മസ്‌കിനെ പാഠം പഠിപ്പിക്കാന്‍ ടെസ്‌ലയുടെ ‘കാറ്റഴിക്കുന്നു’

ആഗോളതലത്തില്‍ 200 ടെസ്‌ല ഷോറുമകളിലേക്ക് റാലിയും സമരവും നടത്തുന്നു

ഇലോണ്‍ മസ്‌കിനെതിരായ പ്രതിഷേധം ടെസ്‌ലയുടെ വഴി മുടക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും. ശനിയാഴ്ച്ച യുഎസിലും വിദേശങ്ങളിലുമുള്ള ടെസ്‌ല ഷോറൂമുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്‌ലയ്ക്ക് തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള ‘ ടെസ്‌ല ടേക്ക്ഡൗണ്‍ എന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് (Tesla Takedowns Global day of Action)മാര്‍ച്ച് 29 ന് ആസൂത്രണം ചെയ്തിരിക്കുന്ന പ്രതിഷേധം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെ തുടങ്ങിയ മസ്‌കിനെതിരായ പ്രതികരണങ്ങളില്‍ ഏറ്റവും ശക്തമായതും വലുതുമായ സമരമാണ് ഇന്ന് നടക്കുകയെന്നാണ് വിവരം. ലോകമെമ്പാടുമുള്ള 200 ടെസ് ല ഷോറൂമുകളിലേക്ക് റാലികളും സമരപരിപാടികളും സംഘടിപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം 50 ഷോറുമകളിലേക്ക് റാലികള്‍ നടത്തും.

ഇതൊരു സന്ദേശമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിനുള്ള സന്ദേശം. ഈ സര്‍ക്കാര്‍ വന്നതു തൊട്ട് ഇലോണ്‍ മസ്‌ക് മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചു വിടുന്നു, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ റദ്ദാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഫാസിസ്റ്റ് ശൈലിയില്‍ അടിച്ചമര്‍ത്തുകയാണ്; ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധം എത്രമാത്രം തീവ്രവമായിരിക്കുമെന്ന് ഭരണകൂടത്തെ ഓര്‍മിപ്പിക്കാനാണ് മസ്‌ക് സിഇഒ ആയിട്ടുള്ള ടെസ്‌ല കാര്‍ കമ്പനിക്കെതിരേ നടത്തുന്ന സമരം എന്നാണ് സംഘടകര്‍ വിശദീകരിക്കുന്നത്.

ഇതിനൊന്നുമല്ല ഞങ്ങള്‍ വോട്ട് ചെയ്തത്, ആരും ഇലോണിനും വോട്ട് ചെയ്തിട്ടില്ല. ആ സൂപ്പര്‍ ബില്യണറെ ആരും തിരഞ്ഞെടുത്തിട്ടില്ല, അയാളൊരു കൊള്ളക്കാരനാണ്’ എല്ലാ രോഷവും നിറഞ്ഞ വാക്കുകളോടെയാണ് വിക്കി മുള്ളര്‍ ഒല്‍വേര ദി ഗാര്‍ഡിയനോട് പ്രതികരിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ ടെസ്‌ല ടേക്ക്ഡൗണ്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ഒല്‍വേരയാണ്.

മസക് എത്രകാലമാണ് പൊതുസ്ഥാപനങ്ങളെ തകര്‍ക്കാന്‍ നോക്കുക, അത്ര കാലത്തോളം ടെസ്‌ലയും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുകയാണ് ടെസ്‌ല ടേക്ക് ഡൗണ്‍ പ്രസ്ഥാനത്തിന്റെ അമരക്കാര്‍. അയാള്‍ ടെസ്‌ലയില്‍ നിന്നുണ്ടാക്കിയ സമ്പത്ത് ഉപയോഗിച്ചാണ് ജനാധിപത്യത്തെ നശിപ്പിക്കുന്നത്, അതിന്റെ പ്രത്യാഘാതം അയാളുടെ കമ്പനി അനുഭവിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രാദേശികമായി മറ്റ് ചില സംഘടനകളും ടെസ്‌ലയ്‌ക്കെതിരേ അവരുടെതായ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തുകയും പുതിയവ ആസൂത്രണം ചെയ്യുന്നുമുണ്ട്.

ടെസ്‌ല ടേക്ക് ഡൗണിന്റെ ഭാഗമായി, പ്രതിഷേധത്തോട് അനുകൂലിക്കുന്നവരോട് മൂന്ന് ആവശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ടെസ്‌ല കാറുകള്‍ വാങ്ങാതിരിക്കുക, ടെസ്‌ല കാറുകള്‍ ഉണ്ടെങ്കില്‍ അവ വില്‍ക്കുക, ടെസ്‌ല ടേക്ക്ഡൗണിന്റെ ഭാഗമാകുക.

അതേസമയം, ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറായിട്ടില്ല. എന്നാല്‍ തന്റെ ഉടമസ്ഥയിലുള്ള എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറയുന്നത്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്ന കാര്യങ്ങള്‍ തുടരുമെന്നാണ്.

മസ്‌ക് നയം മാറ്റാതിരിക്കുമ്പോള്‍, അതിന്റെ ഭവിഷ്യത്ത് ടെസ്‌ല കമ്പനി അനുഭവിക്കുന്നുണ്ട്. അവരുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട് പ്രതിഷേധങ്ങള്‍. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്‌ക് ഭരണം തുടങ്ങിയതില്‍ പിന്നെ 35 ശതമാനമാണ് ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞത്. വില്‍പ്പനയെയും സാരമായി ബാധിച്ചു. ടെസ്‌ലയുടെ പുനര്‍വിലപ്പന മൂല്യവും കൂപ്പുകുത്തി.

മസ്‌കിന്റെ സ്വന്തം ആസ്തിയിലും ഇടിവുണ്ടായിട്ടുണ്ട്. 25 ശതമാനം, ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ- കുറവാണ് ഉണ്ടായിരിക്കുന്നത്. ട്രംപ് സ്ഥാനാരോഹണ ചടങ്ങിലെ മസ്‌കിന്റെ പ്രസംഗം തന്നെ അദ്ദേഹത്തിനെതിരായ ജനവികാരം ഉയര്‍ത്തിയിരുന്നു. നാസി ശൈലിയിലുള്ള ചേഷ്ടകള്‍ അയാള്‍ നടത്തിയത് ജനങ്ങളെ പ്രകോപിപ്പിച്ചു. പല ടെസ്‌ല ഉടമകളും വൈകാതെ തന്നെ തങ്ങളുടെ കാറുകള്‍ വിറ്റാണ് മസ്‌കിനോടുള്ള എതിര്‍പ്പ് പ്രകടമാക്കിയത്.  Tesla Takedown Global Day of Action, part of Anti-Elon Musk protest

Content Summary; Tesla Takedown Global Day of Action, part of Anti-Elon Musk protest

This post was last modified on March 29, 2025 10:47 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment