ലോക ഒന്നാം നമ്പര്‍ ടി20 ടീമായ ഇന്ത്യ മറ്റൊരു ലോകകപ്പ് ഫൈനലിന് കൂടി അഹമ്മദാബാദില്‍ തയ്യാറെടുക്കുകയാണ്. പക്ഷേ ടീമിനെയും ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന രണ്ടു പേരുണ്ട്; ട്വന്റി-20യിലെ ഒന്നാം നമ്പര്‍ ബാറ്ററും, ഒന്നാം നമ്പറും ബോളറും. അതേ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത കരുത്ത് ആയിരുന്നിട്ടും ടീം ഇന്ത്യ ഭയക്കുന്നത് അഭിഷേക് ശര്‍മയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ഫോമാണ്. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍, ഇരുവരും നിശബ്ദരാകുമ്പോഴും ഇന്ത്യന്‍ ടീം കരുത്തരെ മറികടന്ന് ഫൈനലില്‍ എത്തിയെന്നതാണ്. ആ രണ്ടു പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഫോമിലാണ്.
ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനം അദ്ദേഹത്തിന് ഒട്ടും സന്തോഷം നല്‍കുന്നതാവില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് അസുഖം പിടിപെട്ടു. ആരോഗ്യം വീണ്ടെടുത്ത് കളത്തില്‍ ഇറങ്ങിയെങ്കിലും, എന്താണോ ടീം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്, അത് നല്‍കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ സ്‌കോറുകള്‍ക്ക് അഭിഷേക് തുടര്‍ച്ചയായി പുറത്തായിക്കൊണ്ടിരുന്നു. എങ്കിലും ഫൈനലില്‍ അഭിഷേകിനെപ്പോലൊരു താരത്തെ പുറത്തിരുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കാന്‍ പോലും സാധ്യതയില്ല. കാരണം, ടി20 ക്രിക്കറ്റില്‍ അഭിഷേകിനെപ്പോലെ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്പുള്ള ഒരു ബാറ്ററെ ഫോമില്ലായ്മയുടെ പേരില്‍ മാത്രം ഒഴിവാക്കുന്നത് ബുദ്ധിശൂന്യമായിരിക്കും. മാത്രമല്ല, അദ്ദേഹത്തെ മാറ്റിയാല്‍ ടീമിന്റെ നിലവിലെ ബാറ്റിംഗ് ക്രമവും പൊളിച്ചെഴുതേണ്ടി വരും. ഫൈനല്‍ പോലെ നിര്‍ണായക മത്സരത്തില്‍ അതിന് തയ്യാറാകില്ലെന്നത്, അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാക്കുന്നു.

എന്നാല്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കാര്യത്തില്‍ ടീം ഇന്ത്യ കാര്യമായി ആശങ്കപ്പെടുന്നുണ്ട്. സെമി ഫൈനലില്‍ ഇംഗ്ലണ്ട് വരുണിനെ അനായാസം നേരിട്ടു. വായുവില്‍ പന്ത് ഡ്രിഫ്റ്റ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതും, ടേണ്‍ കിട്ടുന്നില്ലെന്നതും വരുണിനെ പ്രവചിക്കാവുന്ന ഒരു ബൗളറാക്കി മാറ്റുന്നു. ഏറ്റവും അടുത്തായി, വരുണ്‍ എറിഞ്ഞ 11 സ്‌പെല്ലുകളില്‍ എട്ടെണ്ണവും എക്‌സ്‌പെന്‍സീവ് ആയിരുന്നു. സെമി ഫൈനലില്‍ ബേഥല്‍ വരുണിനെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ വരുണിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു. ടൈം എടുത്ത് പോട് എന്ന് സഞ്ജു തമിഴില്‍ വരുണിനോട് പറയുകയാണ്. വരുണ്‍ ഭയങ്കരമായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു അത്. തൊട്ടടുത്ത പന്തില്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് തെറിപ്പിച്ചുവെങ്കിലും പിന്നെയും വരുണ്‍ ആക്രമിക്കപ്പെട്ടു.

ഫൈനല്‍ നടക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ സ്പിന്‍ ബോളുകളെക്കാള്‍ സ്ലോവര്‍ കട്ടറുകളായിരിക്കും കൂടുതല്‍ ഫലം ചെയ്യുക. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനെയോ വാഷിംഗ്ടണ്‍ സുന്ദറിനെയോ പരീക്ഷിക്കണോ, അതോ ഒരു അധിക പേസറായി മുഹമ്മദ് സിറാജിനെ കൊണ്ടുവരണോ എന്ന കാര്യത്തില്‍ ടീം ചര്‍ച്ച ചെയ്‌തേക്കാം. എങ്കിലും ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള വരുണിനെ അവസാന നിമിഷം ഒഴിവാക്കുക എന്നത് കഠിനമായ തീരുമാനമായിരിക്കും. എങ്കിലും ടീമിന്റെ വിജയത്തിനായി ഇത്തരം കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിയുംവരും, കാരണം ഇത് ലോകകപ്പ് ഫൈനലാണ്, ചെറിയൊരു പിഴവ് നഷ്ടപ്പെടുത്തുന്നത് ഒരു കീരിടമാണ്.
Content Summary: T20 world cup Final-India-New zealand; Will Varun Chakravarthy be dropped? What will India’s playing XI look like?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.