കഴിഞ്ഞ ഒരു വർഷത്തോളമായി ആഗോള താപനില ഫോസിൽ ഇന്ധന കാലഘട്ടത്തിന് മുമ്പുള്ള ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് (2.7 ° F) കൂടുതലാണെന്ന് പുതിയ പഠനങ്ങൾ. 2023 -ജൂലൈ മുതൽ 2024 ജൂണിന് ഇടയിലുള്ള താപനില റെക്കോർഡ് കടന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ. ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ചൂടേറിയ ജൂൺ ആണ് കഴിഞ്ഞതെന്നും, താപനില ഇതേ രീതിയിൽ നിലനിന്നാൽ ഉണ്ടാകാൻ പോകുന്നത് കനത്ത പാരിസ്ഥിക ആഘാതങ്ങളായിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്, 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുമെന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ലോക നേതാക്കൾ പരാജയപ്പെട്ടുവെന്നല്ല, എന്നിരുന്നാലും, കടുത്ത ചൂട് കൂടുതൽ ജനങ്ങളെ വരും കാലങ്ങളിലും കനക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. കൂടാതെ ഇതേ രീതിയിൽ താപ നില വർദ്ധിക്കുകയാണെങ്കിൽ വരും വർഷങ്ങൾ കൂടുതൽ പ്രവചനാതീതവും അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളിലേക്ക് വഴിവയ്ക്കുന്നതായിരിക്കുമെന്നും പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു.
പഠന ഫലങ്ങൾ വിചിത്രമായി കാണേണ്ടതില്ലെന്നും , കാലാവസ്ഥയിലെ തുടർച്ചയായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നൽകിയ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന കേന്ദ്രത്തിന്റെ ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. അതിതീവ്രമായ കാലാവസ്ഥ പ്രതിഭാസങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഹരിതഗൃഹ വാതകങ്ങൾ അനിയന്ത്രിതമായി പുറന്തള്ളുന്നതിനാൽ പുതിയ പ്രശ്നങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ്റെ ബഹിരാകാശ പരിപാടിയുടെ ശാസ്ത്ര സംഘടനയായ കോപ്പർനിക്കസ്, പ്രധാന കാലാവസ്ഥാ സൂചകങ്ങൾ നിരീക്ഷിക്കുന്നതിന് ഉപഗ്രഹങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ, കാലാവസ്ഥാ സ്റ്റേഷനുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കുന്നത്. 1850 -നും 1900-നും ഇടയിലുള്ള ശരാശരി താപനിലയെക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിലെത്തിയ 2024 ജൂൺ മാസമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂൺ എന്നും വ്യക്തമാക്കി.
പലതരത്തിൽ അന്തരീക്ഷത്തിലെത്തുന്ന ഓരോ കാർബൺ കണികയും കാലാവസ്ഥയെ തകരാറിലാക്കുകയും താപനില വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യും. താപനില കൂടുന്നത് മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ ഓരോ ജീവ ജാലങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്, ഏറ്റവും പുതിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ( IPCC ) അവലോകന പ്രകാരം, 1.5 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുന്നത് 70-90% ഉഷ്ണമേഖലാ പവിഴപ്പുറ്റുകളെ നശിപ്പിക്കുമെന്നും, ഇത് 2 ഡിഗ്രി സെൽഷ്യസിൽ കൂടുതലായാൽ പവിഴപ്പുറ്റുകൾ പൂർണമായും ഇല്ലാതാകുമെന്നുമാണ്. 2100 ആകുന്നതോടെ ഭൂമി കുറഞ്ഞത് 2.5 ഡിഗ്രി സെൽഷ്യസ് ചൂടാകുമെന്നാണ് നിലവിൽ കരുതുന്നത്. ശരാശരി താപനില 3 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ചെറിയ വർദ്ധനവിന് പോലും പ്രകൃതിയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും, ഇത് പല ദുരന്തത്തിലേക്ക് വഴി വയ്ക്കുകയും ചെയ്യുന്നതാണ്.
വരും കാലങ്ങളിൽ നമ്മൾ ഓരോരുത്തരും അതി കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങൾക്കാണ് തയ്യാറെടുക്കേണ്ടതെന്നും, എന്തും നേരിടാൻ നാം സജ്ജമായിരിക്കണമെന്നുമാണ് ലീജ് സർവകലാശാലയിലെ ഹ്യൂഗോ ഒബ്സർവേറ്ററി ഡയറക്ടറായ ഫ്രാൻസ്വാ ജെമെനെ പറയുന്നത്.
content summary ; Data shows that temperatures have been 1.5°C higher than the average before the industrial era for 12 months.