ഇന്ത്യയോ അതോ ഇംഗ്ലണ്ടോ; ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ എതിരാളിയാവുക? ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് നടക്കുന്ന സെമിയില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മൈതാനത്തെ ചില നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്കാണ്. മുന്‍പത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജോഫ്ര ആര്‍ച്ചറും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. മുന്‍പ് സഞ്ജുവിനെ 23 പന്തുകളില്‍ നിന്ന് വെറും 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് തവണ ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ ആര്‍ച്ചറെ അഭിഷേക് ശര്‍മയും തിലക് വര്‍മയും തല്ലിച്ചതച്ച ചരിത്രം പലരും മറന്നുപോകുന്നു. ആര്‍ച്ചര്‍ക്കെതിരെ അഭിഷേക് 33 പന്തില്‍ 61 റണ്‍സും, തിലക് വര്‍മ 16 പന്തില്‍ 36 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്; ഇരുവരെയും പുറത്താക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിട്ടുമില്ല.
ഇടംകൈയ്യന്‍ ബാറ്റര്‍മാരായ അഭിഷേകിനെയും തിലകിനെയും റൗണ്ട് ദി വിക്കറ്റ് പരീക്ഷിച്ചാണ് കഴിഞ്ഞ തവണ ആര്‍ച്ചര്‍ വീഴ്ത്താന്‍ നോക്കിയത്. എന്നാല്‍ ആര്‍ച്ചറുടെ തീയുണ്ടകളെ പോയിന്റിന് മുകളിലൂടെയും തേര്‍ഡ് മാനിലൂടെയും അതിര്‍ത്തി കടത്തിയായിരുന്നു ഇരുവരും മറുപടി നല്‍കിയത്. ഇത്തവണ അഭിഷേകിനെയും തിലകിനെയും കുടുക്കാന്‍ ഓവര്‍ ദി വിക്കറ്റ് ആര്‍ച്ചര്‍ പരീക്ഷിച്ചേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സഞ്ജു പന്തിന്റെ വേഗത പ്രയോജനപ്പെടുത്തിയാണ് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇവിടെ ആര്‍ച്ചറുടെ ഇന്‍സ്വിങ്ങറുകള്‍ സഞ്ജുവിന് വെല്ലുവിളിയായേക്കാമെന്നതാണ് ആശങ്ക.

ഇംഗ്ലണ്ട് വില്‍ ജാക്‌സിനെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാനുള്ള സാധ്യതയാണ് പറയുന്നത്. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ക്രീസിലുള്ളപ്പോള്‍ അവരെ തളയ്ക്കാന്‍ ജാക്‌സണ്‍ പ്രയോജനപ്പെടുമെന്ന് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു. എന്നാല്‍ ഇംഗ്ലണ്ട് അവരുടെ വജ്രായുധമായി ഈ കളിയില്‍ പ്രതീക്ഷ വയ്ക്കുന്നത് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിലാണ്. ശ്രീലങ്കന്‍ പിച്ചുകളില്‍ മികച്ച പ്രകടനമാണ് ആദില്‍ നടത്തിയതെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങളില്‍ അയാള്‍ റണ്‍സ് വഴങ്ങുന്നുണ്ട്. എങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്വിപ്പ് ഷോട്ടുകള്‍ അധികം കളിക്കാത്തത് റഷീദിന് അനുകൂലമായ ഘടകമാണ്.

ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സിംഗിന്റെ ടാര്‍ഗറ്റ് ഫില്‍ സാള്‍ട്ട് ആയിരിക്കും. സാള്‍ട്ടിനെ നാല് തവണ പുറത്താക്കിയ ചരിത്രം അര്‍ഷ്ദീപിനുണ്ടെങ്കിലും, ഐപിഎല്‍ ഫൈനലില്‍ അര്‍ഷ്ദീപിനെതിരെ സാള്‍ട്ട് മികച്ച രീതിയില്‍ തന്നെ നേരിട്ടിരുന്നു. അര്‍ഷ്ദീപിന്റെ ഷോര്‍ട്ട് ബോളുകളാണ് സാള്‍ട്ടിനെ കുഴപ്പിക്കുന്നത്. പക്ഷേ വാംഖഡെ പോലുള്ള ചെറിയ മൈതാനങ്ങളില്‍ അര്‍ഷദീപ് എടുക്കേണ്ടി വരിക വലിയ റിസ്‌കാണ്.
ഫോമിലുള്ള ഹാരി ബ്രൂക്ക് സെമിയില്‍ ഇന്ത്യക്ക് വലിയ ഭീഷണിയാണ്. ബ്രൂക്കിനെ തളയ്ക്കാന്‍ വരുണ്‍ ചക്രവര്‍ത്തിയെയും അക്‌സര്‍ പട്ടേലിനെയും ഇന്ത്യ എങ്ങനെ ഉപയോഗിക്കും എന്നത് അനുസരിച്ചിരിക്കും സെമിയിലെ ഭാവി. പവര്‍പ്ലേയില്‍ വരുണിനെ അധികം പരീക്ഷിക്കാന്‍ ഇന്ത്യ മുതിര്‍ന്നേക്കില്ല. പകരം നാലാം ഓവറിലും ആറാം ഓവറിലും അക്‌സറിനെ പരീക്ഷിക്കാനായിരിക്കും നീക്കം. ജോസ് ബട്‌ലറെ വീഴ്ത്താന്‍ ജസ്പ്രീത് ബുംറയെ നേരത്തെ തന്നെ രംഗത്തിറക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബുംറയ്‌ക്കെതിരെ ബട്‌ലര്‍ക്ക് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളതെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ഇരു ടീമുകളും തങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതനുസരിച്ചിരിക്കും മത്സരഫലം. ഇരു ടീമുകളിലെയും ഓരോ താരങ്ങളുടെയും നേര്‍ക്കു നേര്‍ പോരാട്ടങ്ങള്‍ കൂടിയായിരിക്കും ഈ കളിയില്‍ വിധി നിര്‍ണയിക്കുക. സെമിയുടെ ആവേശം കൂട്ടാന്‍ അത് ധാരാളം.
Content Summary: T20 World cup; India-England Semi Final, Head-to-head battles,Players current form and past encounters. Cricket
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.