July 15, 2025 |
Share on

‘കന്നഡി​ഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി’; കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്

ഭാഷയെ അപമാനിച്ചതിന് നടൻ മാപ്പ് പറയണമെന്ന് ബി. വൈ വിജയേന്ദ്ര

സ്വന്തം ഭാഷയെ മഹത്വവത്കരിക്കുന്നതിനായി നടൻ കമൽഹാസൻ കന്നഡ ഭാഷയെ അപമാനിച്ചുവെന്നാരോപിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ വിജയേന്ദ്ര. കന്നഡ ഭാഷയെ അപകീർത്തിപ്പെടുത്തിയ നടൻ കന്നഡി​ഗരോട് നിരുപാധികം മാപ്പ് പറയണമെന്നും ബി. വൈ വിജയേന്ദ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തമിഴ് ചിത്രം ത​ഗ് ലൈഫിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ആരോപണവുമായി ബി. വൈ വിജയേന്ദ്ര രം​ഗത്തെത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന ത​ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെ കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നർഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് പരിപാടിയിൽ കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട്, ‘‘ഇത് ആ സ്ഥലത്തെ എന്റെ കുടുംബമാണ്. അതുകൊണ്ടാണ് ശിവരാജ്കുമാർ ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷയായ കന്നഡ തമിഴിൽ നിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും അതിൽ ഉൾപ്പെടുന്നു’’ എന്ന് കമൽഹാസൻ പറഞ്ഞു.

എക്സിലൂടെയായിരുന്നു കമൽഹാസനെതിരെയുള്ള വിജയേന്ദ്രയുടെ വിമർശനം. എല്ലാ ഭാഷയെയും ബഹുമാനിക്കുന്ന സംസ്കാരമാണ് കലാകാരന്മാർക്ക് ഉണ്ടാകേണ്ടതെന്നും കന്നഡ ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ച നടന്റെ പ്രവൃത്തി അഹങ്കാരമാണെന്നും വിജയേന്ദ്ര എക്സിൽ കുറിച്ചു. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാ​ഗത്തും പ്രമുഖ ഭാഷയായി അം​ഗീകരിക്കപ്പെട്ടിട്ടുള്ളതാണ് കന്നഡ. ദക്ഷിണേന്ത്യയിൽ മതസൗഹാർദം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നടക്കുന്ന കമൽഹാസൻ കുറച്ച് നാളുകളായി ഹിന്ദു മതത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുകയാണ്. ഇപ്പോഴിതാ ആറരക്കോടി കന്നഡി​ഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡ ഭാഷയെ അപമാനിച്ചിരിക്കുന്നു. തന്റെ തെറ്റിന് കമൻഹാസൻ ജനങ്ങളോട് മാപ്പ് പറയുക തന്നെ വേണം. ഒരു ഭാഷയ്ക്ക് ജന്മം നൽകിയത് ഏത് ഭാഷയാണെന്ന് അധികാരത്തോടെ പറയാൻ കമൽഹാസൻ ചരിത്രകാരനല്ല, വിജയേന്ദ്ര എക്സിൽ കുറിച്ചു.

കന്നഡയുടെ പൈതൃകത്തെക്കുറിച്ചും കർണാടക ബിജെപി അധ്യക്ഷൻ തന്റെ കുറിപ്പിൽ പറയുന്നു. 2500 വർഷത്തിലധികം ചരിത്രമുള്ള ഒരു ഭാഷയാണ് കന്നഡ. ഈ ഭാഷ ഇന്ത്യയുടെ സമൃദ്ധിക്കും ഐക്യത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. കന്നഡി​ഗർ ഒരു ഭാഷയ്ക്കും എതിരല്ലെന്ന കാര്യം നടൻ ഓർക്കണമായിരുന്നു. എന്നാൽ തങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുമ്പോൾ അവർ കേട്ടുകൊണ്ടിരിക്കില്ല, വിജയേന്ദ്ര കൂട്ടിച്ചേർത്തു.

കമൽഹാസനെതിരെ വിമർശനവുമായി കന്നഡ ഇനുകൂല സംഘടനകളും രം​ഗത്തെത്തിയിരുന്നു. കർണാടകയിൽ കമൽഹാസന്റെ സിനിമ നിരോധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകനാകുന്ന ത​ഗ് ലൈഫ് ജൂൺ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.

Content Summary: tamil gave birth to kannada; BY Vijayendra slams Kamal haasan

Leave a Reply

Your email address will not be published. Required fields are marked *

×