April 20, 2025 |
Share on

കര്‍ഷകന്‍ രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചത് ഇഷ്ടപ്പെട്ടില്ല; കോണ്‍ഗ്രസിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക അറസ്റ്റില്‍

നടപടിക്കെതിരെ തെലങ്കാനയില്‍ പ്രതിഷേധം ഉയരുകയാണ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന വീഡിയോ സംപ്രേക്ഷണം ചെയ്തതിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പള്‍സ് ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകയായ രേവതി പൊഗഡദണ്ഡയെയാണ് തെലങ്കാന പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

രേവന്ത് റെഡ്ഡിയെക്കുറിച്ച് ഒരു കര്‍ഷകന്‍ രൂക്ഷമായ വിമര്‍ശനം നടത്തുന്ന വീഡിയോ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. കര്‍ഷകനുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. തുടര്‍ന്ന് ചാനലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വീഡിയോ പ്രചരിപ്പിച്ച എക്‌സിലെ അക്കൗണ്ട് ഹോള്‍ഡര്‍ക്കെതിരെയും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

 

ഇന്ന് പുലര്‍ച്ചെ 12 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ രേവതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിനപത്രമായ തെലങ്കാന ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

രേവതിയുടെയും ഭര്‍ത്താവ് ചൈതന്യയുടെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പള്‍സ് ന്യൂസ് യൂട്യൂബ് ചാനലിന്റെ ഓഫീസും സീല്‍ ചെയ്തു. പൊലീസിന്റെ നടപടിയെക്കുറിച്ച് പറയുന്ന രേവതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പുലര്‍ച്ചെ പൊലീസുകാര്‍ തന്റെ വീട് വളഞ്ഞുവെന്നും തന്നെ കസ്റ്റഡിയിലെടുത്തുവെന്നും സെല്‍ഫി വീഡിയോയിലൂടെ രേവതി ആരോപിച്ചു. പൊലീസുകാര്‍ എന്റെ വീട്ടുപടിക്കലെത്തിയിരിക്കുകയാണ്. അവര്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് എത്തിയിരിക്കുന്നത്. പൊലീസ് ഒരു പക്ഷേ തന്നെ അറസ്റ്റ് ചെയ്‌തേക്കാമെന്നും രേവന്ത് റെഡ്ഡി തന്നെയും കുടുംബത്തിനെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും രേവതി എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

 

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാനയില്‍ പ്രതിഷേധം ഉയരുകയാണ്.

Content Summary: Telangana police detained a senior journalist over a video criticizing Revanth Reddy
Revanth Reddy Telangana 

Leave a Reply

Your email address will not be published. Required fields are marked *

×