December 13, 2024 |
Share on

ഇന്ത്യയിലെ ആദ്യ വനിത സാമാജിക, ലോകത്തിലെ ആദ്യ വനിത സര്‍ജന്‍ ജനറല്‍ എന്നിട്ടും ഡോ. മേരിയെ കേരളം വിസ്മരിച്ചത് എന്തുകൊണ്ട്?

ഡോ. മേരി പുന്നന്‍ ലൂക്കോസ്; കേരളം വിസ്മരിച്ച ഇന്ത്യയിലെ ആദ്യ വനിത സാമാജിക

ഇന്ത്യൻ നിയമസഭകളിലെ ആദ്യ സ്ത്രീ സാന്നിധ്യം, കേരളത്തിലെ ആദ്യത്തെ വനിത ഡോക്ടർ എന്നിട്ടും മേരി പുന്നൻ ലൂക്കോസ് ചരിത്രത്താളുകളിൽ ഇടംപിടിക്കാത്തത് കേരള ജനതയുടെ നിഷ്‌കളങ്ക മറവികൊണ്ടാണോ അതോ അവർ ഒരു സ്ത്രീയായിരുന്നത് കൊണ്ടോ?  ഇന്ത്യയിലെ ആദ്യ വനിതസാമാജിക സ്ഥാനമേറ്റതിന്റെ ശതാബ്ധി ആഘോഷിക്കപ്പെടുമ്പോഴും അവരുടെ പേര് കേരളത്തിലെ ഒരു പാഠപുസ്തകത്തിൽ പോലും പരാമർശിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആരാണ് മേരി പുന്നൻ ലൂക്കോസ്, സ്ത്രീയായതിന്റെ പേരിൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സയൻസ് ഗ്രൂപ്പിൽ പ്രവേശനം ലഭിക്കാതിരുന്ന മേരി എങ്ങനെ കേരളത്തിലെ ആദ്യത്തെ വനിത ഡോക്ടറായി. കേരള ചരിത്രത്തിലെ അറിയപ്പെടാതെ പോയ പെൺകരുത്തിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം. unknown life story of Dr. Mary Poonen Lukose.

1886 ഓഗസ്റ്റ് രണ്ടിന് കോട്ടയം ജില്ലയിലെ അയമനം എന്ന ഗ്രാമത്തിൽ പി ഇ പുന്നന്റെ മകളായി മേരി പുന്നൻ ലൂക്കോസ് ജനിച്ചു. പിതാവ് പുന്നൻ തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരിയും, തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഫിസിഷനുമായിരുന്നു. അവരുടെ അമ്മക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ കുട്ടിയായ മേരിയെ നോക്കി വളർത്തിയത് ബ്രിട്ടീഷ് ഭരണകർത്താക്കളായിരുന്നു. തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാമതെത്തിയിരുന്നെങ്കിലും പെൺകുട്ടിയായതിനാൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സയൻസ് വിഷയങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ അവർ അതേ കോളേജിൽ തന്നെ ചരിത്രത്തിലും ധനതത്ത്വശാസ്ത്രത്തിലും ബിരുദം നേടി. ഇന്ത്യൻ സർവ്വകലാശാലകൾ സ്ത്രീകൾക്ക് മെഡിസിൻ പ്രവേശനം നൽകാതിരുന്നതിനാൽ, അവർ ലണ്ടനിലേക്ക് മാറുകയും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുകയും ചെയ്തു. ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസിന് ചേർന്ന ആദ്യ ഇന്ത്യൻ വിദ്യാർഥിനിയായിരുന്നു അവരെന്ന് ബന്ധുവായ ഡോ.മരീന പറയുന്നു.
അങ്ങനെ കേരളത്തിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിതയായി മേരി അറിയപ്പെട്ടു. പിന്നീട് ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിൽ നിന്ന് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാകുന്നത് വരെ ലണ്ടനിൽ തുടർന്നു, ആ കാലത്ത് തന്നെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ പീഡിയാട്രിക്‌സിൽ വിപുലമായ പരിശീലനവും നേടിയിരുന്നു. പഠനം അവസാനിച്ച കഴിഞ്ഞ മേരി യുകെയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുകയും അതേ സമയം ലണ്ടൻ സംഗീത പരീക്ഷയിൽ പങ്കെടുക്കുന്നതിന് വേണ്ടി സംഗീത പഠനം നടത്തുകയും ചെയ്തിരുന്നു.unknown life story of Dr. Mary Poonen Lukose.

1916 ൽ തന്റെ പിതാവിന്റെ മരണത്തോടെയായിരുന്നു മേരി ഇന്ത്യയിലേക്ക് തിരികെ വന്നത്. പഠനവും പരിശീലനവും പൂർത്തിയാക്കി കേരളത്തിലെ ആദ്യ വനിത ഡോക്ടറായി എത്തിയ ഇവർ തിരുവനന്തപുരത്തെ തൈക്കാട് ഉണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ത്രീരോഗ വിദഗ്ധയായി പ്രവർത്തനമനുഷ്ടിച്ചു. ആ ഇടക്കാണ് തൈക്കാട് ആശുപത്രി സൂപ്രണ്ടായിരുന്ന പാശ്ചാത്യൻ അദ്ദേഹത്തിന്റെ നാട്ടിലേക്ക് മടങ്ങി പോയത്. അതിന് ശേഷം മേരി ആശുപത്രിയിലെ സൂപ്രണ്ട് സ്ഥാനം ഏറ്റെടുത്തു. ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനു ശേഷമായിരുന്നു അവരുടെ വിവാഹം. ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ ലൂക്കോസിനെയാണ് വിവാഹം ചെയ്തത്. ലൂക്കോസ് പിന്നീട് തിരുവിതാംകൂർ ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ചു.

ഡോ. മേരി പുന്നന്‍ ലൂക്കോസ്, ഭര്‍ത്താവ് ജഡ്ജ് കെ. കെ. ലൂക്കോസ്, മകള്‍ ഗ്രെയ്‌സി ലൂക്കോസ്, മകന്‍ മുന്‍ അംബാസഡര്‍ കെ. പി ലൂക്കോസ്

പ്രാദേശികരായ സ്ത്രീകളെ പിന്തുണക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി മേരി തൈക്കാട് ആശുപത്രിയിൽ മിഡ്‌വൈഫറി (സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപ്പാദനപരവുമായ ആരോഗ്യത്തിന് പുറമേ ഗർഭധാരണം, പ്രസവം, പ്രസവാനന്തര കാലഘട്ടം, നവജാതശിശുവിന്റെ പരിചരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യശാസ്ത്രവും ആരോഗ്യസംരക്ഷണപരവുമായ പ്രൊഫഷനാണ് മിഡ്‌വൈഫറി) പദ്ധതി ആരംഭിച്ചു. ഇവിടെ വച്ച് തന്നെയായിരുന്നു അവരുടെ ആദ്യ പ്രസവവും.

1919ലെ തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തിന്റെ ഭാഗമായാണ് നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചത്. അന്നത്തെ കാലത്ത് ജനപ്രതിനിധി സഭകളിൽ അംഗമായിരിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. 1922ൽ സേതുലക്ഷ്മിബായിയുടെ ഇടപെടലിനെ തുടർന്ന് മേരിയിലൂടെയാണ് സ്ത്രീകൾക്ക് ഇതിനുള്ള അവകാശം ലഭിക്കുന്നത്.

1922ൽ മേരി പുന്നൻ ലൂക്കോസ് ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയുടെ കാലത്താണ് ആദ്യമായി ഒരു വനിതയെ തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്, അത് മേരി പുന്നൻ ആയിരുന്നു. ഇതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതസാമാജികയായി മേരി സ്ഥാനമേൽക്കുകയും ചെയ്തു. തിരുവിതാംകൂറിലെ നിയമസഭ കൗൺസിലർ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു അവരുടെ നിയമനം. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്‌റ്റേറ്റ് കൗൺസിലിലും അംഗമായിരുന്ന കാലം ഉൾപ്പെടെ വിവിധ കാലയളവുകളിലായി ഏഴുതവണ അവർ നിയമനിർമ്മാണ സഭകളിലെ സാന്നിധ്യമായിരുന്നു.

പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചുകൊണ്ട് അവരെ പ്രതിനിധീകരിക്കാൻ ചില പ്രമുഖ വനിതകളെ നാമനിർദ്ദേശം ചെയ്യുന്ന രീതി നിലവിൽ വന്നു.unknown life story of Dr. Mary Poonen Lukose.

1920കളിൽ ആരോഗ്യവകുപ്പിലെ നഴ്‌സുമാരുടെ സേവന വ്യവസ്ഥകളെച്ചൊല്ലി നിരവധി പ്രശ്ങ്ങൾ ഉണ്ടായിരുന്നു. അവിവാഹിതകൾക്ക് മാത്രമേ ജോലികൊടുക്കാവൂ എന്ന നിയമം അന്ന് നിലവിലുണ്ടായിരുന്നു. ഇത് അനാവശ്യമാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇക്കാര്യം 1926ൽ നടന്ന തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിൽ ചർച്ചാവിഷയമായപ്പോൾ ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് നിയമത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. കുടുംബത്തിൽ ഉത്തരവാദിത്തമുള്ള സ്ത്രീകൾക്ക് നഴ്‌സിങ് ജോലി കാര്യക്ഷമമായി ചെയ്യാൻകഴിയില്ലെന്നും രണ്ടിനുംകൂടിയുള്ള ഊർജ്ജവും സമയവും അവർക്കുണ്ടാകാനിടയില്ല എന്നുമായിരുന്നു അവരുടെ അഭിപ്രായം.

1920ൽ റാന്തൽ വെളിച്ചത്തിൽ മേരി നടത്തിയ സിസേറിയൻ കേരളത്തിലെ ആദ്യത്തെ സിസേറിയനായിരുന്നു. നഴ്‌സുമാർക്കായി പ്രത്യേക പരിശീലനകേന്ദ്രങ്ങളും, നാഗർകോവിലിൽ ക്ഷയരോഗ സാനിറ്റോറിയവും തിരുവനന്തപുരത്ത് എക്‌സ്‌റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റിയൂട്ടും സ്ഥാപിക്കാൻ നേതൃത്വം നൽകിക്കൊണ്ട് മേരി കേരളത്തിലെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.

പിന്നീട് 1924ൽ മേരി സംസ്ഥാന ആക്ടിങ് സർജൻ ജനറലായി സ്ഥാനക്കയറ്റം നേടിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വനിത സർജൻ ജനറലായി നിയമിക്കപ്പെട്ടു. സ്ത്രീകൾക്ക് സയൻസ് വിഷയങ്ങളിലും, മെഡിസിൻ വിഭാഗത്തിലും .പ്രവേശനം നിഷേധിച്ച കാലത്താണ് അവർ ഇത്തരമൊരു നേട്ടം കൊയ്തത് എന്നത് അവരെ വ്യത്യസ്തയാക്കുന്നു.

unknown life story of Dr. Mary Poonen Lukose.

                                           ഡോ. മേരി പുന്നന്‍ ലൂക്കോസ് ഇംഗ്ലണ്ടില്‍ പഠനകാലത്ത്

1938 ഓടെ മേരി 32 സർക്കാർ ആശുപത്രികളുടെയും 40 സർക്കാർ ഡിസ്പെൻസറികളുടെയും 20 സ്വകാര്യ സ്ഥാപനങ്ങളുടെയും ചുമതലയുള്ള സർജൻ ജനറലായി മാറി. ലോകത്തിലെ തന്നെ സർജൻ ജനറലായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതയാണ് മേരി എന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. യുഎസിലെ ആദ്യത്തെ വനിതാ സർജൻ ജനറലിനെ നിയമിച്ചത് 1990 ൽ മാത്രമാണ്.

യുവതിയായ മേരി അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സ്ഥിരോത്സാഹം കാണിച്ചപ്പോഴും, തന്റെ വിദ്യാഭ്യാസത്തിന് പ്രതീക്ഷിച്ച അർഥമുണ്ടാകണമെങ്കിൽ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ സാധാരണക്കാർക്ക് അക്കാലത്ത് ലഭ്യമായിരുന്ന അവരെക്കൊണ്ട് സാധിക്കുന്ന എല്ലാ ചികിത്സാ സൗകര്യങ്ങളും ചെയ്ത് നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിൽ പോയി ജോലിയിൽ തുടരുന്നതിനുപകരം അവർ തിരുവിതാംകൂറിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചു എന്നത് പ്രശംസനീയമാണ്.

ഇംഗ്ലണ്ടിൽ ആയിരിക്കുമ്പോൾ സ്വയം മുഖ്യധാരയിൽ വന്ന രീതിയിൽ നിന്ന് മേരി ഒരു വ്യക്തിത്വമുള്ള സ്ത്രീയായിരുന്നുവെന്ന് വ്യക്തമാണ്. അത് റോയൽ ഫ്രീ ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ കോളേജിലെ വിദ്യാർഥിനി എന്ന നിലയിലോ, സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പങ്കെടുത്തതിനാലോ, ഹോക്കി ക്ലബ്, ടെന്നീസ് ക്ലബ്, ബോട്ട് ക്ലബ് എന്നിവയിലെ പങ്കാളിത്തം കൊണ്ടോ അല്ലെങ്കിൽ സ്‌കോട്ട്‌ലൻഡിലേക്കോ തീയറ്ററുകളിലേക്കോ ഒക്കെ കാഴ്ചകൾ കാണാൻ യാത്രകൾ നടത്തിയതിനാലോ ആണെന്നും പറയാം. ഷേക്‌സ്പിയർ നാടകങ്ങൾ കാണാൻ മേരി താൽപര്യപ്പെടുന്നു എന്നത് അവർ തന്റെ മെഡിക്കൽ വിദ്യാഭ്യാസത്തിനപ്പുറമുള്ള കാര്യങ്ങളിലും താൽപര്യം കാണിച്ചിരുന്നുവെന്നതിന് ഉദാഹരണമാണ്.

1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിൽ വർദ്ധിച്ചുവരുന്ന ജോലിഭാരത്തെ അതിജീവിച്ച് ആളുകളെ ശുശ്രൂഷിക്കുന്ന  മേരിയെ അവരുടെ ആത്മകഥയായ ട്രയൽബ്ലേസർ മറിച്ചുനോക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കും. 1916ൽ അവളുടെ പിതാവ് മരിക്കുമ്പോൾ, തന്നെത്തന്നെ നഷ്ടപ്പെട്ടുപോയിരുന്നു മേരിക്ക്. ധാരാളം അവസരങ്ങൾ കാത്തിരിക്കുന്ന ഇംഗ്ലണ്ടിൽ തുടരണോ അതോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ സ്വന്തം രാജ്യത്തെ ഭാഗ്യമില്ലാത്ത സ്ത്രീകൾക്ക് നൽകാൻ നാട്ടിലേക്ക് മടങ്ങണോ എന്ന ചോദ്യം അവരുടെ മുൻപിലുണ്ടായിരുന്നു. അവർ അതിൽ നിന്നും സ്വന്തം നാടിനോടുള്ള സ്നേഹം തിരഞ്ഞെടുത്തു.

തിരുവിതാംകൂറിലെ സാധാരണക്കാരുടെ ജീവിതത്തിൽ ഈ യുവ ഡോക്ടർ വരുത്തിയ മാറ്റം വളരെ വലുതായിരുന്നു. ആ മാറ്റം വളരെ പ്രകടവുമായിരുന്നു. അന്നത്തെ കാലത്ത് ശസ്ത്രക്രിയ ഭയന്ന് രോഗികൾ ആശുപത്രി വാർഡുകളിൽ നിന്ന് ഓടിപ്പോകുന്നത് പതിവായിരുന്നു. ഉയർന്ന സാമ്പത്തിക, സാമൂഹിക അവസ്ഥയുമുള്ള സ്ത്രീകൾക്ക് മാത്രമെ പ്രസവത്തിനായി ആശുപത്രി ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ മേരി ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാക്കി. സേതു ലക്ഷ്മിബായി തന്റെ പ്രസവ ആവശ്യങ്ങൾക്കായി ഡോ. മേരി പൂന്നന്റെ സേവനങ്ങൾ ആവശ്യപ്പെട്ടിരുന്നു, ഇത് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലും കാര്യമായ സ്വാധീനമുണ്ടാക്കി. ഇതുമൂലം കിടപ്പുരോഗികളുടെ എണ്ണം പ്രതിദിനം 15ൽ നിന്ന് 300 ആയി ഉയർന്നു, എല്ലാവർക്കും മെറ്റേണിറ്റി ചികിത്സ ഉറപ്പാക്കിയതിലൂടെ ആ വിഭാഗത്തിലെ കേസുകൾ 100ൽ നിന്ന് 3000 ആയും ഓപ്പറേഷൻ ഒരു വർഷം 1000 ആയും ഉയർന്നു.

 

 

ട്രയൽബ്ലേസർ

മേരി പുന്നൻ ലൂക്കോസ് എന്ന ശക്തയായ സ്ത്രീയുടെ ജീവിത രേഖയാണ് മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ട്രെയ്ൽബ്ലേസർ എന്ന പുസ്തകം. മേരി പുന്നൻ എഴുതി പൂർത്തിയാക്കാതെ പോയ ആത്മകഥയും മേരിയെക്കുറിച്ച് മറ്റുള്ളവരുടെ ഓർമകളും ഗവേഷണലേഖനങ്ങളുമാണ് ഇതിൽ. സ്ത്രീമുന്നേറ്റത്തിന്റെ പ്രാരംഭം കുറിച്ച  അക്കാലത്ത് മേരി പുന്നൻ ലൂക്കോസ് നടത്തിയ നിശ്ശബ്ദവും എന്നാൽ ഉഗ്രവുമായ ആരോഗ്യവിപ്ലവം തിരുവിതാംകൂറിലെ സ്ത്രീജീവിതം മാറ്റിമറിച്ചെന്ന് ഈ പുസ്തകം എഡിറ്റ് ചെയ്ത ലീന ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തിന്റെ ഘടനയും ഉള്ളടക്കം അവതരിപ്പിച്ച രീതിയും കാരണം സാധാരണ ആത്മകഥകളിൽ നിന്ന് ആത്മകഥ അൽപം വേറട്ടു നിൽക്കുന്നു. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ ആദ്യത്തെ സർജൻ ജനറലിന്റെ ജീവിതവും അനുഭവങ്ങളും, അവരുടെ അടുത്ത കുടുംബത്തിന്റെയും, പ്രമുഖ വ്യക്തിത്വങ്ങളുടെയും സ്മരണകൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

മേരി പുന്നൻ ലൂക്കോസിനെക്കുറിച്ചുള്ള അറിവ് കേരളീയർക്ക് വളരെ കുറവായിരുന്നു. മേരിയുടെ സമർപ്പണവും പുരോഗമനപരമായ ചിന്താഗതിയുമെല്ലാം മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാൻ കാരണമായി. സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണം സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള ധാരാളം ആധുനിക രീതികൾ അവർ സ്വന്തം നാട്ടുകാർക്ക് പരിചയപ്പെടുത്തി. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വീടുകളിലെ സ്ത്രീകൾ അവരുടെ പ്രസവ ആവശ്യങ്ങൾക്കായി പരമ്പരാഗത മിഡ്‌വൈഫിനെ ആശ്രയിക്കുന്ന കാലമായിരുന്ന അന്ന് ആ ജോലിക്കാർക്ക് വേണ്ടിക്കൂടി മേരി ശബ്ദമുയർത്തിയിരുന്നു.

പ്രതിബദ്ധതയുള്ള ധീരയായ ഒരു സ്ത്രീ, സ്ത്രീയായി ജനിച്ചതിനാൽ തനിക്ക് നഷ്ടപ്പെടുമെന്ന് തോന്നിയ കാര്യങ്ങളുടെയെല്ലാം പിറകെ പോയി അവ നേടിയെടുത്തു. തനിക്ക് കേരളത്തിലെ കോളേജിൽ സയൻസ് പഠിക്കാൻ കഴിഞ്ഞില്ല എന്ന് അവർ സങ്കടപ്പെടുന്ന ഭാഗങ്ങൾ പുസ്തകത്തിലുണ്ട്. സയൻസ് എന്ന വിഷയം സ്ത്രീകൾക്കുള്ളതല്ലെന്ന് പ്രിൻസിപ്പലിന് തോന്നിയതായിരുന്നു കേരളത്തിലെ പെൺകുട്ടികൾക്ക് മുൻപിൽ ശാസ്ത്രത്തിന്റെ വാതിൽ കൊട്ടിയടക്കപ്പെടാനുണ്ടായ കാരണം. പക്ഷേ, ഇതൊന്നും തന്റെ ലക്ഷ്യത്തിൽ നിന്ന വ്യതിചലിക്കാൻ കാരണമായില്ല. ലോക ചരിത്രത്തിലും ഇന്ത്യൻ ചരിത്രത്തിലും നിർണായക സ്ഥാനം കണ്ടെത്തിയ അവർ സൂര്യനു കീഴിൽ തന്റെ സ്ഥാനം നേടിയത് തിരഞ്ഞെടുത്ത തൊഴിലിനോടുള്ള തികഞ്ഞ ആത്മാർത്ഥതയും സ്‌നേഹവുമാണ്.

ഇന്ന് കേരളം ആരോഗ്യ മേഖലയിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഡോ. മേരി പൂനെൻ ലൂക്കോസ് വൈദ്യശാസ്ത്രത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകളെക്കുറിച്ച് നമ്മളിൽ എത്രപേർക്ക് അറിയാം?. ചരിത്രം എപ്പോഴും പുരുഷന്മാരുടേതായിരുന്നു. ഹിസ്റ്ററി എന്നത് സത്യത്തിൽ ‘ഹിസ് സ്‌റ്റോറി’ എന്ന തന്നെയാണെന്ന നമ്മുടെ ചരിത്രങ്ങൾ അടിവരയിടുന്നു. അതിൽ സ്ത്രീകൾക്ക് കാര്യമായ സ്ഥാനമില്ല. ഒരു പുരുഷാധിപത്യ സമൂഹത്തിലും ഇത്രയും ഉയർച്ച കൈവരിക്കാൻ മേരിക്ക് സാധിച്ചെങ്കിൽ അതിനു പിന്നിൽ അവർ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥകൾ കൂടിയുണ്ടാവും.

‘‍ഇന്ത്യൻ ചരിത്രത്തിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും സ്ത്രീകളുടെ ചരിത്രം പറയപ്പെടാതെ പോവുകയാണ് പതിവ്. ഭൂതകാലത്തെക്കുറിച്ച് പറയുമ്പോൾ പുരുഷന്മാരുടെ മേഖലകൾക്കും, അവരുടെ വിഷയങ്ങൾക്കും മുൻതൂക്കം നൽകുന്നത് ചരിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ചരിത്രകാരന്മാരിൽ കൂടുതലും പുരുഷന്മാരായിരുന്നു, അതുകൊണ്ടായിരിക്കാം മേരി പൊന്നൻ ലൂക്കോസിന്റെയും അവരെപ്പോലുള്ള നിരവധി സ്ത്രീകളുടെയും ചരിത്രം അറിയപ്പെടാതെ പോയത്. ഇത് ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിൽ വലിയ വിടവ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഈ അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റമുണ്ടാവുകയാണ്. ചരിത്ര വിഷയങ്ങളിൽ സ്ത്രീ പ്രാധിനിത്യം കൂടുന്നതിനോടൊപ്പം, ചരിത്രത്തിലെ സ്ത്രീകളുടെ പങ്കിനെ ഉയർത്തിക്കാണിക്കാൻ താൽപര്യപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കൂടുന്നു. ഈ വിഭാഗത്തിൽ എന്നെത്തന്നെ പരിഗണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

തിരുവിതാംകൂറിലെ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് മേരി പൂനെൻ ലൂക്കോസ് വന്നത്. അവരുടെ പിതാവിന്റെ മരണ സമയത്ത് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് മേരിയുടെ ക്ഷേമത്തിൽ വ്യക്തിപരമായ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്റെ ഓർമ ശരിയാണങ്കിൽ അപ്പോഴും വിദേശത്ത് പഠിക്കുകയായിരുന്നെങ്കിലും രാജകുടുംബവുമായുള്ള ഈ അടുത്ത ബന്ധം അവർ തുടർന്നിരുന്നു. രാജകീയ ജനനങ്ങൾ (മഹാറാണി സേതു ലക്ഷ്മി ബായിയുടെ പെൺമക്കൾ, കാർത്തിക തിരുനാൾ ലക്ഷ്മി ബായിയുടെ മക്കൾ, ഉത്രം തിരുനാൾ ലളിതാംബാ ബായിയുടെ മക്കൾ) കൈകാര്യം ചെയ്യുക മാത്രമല്ല, മേരി തന്റെ വാർദ്ധക്യത്തിലും മുൻ രാജകുടുംബങ്ങളുമായി സൗഹൃദം പുലർത്തിയിരുന്നു.

സേതു ലക്ഷ്മി ബായി നിയമസഭാ കൗൺസിലിലേക്ക് മേരിയെ നാമനിർദേശം ചെയ്യുകയും ഇത് ജനങ്ങൾക്കിടയിൽ അവരുടെ സ്വീകാര്യത വർധിപ്പിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മേരി പൂനെൻ ലൂക്കോസിനെപ്പോലെ ഒരു വനിതാ ഡോക്ടറെ നിയമിക്കുക എന്നത് അക്കാലത്ത് വളരെ പ്രയാസകരമായ കാര്യമായിരുന്നു. ‘തിരുവിതാംകൂറിലെ ഫെമിനിസം’ എന്ന തലക്കെട്ടുകളോടെ പുറത്ത് വന്ന പത്രങ്ങൾ പുതിയ വിവാദത്തിന് തിരികൊളുത്തി. എങ്കിലും അവൾ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ തലപ്പത്തെത്തി, പക്ഷേ പുരുഷ സഹപ്രവർത്തകരിൽ നിന്ന് തിരിച്ചടി നേരിടേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

തിരുവിതാംകൂർ ഭരണ സംവിധാനത്തിൽ ബ്രാഹ്മണർ, നായർ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവർക്കിടയിൽ സാമുദായിക സ്പർദ്ധയും ഉണ്ടായിരുന്നു, മേരിക്ക് ഈ വെല്ലുവിളികളിൽ ചിലത് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മേരി ഉൾപ്പെടെയുള്ള സുറിയൻ ക്രിസ്ത്യാനികൾക്ക് ഉയർന്ന പദവികൾ നൽകിയതിനാൽ സേതു ലക്ഷ്മി ബായി പലപ്പോഴും ‘ക്രിസ്ത്യൻ അനുകൂലി’യാണെന്ന ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇതിന് ശേഷം മഹാറാണിയുടെ കീഴിലുള്ള തിരുവിതാംകൂർ സർക്കാർ പെൺകുട്ടികൾക്ക് മെഡിസിൻ പഠിക്കാൻ സ്‌കോളർഷിപ്പ് നൽകി, വാസ്തവത്തിൽ 1929 ആയപ്പോഴേക്കും അവർക്ക് ഇത് താൽക്കാലികമായി നിർത്തേണ്ടിവന്നു, കാരണം ഇപ്പോൾ ധാരാളം ലേഡി ഡോക്ടർമാരുണ്ടെങ്കിലും അവർക്ക് സംസ്ഥാനത്ത് മതിയായ തൊഴിലവസരങ്ങൾ ഇല്ലായിരുന്നു. മഹാറാണി സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിന് സമർപ്പിച്ച ശ്രദ്ധയിലും റോക്ക്‌ഫെല്ലർ ഫൗണ്ടേഷൻ പോലുള്ള സംഘടനകളുമായി ചേർന്ന് രൂപീകരിച്ച ചില അന്താരാഷ്ട്ര തലങ്ങളിലും മിഡ്‌വൈഫുകളുടെ പരിശീലനത്തിലും മേരിയുടെ സ്വാധീനം കാണാൻ കഴിയും.
മേരിയുടെ അടുത്ത സൗഹൃദവും മഹാറാണിയിലേക്കുള്ള വ്യക്തിപരമായ പ്രവേശനവും ഈ തീരുമാനങ്ങളിൽ പലതിനെയും സ്വാധീനിച്ചിട്ടുണ്ട്.’
ഇന്ത്യൻ ചരിത്രകാരനും ഗവേഷകനുമായ മനു എസ് പിള്ള പറയുന്നു.

‘1916 ഡിസംബർ 20ന് ലണ്ടനിൽ നിന്ന് കൊണ്ടുവന്ന ഡോ. മേരിയുടെ മെഡിക്കൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ, റോയൽ ഫ്രീ ഹോസ്പിറ്റലിലെ കൺസൾട്ടിംഗ് ഫിസിഷ്യൻ ഡോ. ഹാരിംഗ്റ്റർ സെയ്ൻസ്ബറി, ആക്ടിംഗ് മാസ്റ്റർ ഡോ. ഡബ്ല്യു.ജെ. സ്‌മൈലി തുടങ്ങിയ പ്രമുഖർ എഴുതിയ ശുപാർശ കത്തുകളും ഉൾപ്പെട്ടിരുന്നു.

ഡോ. സൈൻസ്ബറി അവളുടെ ‘അസാധാരണമായ അഭിരുചി’ അവളെ വൈദ്യശാസ്ത്രത്തിൽ ഒരു മുതൽക്കൂട്ടാക്കി മാറ്റുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഡോ. ഇ. ഹേസ്റ്റിംഗ്‌സ് ട്വീഡി അവളുടെ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നു, ഡബ്ലിനിലെ റൊട്ടൂണ്ട ഹോസ്പിറ്റലിൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായിരുന്നു അത്, അവരുടെ ആത്മവിശ്വാസവും വൈദഗ്ധ്യവും അദ്ദേഹത്തിൽ മതിപ്പുളവാക്കി. ഈ അനുഭവങ്ങൾ ഇന്ത്യയിൽ മുന്നോട്ടുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനായി മേരിയെ സജ്ജമാക്കി.’
മേരി പുന്നൻ ലൂക്കോസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച ലീന ചന്ദ്രൻ വ്യക്തമാക്കുന്നു.

ചരിത്രത്താളുകളിൽ എന്നും കുറിച്ചുവക്കപ്പെടേണ്ട പേരാണ് ഡോ. മേരി പുന്നൻ ലൂക്കോസിന്റേത്. കേരളത്തിന്റെ ആരോഗ്യ മേഖലക്ക് അവർ അത്രയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. മെഡിക്കൽ രംഗത്തെ പ്രവർത്തനങ്ങൾക്ക് രാജ്യം 1975ൽ ഡോ. മേരിയെ പത്മശ്രീ നൽകി ആദരിച്ചു. 1976 ഒക്ടോബർ രണ്ടിന്, അവരുടെ 90ാം വയസിൽ അന്തരിച്ചു.

Content summary; unknown life story of Dr. Mary Poonen Lukose.
×