ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ ഒടുവില്‍ ആകാശത്തേക്കും കണ്ണുവച്ചിരിക്കുകയാണ്. നിരത്തുകളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിലുടെ വന്‍ വിജയം കൈവരിച്ച ശേഷം ഇനി പറക്കും ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് യൂബര്‍. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ പറക്കും ടാക്‌സി പിറവിയെടുക്കുമെന്നാണ് ഇപ്പോള്‍ യൂബര്‍ അറിയിച്ചിരിക്കുന്നത്. ടോക്കിയോയില്‍ നടന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍വച്ച് യൂബര്‍ സിഇഒ ദാരാ കൊസ്രോസാഹിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പറക്കും ടാക്‌സി സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ നിക്ഷേപം ആവശ്യമാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാനിലാണിപ്പോള്‍ ദാരാ കൊസ്രോസാഹി. 2016 മുതല്‍ തന്നെ പറക്കും ടാക്‌സി എന്ന യൂബറിന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിരുന്നു. 2020ല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് അന്ന് യൂബര്‍ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ സാങ്കേതിക കാര്യങ്ങളാലും വന്‍ നിക്ഷേപത്തിന്റെ ആവശ്യമുള്ളതിനാലും പദ്ധതി നീണ്ടുപോവുകയായിരുന്നു.
ചെറിയ ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിച്ചാകും എയര്‍ സര്‍വീസ് നടത്തുക. വെര്‍ട്ടിക്കല്‍ ടേക്കോഫും, ലാന്‍ഡിംഗുമാണ് ടാക്‌സി വിമാനങ്ങള്‍ നടത്തുക. ജപ്പാനിലാകും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യം ആരംഭിക്കുക എന്നാണ് അറിയുന്നത്. കാരണം ജപ്പാനിന്റെ ടാക്‌സി മാര്‍ക്കറ്റ് അത്രയ്ക്ക് വിപുലമാണ്. ഏകദേശം 16 ബില്ല്യണിന്റെ ജാപ്പനീസ് ടാക്‌സി മാര്‍ക്കറ്റില്‍ തന്നെയാണ് യൂബറിന്റെ കണ്ണും. ജപ്പാനിലെ യു.എസ് അംബാസിഡറായ ജോണ്‍ റൂസുമായി ഇതിനോടകം തന്നെ ജപ്പാനിലെ ഓണ്‍ലൈന്‍ ടാക്‌സി സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ച് യൂബര്‍ സി.ഇ.ഒ ചര്‍ച്ച നടത്തിയിട്ടുണ്ട്.