‘രോഗികളെ ചികിത്സിക്കാൻ ഭയമായി; ഐഎംഎ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. സുല്‍ഫി നൂഹു

ചികിത്സാപിഴവ് സംഭവിച്ചുവെന്നത് പിതാവിന്റെ തെറ്റിദ്ധാരണ'

thamarassery hospital attack

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും ദിനംപ്രതി വർദ്ധിക്കുകയാണ്. കോവിഡ് മഹാമാരിക്കാലം തൊട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യമേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡും, നിപ്പയും, അമീബിക് മസ്തിഷ്ക ജ്വരവുമെല്ലാം കേരളത്തെ തെല്ലൊന്ന് ഭയപ്പെടുത്തിയെങ്കിലും അടിപതറാതെ പിടിച്ചു നിൽക്കാൻ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞു. എന്നാൽ, ഇക്കാലത്ത് തന്നെ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്.

ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി ചേർക്കപ്പെട്ട സംഭവമാണ് താമരശേരിയിലേത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ പിതാവ് സനൂപ് ആശുപത്രിയിലെ ഡോക്ടറെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും നല്ല ചികിത്സ കിട്ടിയില്ലെന്നുമാണ് പിതാവ് ആരോപിക്കുന്നത്. അക്രമിയെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്ക് ഗുരുതരമല്ലെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ തലച്ചോറിൽ മുറിവേറ്റിട്ടില്ല. എന്നാല്‍ തലയോട്ടിയിൽ വെട്ടേറ്റിട്ടുണ്ട്.
ക‍ഴിഞ്ഞ ആഗസ്റ്റ് 14ന് ആണ് കുട്ടി മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പിന്നാലെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.

ആശുപത്രിയിൽ മരണങ്ങളുണ്ടാവുന്നത് സ്വാഭാവികമായാണ് തോന്നിയിട്ടുള്ളത്. താമരശേരിയിലെ സംഭവത്തിൽ ചികിത്സാപിഴവുണ്ടായെന്ന് പറയുന്നത് കുട്ടിയുടെ പിതാവ് സനൂപിന്റെ തെറ്റിദ്ധാരണയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആക്ഷൻ കമ്മിറ്റി കൺവീനറായ ഡോ സുൽഫി നൂഹു അഴിമുഖത്തോട് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട ആളെയല്ല ഇവിടെ ഈ വ്യക്തി ഉപദ്രവിച്ചിരിക്കുന്നത്. സൂപ്രണ്ടിനെ ലക്ഷ്യമാക്കി വരികയും എന്നാൽ ആ സമയത്ത് തന്റെ മുന്നിൽക്കണ്ട ഡോക്ടറെ വെട്ടുകയുമാണ് കുട്ടിയുടെ പിതാവ് ചെയ്തത്. ആശുപത്രികളിലെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ശതമാനം ആളുകൾക്കെങ്കിലും മരണം സംഭവിക്കാം. അതിന്റെ പേരിൽ ആരോഗ്യപ്രവർത്തകനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അതൊരു പരിഷ്കൃത സമൂഹത്തിന്റെ രീതിയല്ലെന്ന് ഡോ സുൽഫി കൂട്ടിച്ചേർത്തു.

ചികിത്സ വൈകിയെന്ന് ആരോപിച്ച് ഒരാളുടെ കൈയോ കാലോ വെട്ടിയെടുക്കുന്നത് ഈ സമൂഹത്തിന് ചേർന്ന് രീതിയല്ല. ഇതൊരു ജനാധിപത്യ രാജ്യമാണ് അതുകൊണ്ട് തന്നെ ഈ പ്രവർത്തിയെ പിന്തുണയ്ക്കുന്നവരും അപരിഷ്കൃത ചിന്താഗതിയുള്ളവരാണ്. ആരോപണത്തിൽ പറയുന്ന വിധത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തുകയും, അതിന് അനുസൃതമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നാണ് വിശ്വാസം. 2023ൽ വന്ദന ദാസിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്ത സമയത്ത് സമൂഹവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നാണ് പ്രതികരിച്ചതെന്ന് ഡോ സുൽഫി വ്യക്തമാക്കി.

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങളെ വിലയിരുത്തിയാൽ നിമിഷങ്ങൾക്കകം ഒരു തീരുമാനമെടുത്ത് അവർക്ക് നടപടി സ്വീകരിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് അത്തരം നടപടികൾ സ്വീകരിക്കാൻ പോലും ആരോഗ്യപ്രവർത്തകർക്ക് ആശങ്ക തോന്നും. ഞാനൊരു സിപിആർ കൊടുത്തു കഴിഞ്ഞാൽ മരണകാരണം എന്റെ പേരിൽ ആരോപിക്കപ്പെടുമോയെന്ന ഭയം ഡോക്ടർമാരിലുണ്ടാവുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത് ആരോഗ്യമേഖലയിലെ പ്രതിസന്ധിയ്ക്കും ഒരുപാട് ആളുകളുടെ ജീവൻ നഷട്പ്പെടാനും കാരണമായി തീർന്നേക്കാം.

അമീബിക് പോലെ കൂടുതൽ രോഗസാധ്യയില്ലാത്ത രോഗമാണെങ്കിൽ പോലും മരണങ്ങൾക്ക് ഡോക്ടർമാരെ പഴിചാരാനോ ഉപദ്രവിക്കാനോ കഴിയില്ല. അതൊരു പ്രാകൃത സമൂഹത്തിന്റെ രീതിയാണ്. ആശുപത്രികളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സംവിധാനം ആരോഗ്യപ്രവർത്തകർക്ക് ഇല്ലെങ്കിൽ അവർ റിസ്കെടുക്കാൻ തയ്യാറാവില്ല. ഇത്തരം സന്ദർഭങ്ങളിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മാത്രം ആരോഗ്യപ്രവർത്തകർ ഒതുങ്ങും. 2023ലെ വന്ദനാ ദാസിന്റെ കൊലപാതകത്തിന് ശേഷം ആശുപത്രികളിൽ നടപ്പിലാക്കാൻ കുറച്ചു സുരക്ഷാ പ്രോട്ടോകോളുകൾ തയ്യാറാക്കിയിരുന്നു എന്നാൽ അവ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ഡോ സുൽഫി പറഞ്ഞു.

content summary: The Thamarassery Taluk Hospital attack occurred due to a misunderstanding, leaving doctors afraid to perform their duties

This post was last modified on October 9, 2025 8:30 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment