സിഇഒ പാവേല്‍ ദുറോവിന്റെ അറസ്റ്റില്‍ ഒന്നും ഒളിക്കാനില്ലെന്ന് വ്യക്തമാക്കി മെസേജിംഗ് ആപ്ലിക്കേഷന്‍ ടെലിഗ്രാം. ശനിയാഴ്ച്ചയാണ് ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായത്. തെക്കന്‍ പാരീസിലെ എയര്‍പോര്‍ട്ടില്‍ നിന്നാണ് ദുറോവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ടെലിഗ്രാമുമായി ബന്ധപ്പെട്ട കുറ്റമാണ് സിഇഒയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ നിന്നുള്ള അറിയിപ്പ്.
ടെലിഗ്രാം വഴിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ദുറോവ് പരാജയപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഇഒയ്‌ക്കെതിരേയുള്ള അറസ്റ്റ് നടപടി. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍, ലഹരിക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ടെലിഗ്രാം ഇടനില മാധ്യമമായി നില്‍ക്കുകയാണെന്നും, നിയമസംവിധാനങ്ങളുമായി സഹകരിക്കുന്നതില്‍ ഈ ആപ്ലിക്കേഷന്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ടെലിഗ്രാം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്, വ്യാവസായിക മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്നും, നിരന്തരം മെച്ചപ്പെടാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നുമാണ്. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കില്‍, പ്ലാറ്റ്‌ഫോമിനെയോ അതിന്റെ ഉടമയെയോ അതിന് ഉത്തരവാദികളാക്കുന്നത് അസംബന്ധമാണെന്നും ടെലിഗ്രാം ആരോപിക്കുന്നു.
യൂറോപ്പില്‍ ഇടയ്ക്കിടെ യാത്ര ചെയ്യാറുള്ള വ്യക്തിയാണ് ദുറോവ്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഓണ്‍ലൈന്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അദ്ദേഹവും ആപ്പും പാലിക്കാറുണ്ടെന്നും ടെലിഗ്രാം പറയുന്നു.
വിവരങ്ങള്‍ അറിയാനും ആശയവിനിമയം നടത്താനുമായി കോടക്കണക്കിന് ഉപഭോക്താള്‍ ലോകത്താകമാനമായി അപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട ടെലിഗ്രാം, ഇപ്പോഴത്തെ സാഹചര്യം പരിഹരിക്കാനുള്ള വഴികള്‍ നോക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച്ച അറസ്റ്റിലായ പവേല്‍ ദുറോവിന്റെ തടങ്കല്‍ ഞായറാഴ്ച്ച നീട്ടിയിരുന്നു. അടുത്ത 96 മണിക്കൂറുകളിലേക്കാണ് ടെലിഗ്രം സിഇഒയുടെ ബന്ധനം നീണ്ടിരിക്കുന്നത്.
റഷ്യന്‍ സ്വദേശിയാണ് 39 കാരനായ ദുറോവ്. ഇപ്പോള്‍ ജീവിക്കുന്നത്, ടെലഗ്രാമിന്റെ ആസ്ഥാനം കൂടിയായ ദുബായിലാണ്. യുഎഇ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പൗരത്വവും ദുറോവിനുണ്ട്.
മെസേജിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ലോകത്താകമാനം ഉപഭോക്താക്കളെ നേടിയിട്ടുണ്ടെങ്കിലും റഷ്യ, യുക്രെയന്‍ തുടങ്ങി പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലാണ് ടെലിഗ്രാം കൂടുതല്‍ ജനപ്രിയം. എങ്കിലും 2018 ല്‍ റഷ്യ ടെലിഗ്രാം നിരോധിച്ചിരുന്നു. ഉപഭോക്താക്കളുടെ വിവരം കൈമാറാന്‍ വിസമ്മതിച്ചു എന്നതായിരുന്നു കാരണം. 2021 ല്‍ നിരോധനം നീക്കം ചെയ്തു.
ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്, വീചാറ്റ് എന്നിവയ്ക്ക് പിന്നിലായി ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി ടെലിഗ്രാം നിലകൊള്ളുന്നുണ്ട്.
2013 ലാണ് പവേല്‍ ദുറോവ് ടെലിഗ്രാം സ്ഥാപിക്കുന്നത്. ദുറോവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന VKontakte എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രതിപക്ഷ അകൗണ്ടുകള്‍ നിരോധിക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യം നിരാകരിച്ചതിന്റെ ഫലമായി 2014 ല്‍ ദുറോവിന് റഷ്യ വിടേണ്ടി വന്നു. VKontakte ദുറോവ് വിറ്റു കളയുകയാണുണ്ടായത്.
മാതൃരാജ്യം ഉപേക്ഷിച്ചാണ് ദുറോവ് പോയതെങ്കിലും റഷ്യ ഇപ്പോഴും അയാളെ തങ്ങളുടെ പൗരനായാണ് അഭിസംബോധന ചെയ്യുന്നത്. ദുറോവിന്റെ പ്രതിനിധികള്‍ ആരും തന്നെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും റഷ്യന്‍ എംബസി ഫ്രാന്‍സുമായി ബന്ധപ്പെട്ട് റഷ്യന്‍ പൗരന്റെ നിലവിലെ സാഹചര്യം അറിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്നൊണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ദുറോവിന്റെ തടങ്കലിന്റെ കാരണങ്ങള്‍ അറിയാനും തങ്ങളുടെ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അദ്ദേഹത്തിന് കോണ്‍സുലര്‍ സഹായം ഉറപ്പാക്കാനും എംബസി കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായിട്ടും ഫ്രഞ്ച് അധികൃതര്‍ തങ്ങളുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന കാര്യം കൂടി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നുണ്ട്.
ദുറോവിന്റെ അറസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കുറ്റപ്പെടുത്താനുള്ള അവസരമായും റഷ്യ ഉപയോഗിക്കുന്നുണ്ട്. 2018 ല്‍ റഷ്യയില്‍ ടെലിഗ്രാം നിരോധിച്ചപ്പോള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പാശ്ചാത്യ മനുഷ്യാവകാശ സംഘടനകള്‍, ദുറോവിന്റെ അറസ്റ്റ് നടന്നിട്ട് മൗനം പാലിക്കുകയാണെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ആക്ഷേപം.
രണ്ട് ലക്ഷം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ ടെലഗ്രാം അനുവദിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ വ്യാജവിവരങ്ങളുടെ പ്രചാരണം വേഗത്തിലാക്കുമെന്നും, അംഗങ്ങള്‍ പലതരം ഗൂഡോലാചനകള്‍ക്ക് ഉപയോഗപ്പെടുത്തുമെന്നും, നവ നാസിസം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ പലതരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കളമാക്കുമെന്നുമുള്ള വിമര്‍ശനങ്ങള്‍ കാലങ്ങളായി ടെലഗ്രാമിനെതിരേ നിലനില്‍ക്കുന്നുണ്ട്.
യുകെയില്‍ സമീപകാലത്ത് നടന്ന കലാപങ്ങളില്‍ തീവ്രവലതുപക്ഷക്കാര്‍ ടെലിഗ്രാം വലിയതോതില്‍ ഉപയോഗപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്.
പ്രശ്‌നക്കാരായ ചില ഗ്രൂപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും മൊത്തത്തില്‍ അതിന്റെ തീവ്രവാദപരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള സംവിധാനം മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളേക്കാളും മെസഞ്ചര്‍ ആപ്പുകളേക്കാളും വളരെ ദുര്‍ബലമാണ് ടെലഗ്രാമിനുള്ളതെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. Telegram ceo Pavel Durov arrest
Content Summary; Telegram ceo Pavel Durov arrest