June 04, 2026 |
Share on

’65 വയസിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ ചൂട് കാലം’

വേനലിൽ വെന്ത് കേരളം

”എനിക്ക് ഇപ്പോൾ 65 വയസായി ഈ കാലത്തിനിടയ്ക്ക് ഇത്രയും വലിയ ചൂട് ഒരിക്കലും ഉണ്ടായിട്ടില്ല.” എറണാകുളം ജില്ലയിലെ കരിങ്ങാച്ചിറ ജംക്ഷനിൽ വഴിയരികിൽ വെയിലത്തിരുന്ന് മൺചട്ടികളും പ്രതിമകളും വിൽക്കുന്ന അമ്മിണിയമ്മ അഴിമുഖത്തോട് പറഞ്ഞു. ”നല്ല വെയിലല്ലെ മോളെ, വേറെ നിവൃത്തിയൊന്നുമില്ല അതാ ഈ വെയിലത്ത് ഇവിടെ വന്നിരിക്കുന്നത്. ചൂട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പ്രായം ചെന്ന ഈ അമ്മയെ വല്ലാതെ തളർത്തുന്നുണ്ടെന്ന് അവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഭർത്താവ് മരിച്ച് രണ്ട് പെൺകുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ച അമ്മിണിയമ്മയ്ക്ക് ഉപജീവനമാർ​ഗം മൺപാത്രങ്ങളുടെ വിൽപ്പനയാണ്.temperature raising

കേരളം ഇപ്പോൾ കടന്ന് പോകുന്നത് വളരെ ചൂട് കൂടിയ കാലാവസ്ഥയിലൂടെയാണ്. മാർച്ച് മാസത്തിൽ തന്നെ സഹിക്കാനാവാത്ത ചൂടാണ് അനുഭവപ്പെടുന്നത്, ഏപ്രിൽ, മെയ് മാസങ്ങൾ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ. പല സ്ഥലങ്ങളിലും വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയുന്നതായി അനുഭവപ്പെടുന്നില്ല. ഉയർന്ന ചൂടിനൊപ്പം ഈർപ്പമുള്ള വായുവുമുള്ളതിനാൽ അന്തരീക്ഷ താപനിലയെക്കാൾ കൂടുതലായിരിക്കും അനുഭവപ്പെടുന്ന താപനില(ഫീൽ ലൈക്ക് ടെംപറേച്ചർ) എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.

വെകുന്നേരമാകുമ്പോഴേക്കും കൈയ്യും മുഖവുമൊക്കെ പൊള്ളലേറ്റത് പോലെ പുകച്ചിലായിരിക്കും അമ്മിണിയമ്മ പറഞ്ഞു. ഈ കൊടും ചൂടിലും വഴിയോരത്തിരുന്ന് കച്ചവടം ചെയ്യുകയാണ് ഈ 65കാരി. വെയിലത്ത് കുറേ നേരം ഇരിക്കുമ്പോ വയ്യാണ്ടാവുന്ന പോലെ തോന്നും അപ്പോ കുറേ വെള്ളം കുടിക്കുമെന്ന് അമ്മിണി പറയുന്നു. പ്രായം ചെന്ന ഈ അമ്മ മാത്രമല്ല കേരളത്തിലെ ജനങ്ങൾ മുഴുവൻ ചൂട് കൊണ്ട് വലഞ്ഞിരിക്കുകയാണ്.

temperature raising in kerala

 

തീരദേശമേഖലകളിൽ കടലിൽ നിന്ന് വീശുന്ന കാറ്റ് ചൂടുള്ളതാണെങ്കിലും പൊള്ളുന്ന അവസ്ഥയ്ക്ക് ശമനമുണ്ടാക്കുന്നു. എന്നാൽ കിഴക്കൻ മേഖലയിലും ഇടനാട്ടിലും’ പൊള്ളുന്ന പോലെ ചൂടുണ്ടാകും. ഇനിയും ചൂട് വർധിക്കാനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥനിരീക്ഷണ സ്ഥാപനമായ മെറ്റ്ബീറ്റ് വെതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജസ്ഥാനും ഗുജറാത്തും പോലുള്ള പ്രദേശങ്ങളിൽ കൊടുംചൂടും അതിശൈത്യവും ഉണ്ടാകാറുണ്ട്, എന്നാൽ കേരളത്തിലെ കാലാവസ്ഥ അത്തരത്തിലുള്ളതല്ല. എന്നാലിപ്പോൾ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകയാണ്. കേരളത്തിലെ കാലാവസ്ഥ മാറ്റത്തിൽ സംസ്ഥാന കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത ഗോപാൽ അഴിമുഖത്തോട് പ്രതികരിച്ചു.

ലോകത്തിൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയത് മുതലുള്ള ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2024. ആഗോളതാപനത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷങ്ങളായിരുന്നു കഴിഞ്ഞ 10 വർഷം. സാധാരണ കേരളത്തിൽ പുലർകാലങ്ങളിൽ ചെറിയ തണുപ്പ് അനുഭവപ്പെടുന്ന സമയമാണ് ഡിസംബർ, ജനുവരി മാസങ്ങളിൽ, എന്നാൽ ഇത്തവണ അത്തരത്തിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി മാസത്തിലും പകൽ താപനില സാധാരണയിൽ കൂടുതലായിരുന്നു (മുപ്പത് വർഷത്തെ ശരാശരിയെ സാധാരണ താപനില എന്ന് പറയുന്നു).ഒക്ടോബർ നവംബർ മാസങ്ങളിൽ കൂടിയ താപനില സാധാരണയോ അതിൽ കൂടുതലോ ആയിരുന്നു. നീത വ്യക്തമാക്കി.

സാധാരണ താപനിലയിൽ കൂടുതൽ അനുഭവപ്പെടുക മാത്രമല്ല അത് സൂചികകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മാർച്ചിൽ പല സ്ഥലങ്ങളിലും വേനൽമഴ കിട്ടി തുടങ്ങിയതിനാൽ ചെറിയ ആശ്വാസമുണ്ടെന്ന് പറയാം. നീത പറഞ്ഞു

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യകേരളത്തിൽ സാധാരണ താപനിലയും തെക്കൻ കേരളത്തിലും, വടക്കൻ കേരളത്തിലും സാധാരണയിൽ കൂടുതൽ താപനിലയുമാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് പോലെ വേനൽ മഴ ഇനി ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. ചൂട് കൂടുതലായി അനുഭവപ്പെടുന്ന പാലക്കാട് പോലുള്ള ജില്ലകളിൽ ഇനിയും ചൂട് വർധിക്കാനാണ് സാധ്യത. അവർ കൂട്ടച്ചേർത്തു.

”വൈകുന്നേരമാകുമ്പോഴേക്കും വല്ലാതെ തളരും, പലപ്പോഴും തലകറങ്ങുന്ന പോലെ തോന്നി ഒക്കെയാണ് വീട്ടിൽ ചെന്ന് കയറുന്നത്.” പാർക്കിങിൽ പണം വാങ്ങുന്ന തൊഴിലാളിയായ മായ പറയുന്നു. രാവിലെ അടുപ്പിനരികെയുള്ള ജോലികൾ, പിന്നീട് പുറത്ത് വന്ന് വെയിലിന്റെ ചൂട് കൊണ്ടുള്ള ജോലി, വൈകുന്നേരം വീണ്ടും അ‍ടുപ്പിനരികിലേക്ക്. വേനൽക്കാലം എല്ലാവരെയും ബാധിക്കുമെങ്കിലും അടുപ്പിനരികിൽ നിൽക്കുന്ന വീട്ടമ്മമാർക്ക് ചൂടൊരു പേടി സ്വപ്നമാണെന്ന് മായയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

temperature raising in kerala

രാവിലെ 8 മണി മുതൽ വൈകുന്നേരം നാലുമണി വരെ ഈ വെയിലത്ത് നിന്നാണ് പണി. കുട പിടിച്ചാലും ഒരു രക്ഷയുമില്ല. വല്ലാത്ത വെയിലും ചൂടുമാണ്. കൈയ്യിലും കാലിലും ദേഹത്ത് മുഴുവനും ചൂട് കുരു പൊന്തി, ദേഹം മുഴുവൻ പുകച്ചിലാണ്. മഴ പെയ്താൽ പോലും ആശ്വാസമില്ലാത്ത അവസ്ഥ.” മായ വ്യക്തമാക്കി.

”കയ്യിലും മുഖത്തുമൊക്കെ ഇടാനുള്ള മാസ്‌ക് ഉണ്ട് പക്ഷെ അത് ഇട്ട് ഒരുപാട് നേരം നിൽക്കാനാവില്ല. വിയർത്ത് ആവി തങ്ങി നിന്ന് കുമിളകൾ ഉണ്ടാകും. അത് പൊള്ളലിനെക്കാൾ ബുദ്ധിമുട്ടാണ്” മായ കൂട്ടിച്ചേർത്തു. വെയിലത്ത് പണിയെടുക്കുന്നവരെ ചൂട് വലിയ രീതിയിൽ ബാധിക്കും. ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ മാനസിക ബുദ്ധിമുട്ടുകളുണ്ടാകാനും ചൂട് കാരണമാകുന്നു. അമിതമായ ചൂട് അനുഭവപ്പെടുമ്പോൾ ആരോടെന്നില്ലാത്ത ദേഷ്യം തോന്നുന്നതൊക്കെ ഇതിന്റെ ഭാ​ഗമാണ്.

ചൂട് കാലത്ത് അധികരിക്കുന്ന രോ​ഗങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതിനുള്ള മാർ​ഗങ്ങളെക്കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് ഇന്ത്യൻ മെഡിക്കൻ അസോസിയേഷൻ, കൊച്ചിൻ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റ് ഡോ. എം എം ഹനീഷ്.

വേനൽക്കാലത്ത് ഉണ്ടാകാനിടയുള്ള രോ​ഗങ്ങൾ

വേനൽക്കാലത്ത് ഉണ്ടാകാവുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സൂര്യാഘാതം. സൂര്യാഘാതം മൂലം ഒന്നിലധികം അവയവങ്ങൾക്ക് വരെ കേടുപാടുകൾ സംഭവിക്കുകയും മരണം പോലും സംഭവിക്കുകയും ചെയ്യാം.

ചൂട് കൂടുമ്പോൾ അമിതമായി ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് പോകാനുള്ള സാധ്യതയുണ്ട് ഇതിലൂടെ നിർജ്ജലീകരണമുണ്ടാകാം.

ചൂട് കാലത്ത് ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവന്ന് പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് ഭക്ഷ്യവിഷബാധ വേനൽക്കാലത്ത് കൂടുതലായി ഉണ്ടാകുന്നു.

കാഠിന്യമുള്ള വെയിൽ കൊള്ളുന്നത് മൂലം സൂര്യതാപമേൽക്കാനുള്ള സാധ്യത അധികമാണ്. നേരിട്ട് വെയിൽ കൊള്ളുന്നത് ചർമത്തിന് പൊള്ളലേൽക്കുന്നതിന് കാരണമാകും.

വളരെ വലിയ രീതിയിൽ വിയർക്കുക, പേശികളിൽ സഹിക്കാനാവാത്ത വേദന, അമിതമായ ക്ഷീണം എന്നിവയൊക്കെ ചൂട് മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളാണ്.

അമിതമായ ചൂട് ശരീരത്തിൽ ചൂട് കുരുക്കളുണ്ടാകാൻ കാരണമാകുന്നു.

ഉമിനീർ ഗ്രന്ഥികളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലം മൂത്രത്തിന്റെ നിറം മാറുകയും, മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വൈറൽ പനികളുണ്ടാകാനുള്ള സാധ്യത കൂടുതൽ. (ഉദാ; ചിക്കൻപോക്‌സ് പോലുള്ള രോഗങ്ങൾ)

വേനൽക്കാലത്ത് വയറിളക്കരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധമായ വെള്ളത്തിന്റെ അഭാവത്തിൽ മലിന ജലം കുടിക്കുന്നതാണ് ഒരു കാരണം.

വേനൽക്കാലം പൊതുവിൽ ആരോഗ്യമുള്ള സമയമെന്ന് പറയുമെങ്കിലും ശ്രദ്ധിച്ചല്ലെങ്കിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

പ്രതിരോധം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

വൃത്തിയുള്ളതും, പഴകാത്തതുമായ ആഹാരം കഴിക്കുക.

വെയിൽ കൊള്ളുന്നത് നിയന്ത്രിക്കുക, ഏറ്റവും ചൂട് കൂടിയ സമയങ്ങളിൽ പരമാവധി പുറത്തിറങ്ങാതിരിക്കുക.

ജോലി ചെയ്യുന്ന ആളുകൾ വെയിലിന്റെ ഏറ്റവും കാഠിന്യമുള്ള സമയത്ത് വിശ്രമിച്ച് വെയിൽ കുറയുമ്പോൾ ജോലി ചെയ്യാൻ ശ്രമിക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

ഭക്ഷണത്തിൽ ധാരാളമായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രമിക്കുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുട കൊണ്ടുപോകാൻ ശ്രദ്ധിക്കുക.temperature raising

content summary; temperature raising in kerala; response from peoples in different sectors

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×