വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് പരസ്പരം കുറ്റപ്പെടുത്തി ഹമാസും ഇസ്രയേലും. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിലെ തടസങ്ങളും ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിലെ തർക്കങ്ങളുമാണ് നിലവിലെ പ്രശ്നങ്ങളുടെ കാരണം.
കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച യുദ്ധവിരാമ കരാർ പ്രകാരം ഗാസയിലേക്ക് കൂടുതൽ സഹായം എത്തുമെന്ന് പ്രതീക്ഷയുണ്ടാക്കിയെങ്കിലും, ഇസ്രയേൽ ഭൂരിഭാഗം നിയന്ത്രണങ്ങളും തുടരുന്നതിനാൽ ആവശ്യമായ സഹായം എത്താൻ ഇപ്പോഴും പ്രയാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈജിപ്ത് അതിർത്തിയിലെ റഫാ അതിർത്തി ഞായറാഴ്ച വരെ വ്യക്തിഗത യാത്രയ്ക്ക് അടഞ്ഞ നിലയിൽ തുടരുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. എന്നാൽ, റഫാ അതിർത്തി തുറക്കുന്നത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയും മറ്റ് ഏജൻസികളും ആവർത്തിക്കുകയാണ്.
മരണപ്പെട്ട തടവുകാരുടെ മുഴുവൻ മൃതദേഹങ്ങളും ഹമാസ് തിരികെ നൽകിയിട്ടില്ലെന്നും മരണപ്പെട്ട 28 പേരിൽ 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചുനൽകിയതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി.
യുദ്ധം ഇതോടെ അവസാനിച്ചിട്ടില്ലെന്നും ബാക്കിയുള്ള മൃതദേഹങ്ങൾ ഉടൻ തിരികെ നൽകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം, വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്നും യുദ്ധവിരാമം നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 24 പേർ കൊല്ലപ്പെട്ടുവെന്നും ഹമാസ് ആരോപിച്ചു.
ഗാസയിലേക്ക് പൂർണ്ണമായ സഹായം എത്തിക്കുക, എല്ലാ തടവുകാരെയും (മരണപ്പെട്ടവരെയും ഉൾപ്പെടുത്തി) തിരികെ നൽകുക തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാനമായും ട്രംപ് ആവിഷ്കരിച്ച 20 ഇന സമാധാന കരാറിൽ പറഞ്ഞിരുന്നത്. ഗാസയിൽ രോഗങ്ങൾ നിയന്ത്രണാതീതമായി പടർന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരേഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 36 ആശുപത്രികളിൽ 13 എണ്ണം മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.
Content Summary: Tensions escalate as Israel and Hamas clash over hostages’ bodies
This post was last modified on October 17, 2025 8:47 am
Leave a Comment