July 17, 2025 |

പ്രതീക്ഷകള്‍ മങ്ങുന്നു; വില്ലനായത് മണ്ണും ചെളിയും, തെലങ്കാന തുരങ്ക ദുരന്തത്തില്‍ സംഭവിച്ചതെന്ത്?

”കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെയും ജീവനോടെ രക്ഷിക്കാനാകുന്നതിന്റെ സാധ്യതെ വളരെ കുറവാണ്”

തെലങ്കാനയിലെ നാഗർകൂർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ദുഷ്‌കരമെന്ന് രക്ഷാപ്രവർത്തകർ. തുരങ്കത്തിനടിയിൽ കുടുങ്ങി കിടക്കുന്ന എട്ട് തൊഴിലാളികളുടെ ജീവൻ രക്ഷിക്കൽ ദുർഘടമാകുന്നു എന്നാണ് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു വ്യക്തമാക്കുന്നത്.

‘അപകടം നടന്ന സ്ഥലം മണ്ണിലും ചെളിയിലും പൂണ്ട് കിടക്കുന്നതിനാൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാൻ 3-4 ദിവസ്സം വേണ്ടിവരും.കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെയും ജീവനോടെ രക്ഷിക്കാനാകുന്നതിന്റെ സാധ്യതെ വളരെ കുറവാണ്. അപകടമുണ്ടായ പ്രദേശത്തിനടുത്ത് 50 മീറ്ററോളം താൻ ഇറങ്ങി. ടണലിന്റെ മറുവശം ദൃശ്യമായിരുന്നെങ്കിലും ഒമ്പത് മീറ്റർ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണ്’, അദ്ദേഹം പറഞ്ഞു.

അപകട സ്ഥലത്ത് വെള്ളം കയറിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. തെലങ്കാനയിലെ നാഗർകൂർണൽ ജില്ലയിലെ എസ്എൽബിസിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് എഞ്ചിനീയർമാർ ഉൾപ്പെടെ എട്ട് പേർ തുരങ്കത്തിൽ പെട്ടുപോയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. കുറച്ച് നാളുകളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ നാലു ദിവസം മുന്നെയാണ് വീണ്ടും ജോലികൾ ആരംഭിച്ചത്.

ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ മേൽക്കൂരയിലെ ചോർച്ചടയ്ക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നത്. മേൽക്കൂരയിലുണ്ടായ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിനൊപ്പം NDRF, SDRF സംഘങ്ങളും ദുരന്തമുഖത്തുണ്ട്.

അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികൾ ടണലിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാൽ ടണൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണൽ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്.

52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നാലുപേർ ജാർഖണ്ഡിൽ നിന്നുള്ളവരും രണ്ടുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒരാൾ ജമ്മു കശ്മീരിൽ നിന്നും ഒരാൾ പഞ്ചാബിൽ നിന്നുമാണെന്ന് അധികൃതർ അറിയിച്ചു.

നൽഗോണ്ട ജില്ലയിൽ 4 ലക്ഷം ഏക്കർ കൃഷിസ്ഥലം നനയ്ക്കാനാണ് 44 കിലോമീറ്റർ നീളമുള്ള തുരങ്കം സൃഷ്ടിച്ചത്. ശുദ്ധജലവിതരണമായിരുന്നു തുരങ്കത്തിലൂടെ ലക്ഷ്യം വച്ചിരുന്നത്. ഇതിൽ 9 കിലോമീറ്റർ നീളത്തിൽ പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. 30 വർഷമായി സ്ഥലത്ത് നിർമാണ ജോലികൾ ആരംഭിച്ചിട്ട്.

content summary; Telangana tunnel collapse: Minister Rao says chances of survival for 8 trapped individuals are “very remote”

Leave a Reply

Your email address will not be published. Required fields are marked *

×