അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് താലിബാന്‍. സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ജനാലകള്‍ നിര്‍മിക്കുന്നത് നിരോധിക്കുന്നതാണ് താലിബാന്റെ പുതിയ ഉത്തരവ്. നിലവിലുള്ള നിര്‍മാണങ്ങള്‍ തടയണമെന്നും ഉത്തരവില്‍ പറയുന്നു.taliban orders ban on windows in buildings
മുറ്റം, അടുക്കള, അയല്‍വാസിയുടെ കിണര്‍ തുടങ്ങി സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന ജനാലകള്‍ പുതിയ കെട്ടിടങ്ങളില്‍ ഉണ്ടാകരുതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും കാണുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അയല്‍വാസിയുടെ വീടിനകം കാണുന്നില്ലെന്ന് മുനിസിപ്പല്‍ അധികാരികളും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ജനാലകള്‍ ഉള്ള വീടുകള്‍ ഉണ്ടെങ്കില്‍ അയല്‍വാസിക്ക് ഉണ്ടാകുന്ന ശല്യങ്ങള്‍ ഒഴിവാക്കാന്‍ മതില്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അടുത്തിടെ താലിബാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ഇസ്ലാമിക നിയമത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് പാട്ടുപാടുന്നതിനും കവിതകള്‍ ചൊല്ലുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ വീടിന് പുറത്ത് സ്ത്രീകളുടെ ശബ്ദം ഉയരാനോ മുഖം കാണിക്കാനോ അനുവാദമില്ല.
2021 ആഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, തൊഴിലിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും സ്ത്രീകളെ കര്‍ശനമായി വിലക്കിയിരുന്നു. കൂടാതെ ചില പ്രാദേശിക റേഡിയോ, ടെലിവിഷന്‍ സ്‌റ്റേഷനുകള്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന സ്ത്രീശബ്ദ പരിപാടികളും വിലക്കിയിരുന്നു. ഇതിലൂടെയെല്ലാം ഇസ്ലാമിക നിയമപ്രകാരം അഫ്ഗാന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നുവെന്നാണ് താലിബാന്‍ ഭരണകൂടം അവകാശപ്പെടുന്നത്.
താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പല തവണ തെരുവിലിറങ്ങിയെങ്കിലും പ്രതിഷേധങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ് താലിബാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അരക്ഷിതാവസ്ഥയുടെ പാതയിലാണ് അഫ്ഗാന്‍ ജനത.
അടിമത്തത്തിന്റെ വഴിയിലേക്ക്
20 വര്‍ഷത്തിനുശേഷം യുഎസ് സേന 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഏതുവിധേനയും രാജ്യം വിടാന്‍, പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങിക്കിടന്ന ആളുകളുടെ ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിക്ക് മുന്നില്‍ ഇന്നും മായാത്ത കാഴ്ചയായി അവശേഷിക്കുന്നു. താലിബാന്‍ ഭരണത്തെ അഫ്ഗാന്‍ ജനത എത്രത്തോളം ഭയന്നിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ആ ദൃശ്യങ്ങള്‍.
താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെയാണ് അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് താലിബാന്റെ ഭരണത്തില്‍ തൊഴില്‍രഹിതരായത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്.
വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിന് തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവ് ജീവിതമാണ് നയിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ 60% പെണ്‍കുട്ടികള്‍ക്കും 46% ആണ്‍കുട്ടികള്‍ക്കും പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന് ഒരു അന്താരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ഏകദേശം 3.7 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളുകള്‍ക്ക് പുറത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.taliban orders ban on windows in buildings
Content Summary: taliban orders ban on windows in buildings