ടാറ്റാ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ മാതാവും, പരേതനായ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സിമോൺ ടാറ്റ അന്തരിച്ചു. 95 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച്, വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡായ ലാക്മേയുടെ സ്ഥാപക എന്ന നിലയിൽ ഇന്ത്യയുടെ ബിസിനസ്സ് രംഗത്ത് സിമോൺ ടാറ്റാ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. കൂടാതെ, ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ റീട്ടെയിൽ ശൃംഖലയായ വെസ്റ്റ്സൈഡിന് അടിത്തറയിട്ടതും അവരാണ്.
ടാറ്റാ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സിമോൺ ടാറ്റയുടെ അന്ത്യകർമ്മങ്ങൾ ശനിയാഴ്ച രാവിലെ കൊളാബയിലെ കത്തീഡ്രൽ ഓഫ് ദി ഹോളി നെയിം ചർച്ചിൽ വെച്ച് നടക്കും.
ഇന്ത്യൻ കോസ്മെറ്റിക് രംഗത്ത് ലാക്മേയെ മുൻനിരയിലെത്തിച്ചതിലും, വെസ്റ്റ്സൈഡ് ശൃംഖലയിലൂടെ ഫാഷൻ റീട്ടെയിലിന് തുടക്കമിട്ടതിലും സിമോൺ ടാറ്റ നൽകിയ സംഭാവനകൾ ടാറ്റാ ഗ്രൂപ്പ് അനുസ്മരിച്ചു.
“രത്തൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവർ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. അവരുടെ പോസിറ്റീവായ സമീപനവും ദൃഢനിശ്ചയവും ജീവിതത്തിലെ പല വെല്ലുവിളികളെയും മറികടക്കാൻ സഹായിച്ചു. അവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു,” ടാറ്റാ ഗ്രൂപ്പ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
content summary: Tata Group chairman Noel Tata’s mother Simone Tata passes away at 95
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.