പ്രായം കുറഞ്ഞവർ എന്ന നിലയിൽ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പ്രത്യേകമായി പറയുന്നില്ല എന്ന് നിയമവിഗ്ദർ. എന്നാൽ പ്രായപൂർത്തിയാകാത്ത കൂട്ടികളാണെങ്കിൽ ജുവനൈൽ ജസ്റ്റിസ് കോടതിയിലായിരിക്കും വിചാരണ. കുറ്റകൃത്യത്തിന്റെ കാഠിന്യത്തിന് അനുസരിച്ച്, പ്രായവും മറ്റും പരിഗണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനമെടുക്കും-ക്രിമിനൽ അഭിഭാഷകനായ എം.ആർ ഹരീഷ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസിനെ വിദ്യാർഥികൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് ‘അഴിമുഖ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകം കയ്യബദ്ധത്തിൽ സംഭവിച്ചതായിരുന്നില്ല. കൊലപാതകം ഗൂഡാലോചനയ്ക്ക് ശേഷമായിരുന്നു എന്നതിന് തെളിവുകളും ലഭിച്ചിരുന്നു. കൃത്യമായ ക്രിമിനൽ മനസോടെയാണ് വിദ്യാർഥികൾ പ്രവർത്തിച്ചതെന്ന് തെളിവുകൾ പറയുന്നു. അത്തരത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതും കയ്യബദ്ധമല്ല സംഭവിച്ചിതെന്നും തെളിവുകൾ പുറത്ത് വന്ന സ്ഥിതിക്ക് ഐ.പി.സി അനുസരിച്ചുള്ള പരമാവധി ശിക്ഷ ലഭിക്കാവുന്ന കൊലകുറ്റമാണ്. പക്ഷേ ജുവനൈൽ കോടതിയുടെ പരമാവധി ശിക്ഷയിൽ തൂക്കുകയർ പരിഗണിക്കില്ല-അദ്ദേഹം പറഞ്ഞു.
കൊല്ലണമെന്ന് ഉറപ്പിച്ച ശേഷമാണ് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. അതിനു മുൻപു തന്നെ ഷഹബാസിനെ കൊല്ലുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ തുടങ്ങി. ആളുകൾ കൂട്ടമായി ചേർന്ന് മർദിച്ചാൽ കേസ് നിൽക്കില്ലെന്നും മരിച്ചാൽ പോലും ജയിലിൽ കിടക്കേണ്ടി വരില്ലെന്നുമുൾപ്പെടെയുള്ള നിയമ വശങ്ങളും ചർച്ച ചെയ്തു. എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും. പ്രായപൂർത്തിയാകാത്തതിനാൽ വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇവർ മനസ്സിലാക്കി.
നിയമത്തിന്റെ വശം പരിഗണിക്കുമ്പോൾ ഒരാളെ ബോധപൂർവ്വം കൊല്ലുക, കരുതിക്കൂട്ടിയുള്ളതല്ലാത്തതോ, അബദ്ധത്തിൽ സംഭവിച്ചതോ അല്ലാത്ത എല്ലാ മരണങ്ങളും ഐപിസി 302 പ്രകാരം കൊലപാതക കുറ്റമാണ്. കൊലപാതകം ചെയ്യുന്നത് ജീവപര്യന്തമോ, തൂക്കുകയറോ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മറിച്ച് പ്രകോപനത്തെ തുടർന്നുണ്ടാകുന്ന കൊലപാതകമാണെങ്കിൽ നരഹത്യയിൽപ്പെടുന്ന കുറ്റമാണ് ചുമത്തുക.
നിലവിലെ സാഹചര്യത്തിൽ കുറ്റം ചെയ്തിരിക്കുന്ന കുട്ടികൾ ഗൂഡാലോചന നടത്തിയതിന്റെ സന്ദേശങ്ങൾ കാണാൻ കഴിയുന്നു. ഇത്തരത്തിലുള്ള കേസുകളിൽ മുൻകൂട്ടി കൊല്ലണമെന്ന് തീരുമാനിച്ചതിനാൽ ഐപിസിയിലെ ലഭിക്കാവുന്നതിൽ വച്ച് പരമാവധി ശിക്ഷയാണ് ലഭിക്കുക. കുട്ടികളായതിനാൽ ശിക്ഷയിൽ ഇളവ് കിട്ടുമെന്നതായിരുന്നു ആ വിദ്യാർഥികളും ചർച്ച ചെയ്തിരുന്ന കാര്യം, എന്നാൽ കുട്ടികളായതിനാൽ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വ്യക്തമായി എവിടെയും പരാമർശിക്കുന്നില്ല.
18 വയസിന് താഴെയുള്ളവരെ കുട്ടികളായി പരിഗണിക്കണമെന്ന് നിയമമുണ്ട്. അത് പ്രകാരം കുട്ടികളുടെ വിചാരണയും മറ്റും നടക്കുന്നത് ജുവനൈൽ കോടതിയിലാണ്. ഇത് പ്രകാരം കുട്ടികളാണ് എന്ന പരിഗണന ഇവർക്ക് നൽകാമെന്ന് പറയുന്നുണ്ട്. കുട്ടികളാണെന്നതിനാൽ ശിക്ഷിക്കില്ല എന്ന് പറയാൻ കഴിയില്ല എന്നാൽ കുട്ടികൾ എന്ന പരിഗണന ലഭിക്കും. കുട്ടികൾ കുറ്റകൃത്യം ചെയ്താൽ ശിക്ഷകൾ ഏത് പരിധി വരെ പോകാമെന്നത് വിചാരണ കോടതിയായ ജുവനൈൽ ജസ്റ്റിസ് കോടതിയുടെ പരിഗണനയായിരിക്കും. കുട്ടികളായതിനാൽ തൂക്കുകയർ നൽകില്ല എന്ന് മാത്രം.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികൾക്ക് നൽകാവുന്ന പരമാവധി ശിക്ഷ എന്താണെന്നോ, പരമാവധി ഇളവ് എങ്ങനെയാണെന്നോ പറയുന്നില്ല. എന്നാൽ അതിൽ കുട്ടികൾക്ക ശിക്ഷാ ഇളവ് നൽകാമെന്നും, മാപ്പ് നൽകാമെന്നും പോലുള്ള നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. കുറ്റക്കാരായ കുട്ടികളുടെ പ്രായം, കുറ്റം ചെയ്യാനിടയായ സാഹചര്യം എന്നിവ പരിഗണിക്കുന്നത് മൂന്നംഗ ജുവനൈൽ ജസ്റ്റിസ് ബോർഡാണ്. കുട്ടികളുടെ വിചാരണ നടക്കുന്നതും സാധാരണ വിചാരണ പോലെ തന്നെയാണ്, ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം വിചാരണയിൽ വ്യത്യാസമുണ്ടായിരിക്കില്ല. കുറ്റം ചെയ്ത കുട്ടികളെ 18 വയസ് വരെയാണ് ജുവനൈൽ ഹോമിൽ താമസിപ്പിക്കുക. 18 വയസ് തികഞ്ഞാൽ അവരെ ജയിലിലേക്ക് മാറ്റുന്നതാണ് -അഡ്വ.എം.ആർ ഹരീഷ് പറഞ്ഞു.
content summary; thamarassery shahabas murder; There is no special exemption for juvenile offences, the decision rests with the Juvenile Justice Board