പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചു ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല. ട്രംപിന് തിരിച്ചടി കൊടുക്കാന്‍ ഉദ്ദേശിച്ച് മറ്റു രാജ്യങ്ങള്‍ യുഎസിനെതിരെ പ്രതികാര താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് അമേരിക്കയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല മുന്നറിയിപ്പ് നല്‍കുന്നത്.
യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറിനെ അഭിസംബോധന ചെയ്തു തയ്യാറാക്കിയ ഒരു കത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കത്തില്‍ ആരും ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ടെസ്ല ന്യായമായ വ്യാപാരത്തെ ‘പിന്തുണയ്ക്കുന്നു’ എന്ന് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നയങ്ങള്‍ക്ക് മറുപടിയെന്നോണം മറ്റ് രാജ്യങ്ങള്‍ യുഎസ് വ്യാപാരത്തിനുമേല്‍ നികുതി വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ചാല്‍, അത് യുഎസ് കയറ്റുമതിക്കാര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്നതിന് കാരണമാകുമെന്നാണ് കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
‘അമേരിക്കയുമാഇ വ്യാപാരബന്ധത്തിലുള്ള രാജ്യങ്ങള്‍ മാറ്റിയ നയങ്ങളോട് ഉടനടി പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് വര്‍ദ്ധിപ്പിച്ചതും ടെക്‌സസിലെ ഓസ്റ്റിന്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ടെസ്ല കമ്പനി മാര്‍ച്ച് 11 ല്‍ എഴുതിയ കത്തില്‍ എടുത്തു പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതിന്റെ വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരാണ്. ട്രംപ് ഭരണകൂടത്തിന്റെ വ്യാപര നയങ്ങള്‍ അമേരിക്കന്‍ ബിസിനസുകളെയും സാമ്പത്തിക വിപണികളെയും പിടിച്ചുലയ്ക്കുന്ന കാഴ്ച്ചയാണ് രണ്ടാഴ്ച്ചയായി കാണാനാകുന്നത്. ഇതേ സാഹചര്യത്തിലാണ് ടെസ്ലയുടെ കത്ത്.
ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്ല പോലും പുതിയ നികുതി നയങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നാണ് ഈ കത്ത് അടിവരയിട്ടു പറയുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് എഴുതുന്നു.
ഈ ആഴ്ച ആദ്യം പ്രാബല്യത്തില്‍ വന്ന സ്റ്റീല്‍, അലുമിനിയം എന്നിവയുടെ യു എസ് ഇറക്കുമതികള്‍ക്ക് തീരുവകള്‍ കൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റൈ തീരുമാനത്തിന് കടുത്ത പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നു യൂറോപ്യന്‍ യൂണിയനും കാനഡയും വെല്ലുവിളിച്ചിരിക്കുകയാണ്. നിലവിലെ താരിഫ് വ്യവസ്ഥ (ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേലുള്ള നികുതി സമ്പ്രദായം) ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ സാരമായി ബാധിക്കുകയോ ‘തകര്‍ക്കുകയോ’ ചെയ്യുമെന്നാണ്, കത്ത് അയച്ചതില്‍ അറിവുള്ള ഒരു വ്യക്തി പരോക്ഷമായി സമ്മതിക്കുന്നതെന്ന് എഫ് ടി റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തില്‍ ആരും ഒപ്പിടാത്തതിന്, കാരണം കമ്പനിയിലെ ആരും ഇത്തരമൊരു കത്ത് അയച്ചതിന്റെ പേരില്‍ പിരിച്ചുവിടപ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
കത്തുമായി ബന്ധപ്പെട്ട അഭിപ്രായം അറിയാന്‍ അഭ്യര്‍ത്ഥിച്ചിട്ടും ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് എഫ് ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടത്തിന് അയച്ച കത്തില്‍, താരിഫുകള്‍ യുഎസില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്കപ്പെട്ടിട്ടുണ്ട്. വിദേശത്തേക്കുള്ള കയറ്റുമതിയില്‍ തങ്ങള്‍ക്ക് കമ്പോള വിപണിയിലെ മത്സരത്തില്‍ തിരിച്ചടി ഉണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു. ലിഥിയം, കൊബാള്‍ട്ട് തുടങ്ങി യുഎസില്‍ ലഭ്യത കുറവുള്ള ധാതുക്കള്‍ ഇറക്കുമതി ചെയ്യുന്നത് കൂടുതല്‍ ചെലവേറിയതാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കത്തില്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററികള്‍ക്കുമായി കഴിയുന്നത്ര മെറ്റീരിയലുകളും ഘടകങ്ങളും യുഎസില്‍ തന്നെ കണ്ടെത്തി നിര്‍മ്മിക്കുന്നതിനായി ആഗോള വിതരണ ശൃംഖലയില്‍ പുനര്‍നിര്‍മ്മാണം നടത്തിവരികയാണെന്നാണ് ടെസ്ല പറയുന്നത്. നെവാഡയിലെ റെനോയിലുള്ള ബാറ്ററി നിര്‍മ്മാണ പ്ലാന്റും ടെക്‌സസിലെ കോര്‍പ്പസ് ക്രിസ്റ്റിയിലുള്ള ലിഥിയം സംസ്‌കരണവുമാണ് ടെസ്ല ചൂണ്ടിക്കാണിക്കുന്നത്.
എന്നാലും എല്ലാ കാര്യങ്ങളും യുഎസില്‍ നിന്നു തന്നെ ലഭിക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്നാണ് കമ്പനി സമ്മതിക്കുന്നത്. ‘യുഎസ് നിര്‍മ്മാതാക്കള്‍ ഭരണകൂടത്തിന്റെ വ്യാപാര നടപടികള്‍ കൊണ്ട് അനാവശ്യമായി ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര വിതരണ ശൃംഖലയിലെ പരിമിതികള്‍ കൂടുതല്‍ വിലയിരുത്താനാണ് കത്തില്‍ ഗ്രീറിനോട് ആവശ്യപ്പെടുന്നത്. നികുതി ചുമത്തലില്‍ ഇളവ് ഉണ്ടാകണമെന്നാണ് ഇതിലൂടെ ആവശ്യപ്പെടുന്നത്.
വിദേശ വ്യാപാര രീതികള്‍ അവലോകനം ചെയ്യുക, കമ്പനികള്‍ക്ക് ദോഷം ചെയ്യുന്ന താരിഫുകള്‍, നികുതികള്‍, നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ സബ്സിഡികള്‍ തിരിച്ചറിയുക എന്നീ കാര്യങ്ങളില്‍ യുഎസ് വ്യാപര മേഖലയുടെ അഭിപ്രായം തേടാന്‍ തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് വ്യാപാര പ്രതിനിധിയുടെ ഓഫീസിലേക്ക് ടെസ്‌ല കത്ത് അയച്ചതെന്നും പറയുന്നു.
ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇപ്പോഴത്തേതിനു സമാനമായി താരിഫുകള്‍ ചുമത്തിയതിനെതിരേയും ടെസ്ല കത്ത് അയച്ചിരുന്നു. ടെസ്ലയിലെ അസോസിയേറ്റ് ജനറല്‍ കൗണ്‍സിലായ മിറിയം ഏകാബ് ആണ് മാര്‍ച്ച് 11 ലെ കത്ത് യുഎസ്ടിആര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.
ഇത്തവണ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 250 മില്യണ്‍ ഡോളറിലധികമാണ് ഇലോണ്‍ മസ്‌ക് ചെലവഴിച്ചത്. രണ്ടാമൂഴത്തില്‍ ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായി മസ്‌ക് മാറുകയും ചെയ്തു. തനിക്കു വേണ്ടി ചെയ്ത ഉപകാരങ്ങള്‍ക്കു പകരമായി, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്കായി അമേരിക്കന്‍ നയങ്ങളെ സ്വാധീനിക്കാനും ഫെഡറല്‍ സര്‍ക്കാരിന്റെ ചിലവുകള്‍ വെട്ടിക്കുറയ്ക്കാനും ട്രംപ് അധികാരം നല്‍കി. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോജ്) തലവനായി മസ്‌കിനെ നിയമിച്ചുകൊണ്ടാണ് ട്രംപ് ഉപകാര സ്മരണ തെളിയിച്ചത്. ട്രംപ്-മസ്‌ക് ജോടികളുടെ നയങ്ങള്‍ അമേരിക്കയിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാക്കിയിരിക്കുമ്പോഴാണ് ടെസ്‌ലയുടെ വക മുന്നറിയിപ്പും. Tesla warns Trump administration of vulnerability to retaliatory tariffs
Content Summary; Tesla warns Trump administration of vulnerability to retaliatory tariffs