അടുത്ത മാസം ആരംഭിക്കുന്ന യുഎസ് സർക്കാരിന്റെ കാര്യക്ഷമത വിഭാഗമായ ഡോജിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. 2025ന്റെ തുടക്കത്തിൽ ടെസ്ലയുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മസ്കിന്റെ പിന്മാറ്റം.
മെയ് മാസം മുതൽ ഡോജിൽ താൻ ചിലവഴിക്കുന്ന സമയം കുറവായിരിക്കുമെന്നും പ്രധാനപ്പെട്ട ജോലികളിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും ഇലോൺ മസ്ക് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. യുഎസ് സർക്കാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മസ്കിന്റെ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി കാലാവധി അവസാനിക്കുന്നതിനാൽ ഡോജ് വിടുമെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, 2025 ലെ ആദ്യ പാദത്തിൽ ടെസ്ലയുടെ ലാഭത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായത്. കമ്പനിയുടെ വരുമാനം 9 ശതമാനം ഇടിഞ്ഞ് 19.3 ബില്യൺ ഡോളറിലെത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്ലയുടെ ലാഭം 71 ശതമാനം കുറഞ്ഞ് 409 മില്ല്യൺ ആയത് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു.
2025 ന്റെ ആദ്യ പാതത്തിൽ ടെസ്ലയുടെ വാഹന ഡെലിവറിയും 13 ശതമാനം കുറഞ്ഞു. 336,681 കാറുകളാണ് ഡെലിവറി ചെയ്തത്. 2022 ന് ശേഷമുള്ള ടെസ്‌ലയുടെ ഏറ്റവും മോശമായ വിൽപ്പനയാണിത്.
അതേസമയം, ടെസ്‌ലയുടെ ഭാവിയെക്കുറിച്ച് തനിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്ന് ഇലോൺ മസ്ക് അറിയിച്ചു. ടെസ്‌ലയുടെ ഭാവി എക്കാലത്തേക്കാളും മികച്ചതാണെന്നും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ സൃഷ്ടിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും അതുവഴി കമ്പനിയുടെ മൂല്യം തിരിച്ച് പിടിക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
മനുഷ്യന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന കാറുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും വർഷാവസാനത്തോടെ പല യുഎസ് നഗരങ്ങളിലും അത് സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും മസ്ക് പറഞ്ഞു. ജൂണിലാണ് ടെസ്‌ലയുടെ റോബോടാക്സി സർവീസ് ആരംഭിക്കുകയെന്നും മസ്ക് കൂട്ടിച്ചേർത്തു.
ടെസ്‌ല ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. ടെസ്‌ലയുടെ പ്രശ്‌നങ്ങൾ പല സ്രോതസ്സുകളിൽ നിന്നാണ് വരുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വൈറ്റ് ഹൗസിലെ മസ്‌ക്കിന്റെ പങ്ക് ബ്രാൻഡിന് ദോഷം ചെയ്തുവെന്നും അഭിപ്രായങ്ങളുണ്ട്. ടെസ്‌ല ഒരു വഴിത്തിരിവിലാണെന്നും മസ്‌ക് തന്റെ സർക്കാർ റോളിൽ നിന്ന് മാറി മുഴുവൻ സമയവും കമ്പനിയെ നയിക്കാൻ തിരിച്ചെത്തിയാൽ മാത്രമേ കാര്യങ്ങൾ മെച്ചപ്പെടുകയുള്ളൂ എന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
വാഹനത്തിന്റെ ആവശ്യകത കുറയുന്നതിന് ബ്രാൻഡിനെയല്ല മറിച്ച് സമ്പദ്‌വ്യവസ്ഥയെയാണ് മസ്‌ക് കുറ്റപ്പെടുത്തുന്നതെന്നും വിമർശനങ്ങളുയർന്നിരുന്നു. വെഡ്ബുഷ് സെക്യൂരിറ്റീസിന്റെ ഒരു കുറിപ്പിൽ, മസ്‌ക് വൈറ്റ് ഹൗസ് വിട്ടാൽ, ബ്രാൻഡിന് നിലനിൽക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മസ്ക് മുഴുവൻ സമയവും സിഇഒ ആയി തിരിച്ചെത്തുന്നത് ടെസ്‌ലയെ വീണ്ടെടുക്കാൻ സഹായിക്കുമെന്നും പറയുന്നു.
Content Summary: Tesla faces severe setback; Elon Musk to Scale Back Role at DOGE