June 18, 2025 |

തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും; ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ

വിമാനം ഇറങ്ങുന്നിടം പോലും പരമ രഹസ്യം

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരിലൊരാളായിരുന്ന തഹാവൂർ റാണയെ ഹാജറാക്കാൻ സാധ്യതയുള്ള പാട്യാല കോടതിയിലടക്കം വൻ സുരക്ഷാ ക്രമീകരണങ്ങൾ. റാണയെ കൊണ്ടുവരുന്ന വിമാനം ഡൽഹിയിൽ എവിടെ ഇറക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. റാണയ്ക്കായി ഡൽഹിയിൽ കമാൻഡോ സുരക്ഷ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.Tahavor Rana to be brought to India

റാണയുടെ കേസിൻ്റെ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. വിവിധ കേസുകളിൽ സിബിഐയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുള്ള അഭിഭാഷകൻ നരേന്ദർ മന്നെയാണ് നിയമിച്ചത്. മൂന്ന് വർഷത്തേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നരേന്ദർ മന്നെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

ഇതിനിടെ റാണയെ പട്യാല കോടതിയിൽ ഹാജറാക്കുന്നത് ഓൺലൈനായി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യയിലെത്തിയാൽ ഉടൻ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എൻഐഎ ആസ്ഥാനത്തിന് മുന്നിലെ റോഡ് അടച്ച പോലിസ് ഇവിടെയും കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

റാണയ്‌ക്കൊപ്പം വിമാനത്തിൽ എൻഐഎ, റോ എന്നീ സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഇന്ത്യയ്ക്ക് കൈമാറപ്പെട്ട് ലഭിക്കുന്ന ഏറ്റവും ഉന്നത ഐഎസ്‌ഐ ഏജന്റാണ് തഹാവൂർ റാണ.

റാണയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. റാണയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ അന്തിമ തീരുമാനമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ നിലവിൽ ഉയർന്ന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിഹാർ ജയിലിലായിരിക്കും ഇയാളെ പാർപ്പിക്കുക. ജയിലിൽ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

മുംബൈ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷമാണ് റാണയുടെ പങ്ക് വ്യക്തമായത്. പാക് സൈന്യത്തിൽ സേവനമനുഷ്ടിച്ച പശ്ചാത്തലമുള്ള തഹാവൂർ റാണയ്ക്ക് കടുത്ത പരിശീലനം ലഭിച്ചതായും വിവരമുണ്ട്.

കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്‌ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ സഹായിയായിരുന്നു റാണ. 2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.

അതിനിടെ കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം ബുധനാഴ്ച ഡൽഹിയിൽ ചേർന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കുപുറമേ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും വിദേശകാര്യ സെക്രട്ടറിയും പങ്കെടുത്തു.

2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു.

രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ബാല്യകാല സുഹൃത്തും പാക് വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് ലഷ്‌കറെ തയ്‌ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയൻ വ്യവസായി റാണയ്ക്കെതിരെയുള്ള കേസ്. 2008 നവംബർ 26നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.

താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ മാർഗം മുംബൈയിലെത്തിയ 10 പാകിസ്ഥാൻ ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്‌മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.Tahavor Rana to be brought to India

Content summary; Security heightened at Patiala House Court ahead of Tahawwur Rana’s appearance; he is expected to be lodged in Tihar Jail

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×