അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സൂചന നല്‍കി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. എങ്കിലും ഒരു അന്തിമ സമാധാന കരാറിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഗാലിബാഫ് ചര്‍ച്ചകളുടെ നിലവിലെ സാഹചര്യം വിശദീകരിച്ചത്. ചില പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ഇറാന്‍ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നു. ‘ഞങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റാരെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ല,’ എന്ന് ഗാലിബാഫ് വ്യക്തമാക്കി. ഇതിനിടെ, കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിവയ്പ്പും മിസൈല്‍ ആക്രമണവും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. ഒരു കൃത്യമായ കരാറില്‍ എത്തുന്നതുവരെ നാവിക ഉപരോധം പൂര്‍ണ്ണശക്തിയോടെ തുടരുമെന്നും ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ വാഷിംഗ്ടണ്‍ വഴങ്ങില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എങ്കിലും ഇറാനുമായി ‘വളരെ നല്ല സംഭാഷണങ്ങള്‍’ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാന്റെ ആണവാവകാശങ്ങളെ തടയാന്‍ ട്രംപിന് എന്ത് അവകാശമാണുള്ളതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ചോദിച്ചു.
ലബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വെടിനിര്‍ത്തല്‍ നിലനില്‍ക്കെത്തന്നെ ഇസ്രയേല്‍ തെക്കന്‍ ലബനനില്‍ ആക്രമണം നടത്തി. ഗാസയിലേതിന് സമാനമായി ലബനനിലും ഒരു ‘മഞ്ഞരേഖ’ ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഫ്രഞ്ച് സമാധാന സേനാംഗം കൊല്ലപ്പെട്ട സംഭവത്തില്‍ ഹിസ്ബുള്ളയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കുറ്റപ്പെടുത്തിയെങ്കിലും ഹിസ്ബുള്ള ഇത് നിഷേധിച്ചു. ഇസ്രയേലുമായുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ ഏകപക്ഷീയമാകില്ലെന്നും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള നേതാവ് നയീം ഖാസിം മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ സജീവമാണെങ്കിലും, ബുധനാഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കാലാവധി നീട്ടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കവും പരസ്പരമുള്ള നാവിക ഉപരോധവുമാണ് സമാധാന ചര്‍ച്ചകളിലെ പ്രധാന വെല്ലുവിളിയായി തുടരുന്നത്. സംഭാഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി തീയതിയൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല.
Content Summary: Talks with US have made progress but sides ‘far’ from deal says iran officials. Middle East crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.