leave a Comment